വാലിബനൊരുങ്ങുന്നത് ഇന്ത്യന്‍ സിനിമയില്‍ മുമ്പുണ്ടായിട്ടില്ലാത്ത ഴോണറില്‍; ഇന്ത്യയില്‍ എവിടെയോ നടന്ന കഥ: മോഹന്‍ലാല്‍
Film News
വാലിബനൊരുങ്ങുന്നത് ഇന്ത്യന്‍ സിനിമയില്‍ മുമ്പുണ്ടായിട്ടില്ലാത്ത ഴോണറില്‍; ഇന്ത്യയില്‍ എവിടെയോ നടന്ന കഥ: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th January 2024, 3:51 pm

മലയാള സിനിമാ പ്രേമികള്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഈ ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് മുതല്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.

നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാലിബന്‍. മോഹന്‍ലാലിനെ നായകനാക്കി ലിജോ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്.

ഈ മാസം 25നാണ് വാലിബന്‍ തിയേറ്ററിലെത്തുന്നത്. മലൈക്കോട്ടൈ വാലിബന്‍ തീര്‍ത്തും വ്യത്യസ്തമായൊരു ഴോണര്‍ സിനിമയാണെന്ന് മോഹന്‍ലാല്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.

ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇങ്ങനെയുള്ള ഴോണറില്‍ വരുന്ന സിനിമ ഇന്ത്യന്‍ സിനിമയില്‍ മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് താന്‍ വിശ്വാസിക്കുന്നതെന്ന് പറയുകയാണ് മോഹന്‍ലാല്‍.

‘നേരിന്റെ പ്രൊമോഷന്റെ സമയത്ത് പോലും ഇതുവരെ ചെയ്യാത്ത ഒരുതരം സിനിമയാകും ഇതെന്ന് പറഞ്ഞിരുന്നല്ലോ. ഈ സിനിമയിലേക്ക് ലാലേട്ടനെ എക്‌സൈറ്റ് ചെയ്യിച്ച ഫാക്റ്റര്‍ എന്താണ്? അത് പ്രേക്ഷകരിലേക്ക് എത്തിക്കുമ്പോള്‍ ഉണ്ടാകുന്ന സാറ്റിസ്ഫാക്ഷന്‍ എങ്ങനെയുള്ളതാണ്?’ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഇങ്ങനെയുള്ള ഴോണറില്‍ വരുന്ന സിനിമ ഇന്ത്യന്‍ സിനിമയില്‍ മുമ്പ് ഉണ്ടായിട്ടില്ല എന്നാണ് ഞാന്‍ വിശ്വാസിക്കുന്നത്. കാലവും ദേശങ്ങളും ഒന്നും ഇല്ലാത്ത സിനിമ കൂടെയാണ് ഇത്. അതിന്റെ ക്രാഫ്റ്റ് മാറ്റിനിര്‍ത്തിയാല്‍ വലിയ ഒരു ക്യാന്‍വാസിലാണ് ഈ സിനിമ ചെയ്യുന്നത്.

പക്ഷേ ഒരു സിനിമക്ക് വേണ്ട കഥ പറയുമ്പോള്‍ എന്തൊക്കെ വേണമോ, അതൊക്കെ വാലിബനില്‍ ഉണ്ട്. പ്രണയവും വിരഹവും ദുഖവും സന്തോഷവും പ്രതികാരവും അസൂയയും ഉള്‍പ്പെടെയുള്ള എല്ലാ ഇമോഷന്‍സും ഉണ്ടാകും. അതിനെ എങ്ങനെ പ്ലേസ് ചെയ്യുന്നു എന്നതാണ് കാര്യം.

അത് സാധാരണ കാണുന്നത് പോലെയല്ല. ഇത് കേരളത്തില്‍ നടന്ന കഥയാണോ എന്ന് ചോദിച്ചാല്‍ അല്ല. എവിടെ നടന്നതാണെന്ന് നമുക്ക് പറയാന്‍ കഴിയില്ല. ഇന്ത്യയില്‍ എവിടെയോ നടന്ന ഒരു കഥ. എത്ര പഴക്കം ഉള്ള കഥയാണെന്നും പറയാന്‍ കഴിയില്ല,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal About Malaikottai Valiban