എനിക്ക് വേണ്ടി എഴുതിയ കഥയല്ല വാലിബന്‍; അദ്ദേഹം ഈ കഥയിലേക്ക് എന്നെ കൊണ്ടുവരികയായിരുന്നു: മോഹന്‍ലാല്‍
Film News
എനിക്ക് വേണ്ടി എഴുതിയ കഥയല്ല വാലിബന്‍; അദ്ദേഹം ഈ കഥയിലേക്ക് എന്നെ കൊണ്ടുവരികയായിരുന്നു: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th January 2024, 4:44 pm

നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.

മലയാള സിനിമാ പ്രേമികള്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇത്. ലിജോ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും വാലിബനുണ്ട്.

ഈ മാസം 25നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. മലൈക്കോട്ടൈ വാലിബന്‍ തീര്‍ത്തും വ്യത്യസ്തമായൊരു ഴോണര്‍ സിനിമയാണെന്ന് മോഹന്‍ലാല്‍ തന്റെ നേര് സിനിമയുടെ പ്രൊമോഷന്റെ സമയത്ത് തന്നെ പറഞ്ഞിരുന്നു.

ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. സിനിമയെ ബഹുമാനിക്കുന്ന ഒരാളാണ് ലിജോയെന്നും സിനിമയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന അദ്ദേഹത്തിന് തന്റേതായ ഒരു സ്ഥാനമുണ്ടെന്നും താരം പറയുന്നു.

ഒപ്പം ഒരു സിനിമയെ വലിയ സിനിമയാക്കി മാറ്റുന്ന കുറേ കാര്യങ്ങളുണ്ടെന്നും ക്യാമറ, മ്യൂസിക്, കോസ്റ്റ്യൂം, കാസ്റ്റിങ് എല്ലാം ശ്രദ്ധിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആ കാസ്റ്റിങിലാണ് താന്‍ വന്ന് പെട്ടതെന്നും അല്ലാതെ തനിക്ക് വേണ്ടി എഴുതിയ കഥയല്ല വാലിബനെന്നും ഈ കഥയിലേക്ക് തന്നെ അദ്ദേഹം കൊണ്ടുവരികയായിരുന്നു എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

‘പ്രതിഭയും പ്രതിഭാസവും എന്നതൊക്കെ വിട്ടിട്ട് ഞാനും അദ്ദേഹവും (ലിജോ) ചേര്‍ന്ന് ചെയ്യുന്ന ഒരു സിനിമയായിട്ടാണ് വാലിബനെ ഞാന്‍ കാണുന്നത്. അത് നന്നായോ ഇല്ലയോ എന്നത് പിന്നെയുള്ള കാര്യമാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫാദറിന്റെ കൂടെ ഒരുപാട് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്.

സിനിമയെ ബഹുമാനിക്കുന്ന ഒരാളാണ് ലിജോ. സിനിമയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ആളാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ഒരു സ്ഥാനമുണ്ട്. അങ്ങനെയുള്ള ഒരാളുടെ കഥയിലേക്ക് പോകുന്ന സമയത്ത്, ആ കഥക്കും ഒരുപാട് പ്രത്യേകതകളുണ്ട്. ഏതോ സ്ഥലത്ത് നടന്ന ഒരു അമര്‍ചിത്ര കഥയാണ് വാലിബന്‍.

അത് എങ്ങനെ വേണമെന്ന് നമ്മള്‍ ആലോചിച്ചപ്പോള്‍ അതിന്റേതായ വേഷങ്ങളും ലൊക്കേഷനുകളും എല്ലാമുണ്ടായിരുന്നു. അങ്ങനെ ഉണ്ടാകുമ്പോള്‍ ആണല്ലോ ആ കഥാപാത്രമാകാന്‍ സാധിക്കുന്നത്. അങ്ങനെ മാറിയപ്പോള്‍ ഉണ്ടാകുന്ന ചില സംശയങ്ങള്‍ എനിക്ക് ഉണ്ടായിരുന്നു. അതൊക്കെ അദ്ദേഹം പരിഹരിച്ചു തന്നു.

ഒരു സിനിമയെ വലിയ സിനിമയാക്കി മാറ്റുന്ന കുറേ കാര്യങ്ങളുണ്ട്. അതിലേക്ക് ഒക്കെയും ശ്രദ്ധയൂന്നിയിട്ടുണ്ട്. ക്യാമറ, മ്യൂസിക്, കോസ്റ്റ്യൂം, കാസ്റ്റിങ് എല്ലാം ശ്രദ്ധിച്ചിട്ടുണ്ട്. ആ കാസ്റ്റിങിലാണ് ഞാന്‍ വന്ന് പെട്ടത്. അല്ലാതെ എനിക്ക് വേണ്ടി എഴുതിയ കഥയല്ല വാലിബന്‍. ഈ കഥയിലേക്ക് എന്നെ അദ്ദേഹം കൊണ്ടുവരികയായിരുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal About Lijo Jose Pellissery And Malaikottai Valiban