| Wednesday, 26th October 2022, 3:35 pm

അന്നെനിക്ക് കമല്‍ഹാസന്‍ ഒരു റഷ്യന്‍ വാച്ച് വാഗ്ദാനം ചെയ്തു, പക്ഷേ ഇതുവരെ തന്നിട്ടില്ല, കാണുമ്പോഴെല്ലാം ഞാന്‍ ചോദിക്കും' സര്‍ നമ്മുടെ വാച്ച്; ഇതായിരിക്കും മറുപടി: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ കമല്‍ഹാസനെ കുറിച്ചും അദ്ദേഹവുമൊന്നിച്ച് അഭിനയിച്ച ചിത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ദൃശ്യം സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ ജോര്‍ജുകുട്ടിയെന്ന തന്റെ കഥാപാത്രത്തെ ചെയ്യാന്‍ അദ്ദേഹം തയ്യാറായെന്നും താന്‍ ചെയ്ത ഒരു വേഷം കമല്‍ഹാസന്‍ ചെയ്യുന്നത് തന്നെ സംബന്ധിച്ച് വലിയ അഭിമാനമായിരുന്നെന്നും മോഹന്‍ലാല്‍ പറയുന്നു.

ഒപ്പം കമല്‍ഹാസനൊപ്പം അഭിനയിച്ച തന്റെ ഏക ചിത്രമായ ഉന്നെപ്പോലൊരുവനെ കുറിച്ചും ആ സിനിമയ്ക്ക് ശേഷം കമല്‍ഹാസന്‍ തനിക്ക് വാഗ്ദാനം ചെയ്ത ഒരു സമ്മാനത്തെ കുറിച്ചുമൊക്കെ മോഹന്‍ലാല്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ എഴുതിയ കുറിപ്പില്‍ പങ്കുവെക്കുന്നുണ്ട്.

‘ കമല്‍ഹാസനുമൊത്ത് അഭിനയിച്ച ഏക സിനിമയാണ് ഉന്നൈ പോല്‍ ഒരുവന്‍. ഒറ്റ സീനില്‍ മാത്രമൊതുങ്ങിയ കോമ്പിനേഷന്‍. സിനിമ മുഴുവന്‍ ഞങ്ങളുടെ ഫോണ്‍ സംഭാഷണങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഒടുവില്‍ രണ്ട് ദിക്കുകളിലേക്ക് നടന്നുപോകുമ്പോള്‍ മാത്രം ഞങ്ങളുടെ കഥാപാത്രങ്ങള്‍ കണ്ടുമുട്ടുന്നു. പരസ്പരം അറിയുമായിരുന്നിട്ടും ഒന്നും മിണ്ടാതെ നടന്നുപോകുന്നു.

ലോകത്തിലെ മികച്ച സാങ്കേതിക വിദഗ്ധര്‍ക്കൊപ്പവും ഇന്ത്യയിലെ മികച്ച നടന്മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള കമല്‍ഹാസന്‍ ഉന്നൈപ്പോല്‍ ഒരുവനില്‍ ഒപ്പം അഭിനയിക്കാന്‍ എന്നെ വിളിച്ചത് വലിയൊരു കാര്യമായാണ് ഞാന്‍ കണ്ടത്. ചിത്രത്തിന്റെ ഡബ്ബിങ് നടക്കുമ്പോഴെല്ലാം ഞങ്ങള്‍ ഒരുമിച്ചായിരുന്നു.

ആ സമയത്ത് കമല്‍ഹാസന്‍ എനിക്കൊരു സമ്മാനം വാഗ്ദാനം ചെയ്തു. ഒരു റഷ്യന്‍ വാച്ച്. പക്ഷേ ഇന്നുവരെ അതെനിക്ക് തന്നില്ല. കാണുമ്പോഴെല്ലാം പറയും, സോറി ലാല്‍ അടുത്ത തവണ തീര്‍ച്ചയായും.. അങ്ങനെ എത്രയോ നാള്‍ കടന്നുപോയി. പിന്നീട് ഞാന്‍ തമാശയ്ക്കായി അദ്ദേഹത്തോട് ചോദിക്കും, സര്‍, നമ്മുടെ വാച്ച്? നിഷ്‌കളങ്കമായ ചിരിയോടെ അദ്ദേഹം അപ്പോള്‍ പറയും അടുത്ത തവണ…

ദൃശ്യം സിനിമ കമല്‍ഹാസന് ഒരുപാട് ഇഷ്ടമായിരുന്നു. ലാല്‍ നന്നായിട്ടുണ്ട്. മറക്കാനാവാത്ത ഒരനുഭവമാണ് ദൃശ്യം എന്നാണ് സിനിമ കണ്ടശേഷം എന്നോട് പറഞ്ഞത്. റീമേക്കിലൊന്നും അഭിനയിക്കാന്‍ പൊതുവെ താത്പര്യം കാണിക്കാറില്ലെങ്കിലും സുരേജ് ബാലാജി ദൃശ്യം തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ആലോചിച്ചപ്പോള്‍ അതിലെ ജോര്‍ജുകുട്ടിയെ അവതരിപ്പിക്കാനായി അദ്ദേഹം മുന്നോട്ടുവന്നു. മലയാളത്തില്‍ ഞാന്‍ ചെയ്ത വേഷം തമിഴില്‍ കമല്‍ഹാസന്‍ ചെയ്തത് എനിക്ക് വലിയ അഭിമാനമായിരുന്നു, മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal about Kamal Hassan and share a memorable story

We use cookies to give you the best possible experience. Learn more