നാല് പതിറ്റാണ്ടിലധികമായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. ഇത്രയും കാലത്തെ കരിയറില്‍ മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല.
തന്നിലെ നടനെയും താരത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ചുരുക്കം നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമ ഈയിടെ തിയേറ്ററിൽ എത്തിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് സിനിമ നേടുന്നത്.
സിനിമയിൽ നിന്ന് ഔട്ടാകും എന്ന അവസ്ഥയെ പേടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മോഹൻലാൽ. എന്നാൽ അങ്ങനെയൊരു അവസ്ഥയെക്കുറിച്ച് താൻ ചിന്തിച്ചിട്ടില്ലെന്നും ഇത് അഹങ്കാരം കൊണ്ട് പറയുകയല്ലെന്നും മോഹൻലാൽ പറയുന്നു. ഒരുപാട് സിനിമകൾ ചെയ്യാമെന്ന് പ്രതിജ്ഞയെടുത്തിട്ടില്ലെന്നും കണക്കുകൂട്ടി ജീവിക്കുന്നവർക്കേ അത്തരം പേടിയുണ്ടാവൂവെന്നും മോഹൻലാൽ പറഞ്ഞു.
‘അങ്ങനെയൊരു അവസ്ഥയെക്കുറിച്ച് ഞാൻ കൺസേൺഡ് അല്ല. ഇത് അഹങ്കാരംകൊണ്ട് പറയുന്നതല്ല. കാരണം, ഞാൻ ഇത്രകാലം മലയാളസിനിമയിൽ നിന്നോളാം എന്ന് ആർക്കും വാക്കുകൊടുത്തിട്ടില്ല. ഒരുപാട് സിനിമകൾ ചെയ്യാമെന്ന് പ്രതിജ്ഞയെടുത്തിട്ടുമില്ല. ഞാൻ സിനിമയിൽ വന്ന രീതികൊണ്ടായിരിക്കാം ഇങ്ങനെയൊരു മാനസികാവസ്ഥ എനിക്കുണ്ടായത്.
എപ്പോഴും എന്നെ സിനിമയോട് ചേർത്തുനിർത്തുന്ന ഒരു ശക്തിയുണ്ട്. അത് എന്നെ കാത്തോളും. ഇങ്ങനെ ചെയ്തതാൽ ഇങ്ങനെയാവും എന്ന് കണക്കുകൂട്ടി ജീവിക്കുന്നവർക്കേ ഇത്തരം പേടിയുണ്ടാവൂ. ആശങ്കപ്പെട്ടിട്ട് എന്തുകാര്യം, ഈ പ്രപഞ്ചത്തിൽ എല്ലാത്തിനും കൃത്യമായ സമയമില്ലേ? അതുകഴിഞ്ഞാൽ വിസിലടിക്കും. അപ്പോൾ നിങ്ങൾ കളമൊഴിഞ്ഞേ പറ്റൂ, അത് ജീവിതത്തിലായാലും അങ്ങനെയല്ലേ. പിന്നെ നൂറ് വയസായാലും ആരോഗ്യമുണ്ടെങ്കിൽ സിനിമയിൽ അഭിനയിക്കാം,’മോഹൻലാൽ പറയുന്നു
തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രമാണ് അടുത്തതായി റിലീസാവാനുള്ള മോഹൻലാൽ ചിത്രം. മലയാളത്തിൽ ഏറ്റവും ചെലവേറിയ ചിത്രമായ എമ്പുരാനാണ് മറ്റൊരു മോഹൻലാൽ സിനിമ. മഹേഷ് നാരയണൻ ചിത്രം, സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ഹൃദയപൂർവം തുടങ്ങിയ സിനിമകളും 2025 ൽ പ്രേക്ഷർക്ക് മുന്നിലെത്തും.
Content Highlight: Mohanlal About His Film Career