മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രം ബോക്സ് ഓഫീസിൽ പ്രതീക്ഷ നൽകുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മോഹൻലാൽ. ഒരു സിനിമ ഉണ്ടാക്കുന്നത് അത് ഏറ്റവും നന്നായിട്ട് പോകണം എന്ന് കരുതിയിട്ടാണെന്നാണ് മോഹൻലാൽ പറഞ്ഞു. എന്നാൽ ചിത്രത്തിന് കാലമോ ദേശമോ ഒന്നുമില്ലാത്തതുകൊണ്ട് എല്ലാ ഭാഷയിലും ഹിറ്റാകാൻ സാധ്യതയുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. റെഡ് എഫ്.എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മൾ ഒരു സിനിമ ഉണ്ടാക്കുന്നത് അത് ഏറ്റവും നന്നായിട്ട് പോകണം എന്ന് വിചാരിച്ചിട്ടാണ്. അതിന് എത്ര കോടി രൂപ ഉണ്ടാക്കും, എത്ര ലക്ഷം രൂപ ഉണ്ടാക്കുമെന്ന് നമുക്ക് അറിയില്ലല്ലോ. ദൃശ്യം എന്ന സിനിമ ചെയ്തപ്പോൾ പോലും അറിയില്ലായിരുന്നു ഇത്രയും വലിയ സക്സസ് ആകുമെന്ന്. ലൂസിഫർ ചെയ്തു, അതുപോലെ പുലിമുരുകൻ ചെയ്തു.
ഈ സിനിമകളെല്ലാം ചെയ്തിട്ട്, അത് പ്രേക്ഷകരിലേക്ക് എത്തി. അവർ ടിക്കറ്റ് എടുത്ത് കയറുമ്പോൾ ആണല്ലോ സിനിമ വിജയിക്കുന്നത്. അതിനൊരു പോസിബിലിറ്റി ഉള്ള സിനിമയാണ്. ഒരുപാട് സ്ഥലങ്ങളിൽ റിലീസ് ചെയ്യാൻ പറ്റുന്നതാണ്. പല ഭാഷകളിൽ ഇത് എടുത്തിട്ടുണ്ട്.
കാലമോ ദേശമോ ഒന്നുമില്ലാത്തതുകൊണ്ട് തമിഴിൽ കാണുന്നവർക്ക് തമിഴ് പോലുണ്ടാകും. അവരുടെ കഥയായിട്ട് മാറാം. എല്ലാ ഭാഷയിലും ഹിറ്റാകാൻ സാധ്യതയുള്ള ഒരു എലമെന്റ് ഈ സിനിമക്ക് ഉണ്ട്. അങ്ങനെ നോക്കി കഴിഞ്ഞാൽ വലിയ സക്സസ് ആയിട്ട് മാറാനുള്ള ഒരു ചെറിയ മണം അടിക്കുന്നുണ്ട്,’ മോഹൻലാൽ പറഞ്ഞു.
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ അസ്സോസിയേറ്റ് ഡയറക്ടറാണ് ടിനു പാപ്പച്ചൻ. മോഹൻലാൽ- ലിജോ കൂട്ടുകെട്ടിൽ എത്തുന്ന മലൈക്കോട്ടൈ വാലിബനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
മോഹൻലാലിന് പുറമെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, സുചിത്ര നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജയ്‌സാൽമേർ, പൊഖ്‌റാൻ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്‌സിന്റെ ബാനറിൽ ഷിബു ബേബി ജോൺ നിർമിക്കുന്ന ചിത്രം ജനുവരി 25ന് തിയേറ്ററുകളിലെത്തും.
Content Highlight: Mohanlal about malaikkottain valiban collection