| Tuesday, 26th November 2024, 3:36 pm

ഇന്ത്യയ്ക്ക് പുറത്തുകാണിക്കാൻ കഴിയുന്ന മലയാള സിനിമ, ഒരുപാട് പ്രത്യേകതകളുള്ള ചിത്രം: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. അഭിനയത്തിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ ഇഷ്ട നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിൽ ബറോസ് ആദ്യം മുതലെ ചർച്ചാ വിഷയമാണ്.

ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. വിവിധ ഭാഷകളിൽ റിലീസാവുന്ന ചിത്രം ത്രീ.ഡിയിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക. ഈയിടെ ഇറങ്ങിയ ചിത്രത്തിന്റെ ട്രയ്ലറിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

ഒരുപാട് കാര്യങ്ങൾ ശ്രദ്ധിച്ചാണ് ബറോസ് ഒരുക്കിയിട്ടുള്ളതെന്നും രണ്ടര മണിക്കൂർ പ്രേക്ഷകർ കണ്ണടയിട്ട് സിനിമ കാണുമ്പോൾ അവർക്ക് പ്രയാസം തോന്നരുതെന്നും മോഹൻലാൽ പറയുന്നു. കൂടുതൽ പുറത്തുള്ള അഭിനേതാക്കൾ അഭിനയിച്ച ചിത്രം ഇന്ത്യയ്ക്ക് പുറത്തൊക്കെ കാണിക്കാൻ പറ്റുന്ന ചിത്രമാണെന്നും മോഹൻലാൽ പറഞ്ഞു.

‘ബറോസ് ഉടനെ തിയേറ്ററുകളിലെത്തും. അത് ത്രീ.ഡിയിൽ ഷൂട്ട് ചെയ്ത ഒരു സിനിമയാണ്. ത്രീ.ഡിയിൽ ഒരു സിനിമ ചെയ്യുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മൾ രണ്ടു കണ്ണുകളാണ് ഷൂട്ട് ചെയ്യുന്നതെങ്കിൽ അതിന്റെ അലൈൻമെന്റ് അടക്കമുള്ള ഒരുപാട് കാര്യം ശ്രദ്ധിക്കണം.

രണ്ടര മണിക്കൂർ ആളുകൾ കണ്ണടയിട്ട് സിനിമ കാണുന്ന സമയത്ത് അവർക്ക് ബുദ്ധിമുട്ടാവരുതല്ലോ. ഫ്രെയിമിന്റെ സെറ്റിങ് വരെ ശ്രദ്ധിക്കണം അല്ലെങ്കിൽ ചിലപ്പോൾ കണ്ണ് വേദനിക്കും. ഒബ്ജക്റ്റുകളുടെ ലെങ്ത്ത് കാര്യങ്ങളൊക്കെ പ്രധാനപ്പെട്ടതാണ്. പിന്നെ അതിന്റെ റീ റിക്കോർഡിങ്ങൊക്കെ പുറത്താണ് ചെയ്തിട്ടുള്ളത്.

ഒന്നാമത് അതിൽ കൂടുതൽ അഭിനയിച്ചിട്ടുള്ളത് വിദേശിയരായ അഭിനേതാക്കളാണ്. ഇന്ത്യയ്ക്ക് പുറത്തൊക്കെ പോവാൻ പറ്റിയ ഒരു സിനിമയാണ് ബറോസ്. പോർച്ചുഗീസ് പാട്ടുകളാണ് സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത്. ലോസ് ആഞ്ജലസിലെ വലിയ പ്രശസ്തനായ ഒരു മ്യൂസിക് കമ്പോസറാണ് അതിലെ സോങ്ങുകളെ ചെയ്തിട്ടുള്ളത്. അങ്ങനെ ഒരുപാട് പ്രത്യേകതകളുള്ള ഒരു സിനിമയാണ് ബറോസ്,’മോഹൻലാൽ പറയുന്നു.

അതേസമയം മലയാളത്തിലെ ഏറ്റവും ചില വേറിയ ചിത്രമായ എമ്പുരാനിലും മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിലുമാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും, സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം തുടങ്ങി ഒരുപറ്റം മികച്ച സിനിമകൾ മോഹൻലാലിന്റേതായി പുറത്തുവരാനുണ്ട്.

Content Highlight: Mohanlal About making Of Baroz

We use cookies to give you the best possible experience. Learn more