മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ആദ്യമായി ഇറങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രം എത്ര രൂപ കളക്ട് ചെയ്യും എന്നതിനേക്കാളുപരി സിനിമ എത്ര പേർ കണ്ടു എന്നതാണ് സന്തോഷമെന്ന് മോഹൻലാൽ പറഞ്ഞു. സിനിമയെപ്പറ്റി ഇഷ്ടമുള്ളവർക്ക് ഒരുപാട് പഠിക്കാവുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബനെന്നും മോഹൻലാൽ പറയുന്നുണ്ട്.
തന്റെ എത്രയോ സിനിമകൾ പരാജയപ്പെട്ടിട്ടുണ്ടെന്നും ഒരു വർഷം36 സിനിമകൾ റിലീസ് ചെയ്തിട്ടുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. പണ്ട് സിനിമകൾ എത്ര കളക്ട് ചെയ്തു എന്നൊന്നും ആരും നോക്കില്ലെന്നും ആളുകൾ സിനിമ കാണുന്നു അടുത്ത സിനിമയിലേക്ക് പോകുന്നു എന്നല്ലാതെ സിനിമയെ പോസ്റ്റ്മോർട്ടം ചെയ്യാൻ നിൽക്കില്ലെന്നും മോഹൻലാൽ ക്ലബ്ബ് എഫ്.എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘നേരുപോലെ ഒരു നല്ല സിനിമയായി മാറും എന്നല്ലാതെ ഇത്രയും രൂപ കളക്ട് ചെയ്യുമെന്ന് അല്ലല്ലോ. കളക്ഷൻ എന്നതിനേക്കാൾ ഉപരി എത്രയോ ആളുകൾ അത് കണ്ടു എന്നൊരു സന്തോഷം ഉണ്ടല്ലോ. ആളുകളൊക്കെ കണ്ടു. അതിന് നല്ല റിവ്യൂസ് കിട്ടുന്നു. ഈ സിനിമയും അതുപോലെയാണ്. സിനിമയെപ്പറ്റി ഇഷ്ടമുള്ളവർക്ക് ഒരുപാട് പഠിക്കാവുന്ന ഒരു സിനിമയാണിത്. ഒരു സിനിമ എങ്ങനെ എടുക്കണം, ഒരു വലിയ സിനിമ എങ്ങനെ ട്രീറ്റ് ചെയ്യണം, അത്തരത്തിൽ നല്ലൊരു സിനിമയിൽ അഭിനയിക്കാൻ സാധിക്കുന്നു എന്നുള്ളതാണ്.
എന്റെ എത്രയോ പടങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. ഇതിന് എല്ലാത്തിലും ഇങ്ങനെ സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്താൽ പിന്നെന്താണ് ചെയ്യുക. ഞങ്ങൾ സിനിമയിൽ വന്ന സമയത്ത് ഒരു വർഷം എന്റെ 36 സിനിമകൾ റിലീസ് ചെയ്തിട്ടുണ്ട്. 25 സിനിമ 20 സിനിമ പരാജയങ്ങളെ കുറിച്ചൊന്നും ചിന്തിക്കാൻ സമയമില്ല.
ഇത്ര രൂപ കളക്ട് ചെയ്തു എന്നൊന്നും പറയില്ലല്ലോ. തിയേറ്ററിൽ പോയി ആളുകൾ സിനിമ കാണുന്നു അടുത്ത സിനിമയിലേക്ക് പോകുന്നു. അതിനെക്കുറിച്ചുള്ള പോസ്റ്റ്മോർട്ടം കാര്യങ്ങൾ ഒന്നുമല്ല. ഇപ്പോഴാണല്ലോ അതിന് ഒരുപാട് ക്രിട്ടിസിസം ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള പ്രമോഷൻസ് ഉണ്ടാകുന്നത്. അങ്ങനെയുള്ള പോസിബിലിറ്റീസ് ഒന്നുമില്ല. ഉള്ള പോസിബിലിറ്റീസ് ചെയ്യും. പിന്നെ അത് പരാജയപ്പെട്ടാൽ പ്രൊഡ്യൂസറിന്റെ നിർഭാഗ്യം എന്നേയുള്ളൂ,’ മോഹൻലാൽ പറഞ്ഞു.
Content Highlight: Mohanlal about his failure movies