നാലുപതിറ്റാണ്ടായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ വില്ലൻ കഥാപാത്രമായി കരിയർ തുടങ്ങിയ അദ്ദേഹം ഇന്ന് ഏറെ ആരാധകരുള്ള ഒരു നായകനാണ്. മലയാളത്തിലും വിവിധ ഭാഷകളിലും മികച്ച അഭിനേതാക്കളോടൊപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ മോഹൻലാലിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്.
മികച്ച റൊമാന്റിക് സിനിമകളുടെ ഭാഗമായിട്ടുള്ള നടനാണ് മോഹൻലാൽ. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, തൂവാനത്തുമ്പികൾ തുടങ്ങിയ മികച്ച സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. ഏത് നായികമാരായും അസാധ്യ കെമിസ്ട്രി വർക്കാവുന്ന അദ്ദേഹം ഏറ്റവും നന്നായി പ്രണയരംഗങ്ങൾ അഭിനയിക്കാൻ കഴിയുന്ന നായികയാരാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ്.
സിനിമയിൽ ആരെ പ്രണയിക്കുന്നു എന്നതിലല്ല പ്രണയരംഗങ്ങളാണ് തനിക്ക് ഇഷ്ടമെന്നും കൂടെയുള്ള ആളുടെ റിയാക്ഷൻ വളരെ പ്രധാനപ്പെട്ടതാണെന്നും മോഹൻലാൽ പറയുന്നു. ഉർവശി, ശോഭന, കാർത്തിക എന്നിവരോടൊപ്പമെല്ലാം നല്ല നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. വനിതാ മാഗസിനോട് സംസാരിക്കുകയിരുന്നു അദ്ദേഹം.
‘സിനിമയിൽ ആരെ പ്രണയിക്കുന്നു എന്നല്ല. ആ പ്രണയരംഗങ്ങളാണ് എനിക്കിഷ്ടം. ആരാണ് എന്നുള്ളതിനെക്കാൾ പ്രണയരംഗത്തിനാണ് പ്രാധാന്യം. അത്തരം രംഗങ്ങളിൽ എതിർവശത്ത് നിൽക്കുന്ന ആളുടെ റിയാക്ഷനുകൾക്കും വലിയ പ്രാധാന്യമുണ്ട്.
ഉർവശിയായാലും കാർത്തികയായാലും ശോഭനയായാലുമൊക്കെ നല്ല മൊമൻ്റുകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ പിന്നെ അത്തരം രംഗങ്ങൾ കുറവല്ലേ. നമുക്കിനി വേറൊരു തരത്തിലുള്ള പ്രണയമല്ലേ കാണിക്കാൻ പറ്റുകയുള്ളൂ,’മോഹൻലാൽ പറയുന്നു.
അതേസമയം ഈ മാസം റിലീസ് തീരുമാനിച്ചിരുന്ന മോഹൻലാൽ – തരുൺ മൂർത്തി ചിത്രം തുടരും റിലീസ് മാറ്റിവെച്ചതായാണ് ഏറ്റവും പുതിയ വിവരം. മാർച്ച് 27 ന് ബിഗ് ബഡ്‌ജറ്റ് ചിത്രം എമ്പുരാൻ റിലീസാവും. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസർ നാളെ പുറത്തിറങ്ങും. സത്യൻ അന്തിക്കാടുമായി വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ഹൃദയ പൂർവം എന്ന സിനിമയും ഈ വർഷത്തെ മറ്റൊരു മോഹൻലാൽ റിലീസാണ്.
Content Highlight: Mohanlal About His Romantic Movies