നാലരപ്പതിറ്റാണ്ടായി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. വില്ലനായി അരങ്ങേറിയ മോഹന്‍ലാല്‍ പിന്നീട് മലയാളസിനിമയുടെ താരസിംഹാസനം അലങ്കരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല.
പല ഭാഷകളിലും മികച്ച അഭിനേതാക്കളോടൊപ്പം അഭിനയിച്ചിട്ടുള്ള അദ്ദേഹം തമിഴിൽ രജിനിയോടൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ്. കഴിഞ്ഞ വർഷം ഇറങ്ങി വലിയ വിജയമായി മാറിയ ജയിലർ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചിരുന്നു.
സംവിധായകൻ നെൽസൺ വിളിച്ചിട്ടാണ് ആ സിനിമയിൽ അഭിനയിക്കാൻ പോകുന്നതെന്നും താൻ ചെയ്യാമെന്ന് പറഞ്ഞപ്പോൾ രജിനികാന്ത് വളരെ ഹാപ്പിയായെന്നും മോഹൻലാൽ പറയുന്നു. മികച്ച അഭിനേതാക്കളോടൊപ്പം സിനിമകൾ ചെയ്യാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അതൊരു ഭാഗ്യമാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
‘അത് തീർച്ചയായും രജിനി സാറിന്റെ സിനിമയാണ്. നെൽസൺ വിളിച്ചിട്ടാണ് ആ കഥാപാത്രത്തെ കുറിച്ച് പറയുന്നത്. എന്തായാലും ആ വേഷം ചെയ്യാമെന്ന് ഞാൻ പറഞ്ഞു. എന്നെ സംബന്ധിച്ച് അതൊരു ബ്രില്യന്റ് റോളാണ്. ജയിലർ രസമുള്ള ഒരു സിനിമയാണ്. ഞാൻ ചെയ്യാമെന്ന് പറഞ്ഞപ്പോൾ രജിനി സാറും വളരെ ഹാപ്പിയായി.
എനിക്ക് രണ്ടുമൂന്നു ദിവസം മാത്രമേ ഷൂട്ട് ഉണ്ടായിരുന്നുളളൂ. പക്ഷെ എന്നോട് ഒരു ദിവസം കൂടെ നിൽക്കാമോയെന്ന് അവർ ചോദിച്ചു. ഞാൻ തീർച്ചയായും നിൽക്കാമെന്ന് പറഞ്ഞു. എനിക്കൊരുപാട് മികച്ച അഭിനേതാക്കളോടൊപ്പം സിനിമകൾ ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്.
ശിവാജി സാർ, അമിതാഭ് ബച്ചൻ സാർ, പ്രേം നസീർ സാർ, കമൽ ഹാസൻ സാർ ഇപ്പോഴിതാ രജിനി സാറിനൊപ്പവും സിനിമ ചെയ്യാൻ കഴിഞ്ഞു. തീർച്ചയായും അതൊരു അനുഗ്രഹമാണ്,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal About Jailar Movie and Rajinikanth