|

ആ സീനുകളും ഡയലോഗുകളും വേണോയെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്, അതൊരു വലിയ ഡിബേറ്റാണ്: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാലുപതിറ്റാണ്ടായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ വില്ലൻ കഥാപാത്രമായി കരിയർ തുടങ്ങിയ അദ്ദേഹം ഇന്ന് ഏറെ ആരാധകരുള്ള ഒരു നായകനാണ്.

ഒരുകാലത്ത് ആരാധകർ ആഘോഷമാക്കി മാറ്റിയ സൂപ്പർസ്റ്റാറുകളുടെ പല ഡയലോഗുകളും പിന്നീട് വിമർശിക്കപ്പെടുകയും വിവാദമാവുകയും ചെയ്തിട്ടുണ്ട്. നരസിംഹം, ദി കിങ് തുടങ്ങിയ സിനിമകളിലെ ചില ഡയലോഗുകൾ ഇതിന് ഉദാഹരണമാണ്.

സിനിമകളിലെ സംഭാഷണങ്ങളെ കുറിച്ചും മുമ്പ് പറഞ്ഞ ചില ഡയലോഗുകള്‍ ഇന്ന് വിവാദമാകുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മോഹന്‍ലാല്‍. ചില സിനിമകളിലെ ചില ഡയലോഗുകള്‍ ഈ കാലത്തിന് യോജിച്ചതാണോ എന്ന് നോക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഈ സീന്‍ വേണോ ഡയലോഗ് വേണോ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. സിനിമ തുടങ്ങുമ്പോള്‍ തന്നെ മോശമാകാന്‍ സാധ്യതയുണ്ടെന്ന തോന്നല്‍ വന്നിട്ടുണ്ട്
– മോഹൻലാൽ

എത്രയോ പേർ കേട്ട് ഓക്കേ പറയുന്ന ഡയലോഗാണ് സിനിമയിൽ പറയുകയെന്നും എന്നാൽ ചിലത് മോശമായി വരുമെന്നും മോഹൻലാൽ പറയുന്നു. ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഈ ഡയലോഗ് ആവശ്യമില്ല, അതുകൊണ്ട് ആ ഡയലോഗ് പറയാന്‍ പറ്റില്ല എന്ന് പറയുന്നത് വലിയൊരു ഡിസിഷനാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്നിട്ടും എത്രയോ സിനിമകളില്‍ ഈ സീന്‍ വേണോ ഈ ഡയലോഗ് വേണോ എന്നൊക്കെ ചോദിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ മാത്രമല്ല എത്രയോ പേര്‍ കേട്ട് ഓക്കെ പറഞ്ഞിട്ടാണ് ഈ ഡയലോഗുകളൊക്കെ പറയുന്നത്. പക്ഷേ അത് സിനിമയില്‍ വരുമ്പോള്‍ മോശമായിട്ട് വരാം. അതൊരു ഡിബേറ്റാണ്. അതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. ഈ ഡയലോഗ് ആവശ്യമില്ല, ഞാന്‍ അത് പറയില്ല എന്ന് പറയുക വലിയൊരു ഡിസിഷനാണ്.

എത്രയോ സിനിമകളില്‍ ഈ സീന്‍ വേണോ ഡയലോഗ് വേണോ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. സിനിമ തുടങ്ങുമ്പോള്‍ തന്നെ മോശമാകാന്‍ സാധ്യതയുണ്ടെന്ന തോന്നല്‍ വന്നിട്ടുണ്ട്. അതിനെയൊന്നും ആ ഘട്ടത്തില്‍ ചലഞ്ച് ചെയ്യാന്‍ പോയിട്ട് കാര്യമില്ല. ലോകത്തിലെ എല്ലാ ആക്ടേഴ്‌സിന്റേയും അവസ്ഥ അതാണ് മെര്‍ലോണ്‍ ബ്രാന്‍ഡോ ആയാലും മോഹന്‍ലാല്‍ ആയാലും വേറെ ആരായാലും അവര്‍ക്കൊക്കെ ഉണ്ടാകുന്ന പ്രശ്‌നമാണ് ഇത്,’മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal About His Dialogues In Old Movies

Video Stories