| Friday, 4th August 2023, 7:28 pm

ജയിലറിലെ എന്റെ കഥാപാത്രം വളരെ ഇന്‍ട്രസ്റ്റിങാണ്: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയിലറിലെ തന്റെ കഥാപാത്രം വളരെ ഇന്‍ട്രസ്റ്റിങാണെന്ന് മോഹന്‍ലാല്‍. ചിത്രത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും താന്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

‘ജയിലറിനെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. അത് വളരെ ഇന്‍ട്രസ്റ്റിങായിട്ടുള്ളൊരു സിനിമയാണ്. എന്റെ കഥാപാത്രവും വളരെ ഇന്‍ട്രസ്റ്റിങാണ്. സിനിമയെ പറ്റിയോ എന്റെ കഥാപാത്രത്തെ പറ്റിയോ കൂടുതല്‍ പറഞ്ഞാല്‍ അതിന്റെ രസം പോകും, അതൊരു സസ്പെന്‍സ് ആയിട്ട് ഇരിക്കട്ടെ,’ മോഹന്‍ലാല്‍ പറയുന്നു.

അതേസമയം ലിജോ ജോസ് പെല്ലിശ്ശേരിയുമായി ഒന്നിക്കുന്ന
മലൈക്കോട്ടൈ വാലിബനെക്കുറിച്ചും മോഹന്‍ലാല്‍ പറയുന്നുണ്ട്.

മലയാള സിനിമയില്‍ ആദ്യമായി കാണുന്ന തരത്തിലുള്ള പ്രകടനങ്ങളായിരിക്കും മലൈക്കോട്ടൈ വാലിബനില്‍ കാണാന്‍ പോവുന്നതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. കാലമോ ദേശമോ ഇല്ലാത്ത കഥയാണ് വാലിബന്റേതെന്നും സ്പിരിച്വലായും ഫിലോസഫിക്കലായും ചിത്രം കാണാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘മലൈക്കോട്ടൈ വാലിബനില്‍ വലിയ പ്രതീക്ഷയാണുള്ളത്. വളരെ വ്യത്യസ്തമായ സിനിമയാണ് അത്. ഒരു വെസ്റ്റേണ്‍ ഫിലിം എന്ന രീതിയിലാണ് അതിനെ ട്രീറ്റ് ചെയ്തിരിക്കുന്നത്. കാലമോ ദേശമോ ഇല്ലാത്ത കഥയാണ്. അതിലെ മ്യൂസിക്കും കളര്‍ പാറ്റേണുകളും ആക്ഷനും ഒരുപക്ഷേ മലയാള സിനിമയില്‍ ആദ്യമായിട്ട് കാണുന്ന തരത്തിലുള്ള പ്രകടനങ്ങളായിരിക്കും. അതിന് വേണ്ടിയാണ് എല്ലാവരും ശ്രമിക്കുന്നത്.

വലിയൊരു ക്യാന്‍വാസിലാണ് ആ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലിജോ അതിനെ വളരെ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇനി പ്രേക്ഷകര്‍ പറയട്ടെ.

താന്‍ ആദ്യമായി സംവിധായകനാവുന്ന ബറോസ് ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാമെന്നാണ് പ്രതീക്ഷയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘ബറോസിന്റെ റീ റെക്കോഡിങ് നടക്കുകയാണ്. ലോസ് ആഞ്ചലസിലെ പോര്‍ഷന്‍സ് കഴിഞ്ഞു. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിലായി ബുഡാപെസ്റ്റ് എന്ന സ്ഥലത്താണ് അത് നടക്കുന്നത്. അത് കഴിഞ്ഞാല്‍ ഫൈനല്‍ മിക്സിലേക്ക് പോകും. അതിന്റെ സ്പെഷ്യല്‍ എഫക്ടുകള്‍ നടക്കുന്നുണ്ട്.

കുറച്ച് ഇന്ത്യയിലും കുറച്ച് തായ്ലാന്‍ഡിലുമായാണ് നടക്കുന്നത്. അതിന്റെ ബാക്കി വര്‍ക്കുകളൊക്കെ കഴിഞ്ഞു. ഡിസംബറില്‍ ബറോസ് പ്രതീക്ഷിക്കാമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ ഓഗസ്റ്റ് പത്തിനാണ് റിലീസ് ചെയ്യുന്നത്. രജിനികാന്ത് നായകനാവുന്ന ചിത്രത്തില്‍ വിനായകന്‍, തമന്ന, ശിവ രാജ്കുമാര്‍, രമ്യ കൃഷ്ണ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Mohanlal About Jailer movie

Latest Stories

We use cookies to give you the best possible experience. Learn more