മലയാളികളുടെ പ്രിയനടൻ മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രഖ്യാപനം മുതൽ ഹൈപ്പിൽ കയറിയ ചിത്രമാണ് ബറോസ്.
ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹൻ ലാൽ പ്രത്യക്ഷപ്പെടുന്നത്. വിവിധ ഭാഷകളിൽ റിലീസാവുന്ന ചിത്രം ത്രീ.ഡിയിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക. ബറോസിനെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.
ഒരുപാട് സിനിമകളിൽ അഭിനയിച്ചത് കൊണ്ട് ഒരു ഷോട്ട് എങ്ങനെ എടുക്കണം, അതെങ്ങനെ വരുമെന്നെല്ലാം തനിക്കൊരു ധാരണയുണ്ടെന്ന് പറയുകയാണ് മോഹൻലാൽ. സാധാരണ സിനിമകൾ പോലെയല്ല ബറോസ് ഷൂട്ട് ചെയ്തതെന്നും ഒരു മലയാള ചിത്രമെന്നതിനുപരി ഇന്ത്യൻ സിനിമയായി പുറത്ത് കാണിക്കാൻ കഴിയുന്ന സിനിമയായി ബറോസ് മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും മോഹൻലാൽ പറഞ്ഞു. ഇന്റർനാഷണൽ ഫീൽ കിട്ടാൻ മ്യൂസിക്കിനായി പുറത്തുള്ളവരെയാണ് ബറോസിൽ ഉൾപ്പെടുത്തിയതെന്നും മോഹൻലാൽ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരുപാട് സിനിമകളിൽ ഞാൻ വർക്ക് ചെയ്തു. അപ്പോൾ ഒരു ഷോട്ട് എങ്ങനെ എടുക്കണം, ഇത് എങ്ങനെ വരുമെന്നതിനെ കുറിച്ചൊക്കെ ഒരു ധാരണയുണ്ടാവും. പക്ഷെ ബറോസിന്റെ പ്രത്യേകതയെന്ന് പറയുന്നത് സാധാരണ സിനിമ ഷൂട്ട് ചെയ്യുന്ന പോലെയല്ല.
അതിന്റെ വി.എഫ്.എക്‌സുകളൊക്കെ പ്രത്യേകത നിറഞ്ഞതാണ്. തായ്ലാന്റിലാണ് അതൊക്കെ ചെയ്തത്. നൂറ് ശതമാനം തീർത്തും വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും ബറോസ്. സാധാരണ ഒരു മലയാള സിനിമ അല്ലെങ്കിൽ ഒരു നടൻ സംവിധാനം ചെയ്യുന്ന മലയാള സിനിമ എന്ന ധാരണയോടെ പോകുന്നവർക്ക് വേറിട്ട ഒരു സിനിമാനുഭവമായിരിക്കും ബറോസ്.
അത് വലിയൊരു വിജയമായി മാറട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതൊരു മലയാള സിനിമയല്ല, ഒരു ഇന്ത്യൻ സിനിമയായി പുറത്തൊക്കെ കാണിക്കാൻ പറ്റുന്ന ഒരു സിനിമയാവാൻ വേണ്ടിയാണ് കാത്തിരിക്കുന്നത്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.
കൂടുതലും ശബ്‌ദത്തിന് വേണ്ടിയാണ്. സൗണ്ട് എന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. അതൊക്കെ വളരെ ശ്രദ്ധിച്ചാണ് ചെയ്തിട്ടുള്ളത്. അതിന്റെ പോസിബിലിറ്റീസ് ആണെങ്കിലും. അതുകൊണ്ടാണ് പുറത്തു നിന്ന് ആളുകളെ കൊണ്ടുവന്നത്. ഇവിടെ ആളുകൾ ഇല്ലാഞ്ഞിട്ടല്ല പക്ഷെ ഒരു ഇന്റർനാഷണൽ ഫീൽ കിട്ടാൻ വേണ്ടിയാണ്. നമ്മൾ ആലോചിക്കാത്ത ഒരു മ്യൂസിക്കായിരിക്കും അത്,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal About Making Of Baros Movie