മലയാള സിനിമക്ക് വേറിട്ടൊരു രൂപം നല്‍കാന്‍ ശ്രമിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അന്താരാഷ്ട്ര തലത്തില്‍ വരെ ലിജോയുടെ സിനിമകള്‍ ചര്‍ച്ചയായിട്ടുണ്ട്.
അദ്ദേഹത്തിന്റെ സിനിമകള്‍ നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ തിളങ്ങിയിട്ടും ഉണ്ട്. കുറഞ്ഞ സിനിമകളിലൂടെത്തന്നെ ലിജോ ജോസ് പെല്ലിശ്ശേരി സിനിമ എന്ന ബ്രാന്‍ഡ് ആയി മാറാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
കണ്ടു മടുത്ത ശൈലിയില്‍ നിന്നും മാറിയുള്ള ചിത്രങ്ങളാണ് ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യാറുള്ളത്. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍. വലിയ ഹൈപ്പില്‍ എത്തിയ ചിത്രം എന്നാല്‍ വലിയരീതിയിലുള്ള പ്രേക്ഷക പ്രീതി നേടിയില്ല.
ലിജോയെ പണ്ടുമുതൽ തനിക്കറിയാമെന്നും വലിബന് മുമ്പ് മൂന്ന് കഥകൾ അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോഹൻലാൽ പറയുന്നു. കഥ പറയുന്നതിനേക്കാൾ, കഥ എടുത്ത് കാണിക്കുന്ന ഒരാളാണ് ലിജോയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
‘ലിജോ ജോസ് പെല്ലിശ്ശേരിയെ പണ്ട് മുതൽ തന്നെ എനിക്കറിയാം. സിനിമയിലേക്ക് വരുന്നതിന് മുമ്പേ അറിയാം. സിനിമയിൽ വന്നതിന് ശേഷവും അറിയാം. ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുണ്ട്. സിനിമയിൽ എത്തുന്നതിന് മുമ്പ് അദ്ദേഹം ഒരു അഡ്വവർടൈസിങ് ഏജൻസിയിലാണ് വർക്ക് ചെയ്തിരുന്നത്.
ആ സമയം തൊട്ട് എനിക്കറിയാം. പിന്നെ സിനിമയിൽ വന്നു. അദ്ദേഹം രണ്ട് മൂന്ന് കഥകൾ സിനിമയാക്കാനായി എന്നോട് പറഞ്ഞിട്ടുണ്ട്. അതൊന്നും അന്ന് നടന്നില്ല. അതിന് ശേഷം ഷിബു ബേബി ജോണാണ് നമുക്ക് ഇങ്ങനെയൊരു സിനിമ ചെയ്താലോ എന്ന് ചോദിക്കുന്നത്. ഞാൻ പറഞ്ഞു, തീർച്ചയായും ചെയ്യാമെന്ന്.
അങ്ങനെയാണ് വാലിബനിലേക്ക് എത്തുന്നത്. ഒരുപാട് കഥകൾ പറഞ്ഞിട്ടുണ്ടാവാം എന്നോട്. അതൊന്നും ആ സമയത്ത് പെട്ടെന്ന് ഉൾകൊള്ളാൻ പറ്റില്ല. അദ്ദേഹം നല്ലൊരു കഥ പറച്ചിലിന്റെ ആളല്ല. കഥ പറയുന്നതിനേക്കാൾ, കഥ എടുത്ത് കാണിക്കുന്ന ഒരാളാണ് ലിജോ,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal About Lijo Jose Pellisherry