മലൈക്കോട്ടൈ വാലിബന്‍; എന്നെ കൊന്നാലും ഞാന്‍ ആ കാര്യം മാത്രം പറയില്ല; അതിനുള്ള സ്വാതന്ത്ര്യവുമില്ല: മോഹന്‍ലാല്‍
Film News
മലൈക്കോട്ടൈ വാലിബന്‍; എന്നെ കൊന്നാലും ഞാന്‍ ആ കാര്യം മാത്രം പറയില്ല; അതിനുള്ള സ്വാതന്ത്ര്യവുമില്ല: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd January 2024, 8:55 am

മലയാള സിനിമാ പ്രേമികള്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇത്.

ലിജോ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും ലിജോയുടെ പത്താമത്തെ സിനിമയെന്ന പ്രത്യേകതയും വാലിബനുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബീറ്റ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ മലൈക്കോട്ടൈ വാലിബന്‍ ഒരു സീക്വലിന്റെ തുടക്കമാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ മോഹന്‍ലാല്‍.

ചിത്രത്തിന് അങ്ങനെ സീക്വലുണ്ടോയെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും ആ സിനിമ എങ്ങനെയാണെന്നും അതിന്റെ അടുത്ത കാര്യങ്ങള്‍ എങ്ങനെയാണെന്നും പറയാനുള്ള സ്വാതന്ത്ര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒപ്പം ചിരിയോടെ തന്നെ കൊന്നാലും പറയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. പ്രേക്ഷകര്‍ സിനിമ കണ്ട ശേഷമാണ് അതൊക്കെ മനസിലാക്കേണ്ടതെന്നും സിനിമയുടെ വിജയമാണ് ബാക്കി തീരുമാനിക്കുന്നതെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറയുന്നു.

‘മലൈക്കോട്ടൈ വാലിബന് അങ്ങനെ സീക്വല്‍ ഉണ്ടോയെന്ന് എനിക്ക് പറയാന്‍ പറ്റില്ല. നമ്മള്‍ക്ക് ആ സിനിമ എങ്ങനെയാണെന്നും അതിന്റെ അടുത്ത കാര്യങ്ങള്‍ എങ്ങനെയാണെന്നുമൊക്കെ പറയാനുള്ള സ്വാതന്ത്ര്യവുമില്ല, പറയുകയുമില്ല. എന്നെ കൊന്നാലും ഞാന്‍ പറയില്ല. (ചിരി)

കാരണം നിങ്ങള്‍ അതൊക്കെ സിനിമ കണ്ടു മനസിലാക്കേണ്ടതാണ്. മലൈക്കോട്ടൈ വാലിബന് ഇനിയും ചാടാന്‍ കഴിയുമോ? ഇനിയും അങ്ങോട്ടും ഇങ്ങോട്ടും ചാടുമോ എന്നുള്ളത് സിനിമ കണ്ട ശേഷം അറിയേണ്ടതാണ്. കാര്യം ഈ സിനിമയുടെ വിജയമാണല്ലോ ബാക്കി തീരുമാനിക്കുന്നത്,’ മോഹന്‍ലാല്‍ പറഞ്ഞു.

മലൈക്കോട്ടൈ വാലിബനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. മോഹന്‍ലാലിന് പുറമെ സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, സുചിത്ര നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവര്‍ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ജയ്സാല്‍മേര്‍, പൊഖ്റാന്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്സിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍ നിര്‍മിക്കുന്ന ചിത്രം ജനുവരി 25ന് തിയേറ്ററുകളിലെത്തും.


Content Highlight: Mohanlal About Malaikottai Valiban