| Sunday, 21st January 2024, 6:51 pm

ഇനി പോകുന്നത് എമ്പുരാനിലേക്ക്; അപ്പോഴും മലൈക്കോട്ടൈ വാലിബനെന്നയാള്‍ ഇവിടെയുണ്ടാകും: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം ലിജോ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.

മലയാള സിനിമാ പ്രേമികള്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇത്. ലിജോ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും വാലിബനുണ്ട്.

ഇപ്പോള്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ വാനപ്രസ്ഥവും സദയവും പോലെ ഒരു സിനിമ ചെയ്തതിന് ശേഷം ലഭിക്കുന്ന ആര്‍ട്ടിസ്റ്റിക് പ്ലഷര്‍ വാലിബനില്‍ നിന്ന് ലഭിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ മോഹന്‍ലാല്‍.

‘ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ നിന്ന് നമുക്കത് എല്ലാ സിനിമകളില്‍ നിന്നും ലഭിക്കും. എന്നാല്‍ അതിന്റെ തോത് കൂടിയും കുറഞ്ഞുമിരിക്കും എന്നുള്ളതാണ് കാര്യം. ഒരു സിനിമ കഴിഞ്ഞാല്‍ പിന്നെ അതിന്റെ കാര്യങ്ങള്‍ നമ്മള്‍ മറന്ന് പോകും. എന്നെ സംബന്ധിച്ച് അങ്ങനെയാണ്.

പിന്നെ ഇപ്പോള്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത് കൊണ്ടാണ് ഈ ഉത്തരം പറയുന്നത്. അല്ലെങ്കില്‍ ഇതിനെ കുറിച്ച് ആലോചിക്കാറില്ല. പണ്ട് ഇങ്ങനെയുള്ള അഭിമുഖങ്ങള്‍ ഒന്നും തന്നെയില്ലല്ലോ.

പുതിയ കാലഘട്ടത്തിലാണല്ലോ ഇതൊക്കെ ഉണ്ടായത്. തീര്‍ച്ചയായും ഒരു സിനിമ കാണുമ്പോള്‍ പ്രത്യേകമായ ഒരു പ്ലഷര്‍ ഉണ്ടാകും.

ആ സിനിമ കാണുമ്പോഴാണ് അത് ഉണ്ടാകുന്നത്. സിനിമ വിജയിക്കുമ്പോഴും സന്തോഷം തോന്നും. എന്നാല്‍ ആ സന്തോഷം എപ്പോഴും ക്യാരി ചെയ്ത് കൊണ്ടുനടക്കാന്‍ പറ്റില്ല. അപ്പോഴേക്കും നമ്മള്‍ അടുത്ത സിനിമയിലേക്ക് പോകും.

ഞാന്‍ ഇപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞാല്‍ പോകുന്നത് എമ്പുരാന്‍ എന്ന സിനിമയിലേക്കാണ്. യു.കെയിലാണ് അതിന്റെ ഷൂട്ട് നടക്കുന്നത്. ഇനി അതിലേക്ക് ശ്രദ്ധിക്കും. അപ്പോഴും മലൈക്കോട്ടൈ വാലിബന്‍ എന്ന ആള്‍ ഇവിടെ ഉണ്ടാകും,’ മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം, ജനുവരി 25ന് തിയേറ്ററുകളില്‍ എത്തുന്ന വാലിബന്‍ ഇതിനോടകം വമ്പന്‍ ഹൈപ്പിലാണ് ഉള്ളത്. ചിത്രം മലയാള സിനിമയുടെ ഏറ്റവും വലിയ ഓവര്‍സീസ് റിലീസിനാണ് ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ 175ല്‍ പരം സ്‌ക്രീനുകളില്‍ ആണ് ഓവര്‍സീസില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

നൂറ്റി മുപ്പതു ദിവസങ്ങളില്‍ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്.റഫീക്കാണ്.


Content Highlight: Mohanlal About Malaikottai Valiban And Empuraan

We use cookies to give you the best possible experience. Learn more