മരക്കാറിലെ ആ ചിഹ്നം ഗണപതിയല്ല ആനയാണ്: മോഹൻലാൽ
Entertainment
മരക്കാറിലെ ആ ചിഹ്നം ഗണപതിയല്ല ആനയാണ്: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th October 2024, 10:08 am

സാമൂതിരിയുടെ കപ്പല്‍ പടത്തലവന്‍ കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ മലയാളത്തിലെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു മരക്കാർ അറബിക്കടലിന്റെ സിംഹം.

മലയാളത്തിലെ ഹിറ്റ്‌ കൂട്ടുകെട്ടായ പ്രിയദർശൻ,മോഹൻലാൽ കോമ്പോയ്ക്കൊപ്പം അന്യഭാഷകളിലെയടക്കം വലിയ താരങ്ങൾ അണിനിരന്ന ചിത്രമായിരുന്നു മരക്കാർ. റിലീസിന് മുമ്പ് തന്നെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് കൂടെ നേടിയപ്പോൾ വമ്പൻ പ്രതീഷയായിരുന്നു ചിത്രത്തിന് മേൽ പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്.

എന്നാൽ ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയപ്പെടുക മാത്രമല്ല യാഥാർഥ്യത്തോട് നീതി പുലർത്തിയില്ലായെന്ന വിമർശനവും ഉയർന്ന് വന്നു. ചിത്രത്തിലെ താരങ്ങളുടെ കോസ്റ്റ്യൂമും വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിൽ തലപ്പാവിലുള്ള ചിഹ്നത്തെ കുറിച്ചും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇതിനെതിരെ കുഞ്ഞാലി മരക്കാറുടെ താവഴിയിൽ പെട്ട മുഫീദ അരാഫത്ത് അന്ന് രാഗത്തെത്തിയിരുന്നു.

തലപ്പാവിൽ ആ ചിഹ്നം വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. ആ ചിഹ്നം ഗണപതിയല്ലെന്നും അതൊരു ആനയാണെന്നും മോഹൻലാൽ പറയുന്നു. ആർട്ട്‌ ഡയറക്ടർ സാബു സിറിളിന്റെ ചിന്തയാണ് അതെന്നും സമൂതിരിയുടെ കൊടിയടയാളത്തെ കുറിച്ച് ആർക്കും അറിയില്ലായിരുന്നുവെന്നും മോഹൻലാൽ പറയുന്നു.

സമൂതിരിയുടെ കൊട്ടാരങ്ങളിൽ നിറയെ ആന രൂപങ്ങളുണ്ടെന്നും ആ ചിന്തയിൽ നിന്നാണ് അതിലേക്ക് എത്തിയതെന്നും മോഹൻലാൽ പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുഞ്ഞാലിമരയ്ക്കാരുടെ തലപ്പാവിൽ കാണുന്ന ചിഹ്നം ഗണപതിയുടേതല്ല, ആനയാണത്. സാബു സിറിലിൻ്റെ ചിന്തയിലാണ് അത്തരത്തിലൊരു രൂപം പിറന്നത്. സാമൂതിരിയുടെ കൊടിയടയാളം എന്താണെന്ന് ആർക്കും അറിയില്ല.

ഒരുപാട് അന്വേഷിച്ചെങ്കിലും എവിടെ നിന്നും യഥാർഥവിവരം ലഭിച്ചില്ല. രാജാവിന് ഒരു കൊടിയടയാളം ഉണ്ടാകുമല്ലോ. അതെന്താണെന്ന ചിന്തയുമായി മുന്നോട്ടുപോയപ്പോഴാണ് ആനയും ശംഖും ചേർന്ന കേരള സർക്കാർ മുദ്ര ശ്രദ്ധയിൽപ്പെട്ടത്.

അത്തരമൊരു അടയാളം എങ്ങനെ വന്നിരിക്കുമെന്ന ആലോചനയിൽ, ആന വടക്കുഭാഗത്തെയും ശംഖ് തെക്കുഭാഗത്തെയും പ്രതിനിധാനം ചെയ്തെത്തിയതായേക്കാമെന്ന ധാരണ ശക്തമായി.

സാമൂതിരിയുടെ കൊട്ടാരങ്ങളിലെല്ലാം നിറയെ കാണുന്ന ആനതന്നെയാകാം അദ്ദേഹത്തിന്റെ രാജചിഹ്നമെന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചു. പടത്തലവൻ കുഞ്ഞാലിമരക്കാർക്ക് സാമൂതിരി സമ്മാനിച്ച രാജമുദ്ര ആനയുടേതാകാം എന്ന തീരുമാനത്തിലെത്തി,’മോഹൻലാൽ പറയുന്നു.

 

Content Highlight: Mohanlal About Kunjali Marakkar Movie