മലയാളത്തിന്റെ അഭിമാനമായി നാല് പതിറ്റാണ്ടോളമായി നിറഞ്ഞു നിൽക്കുന്ന നടനാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ സിനിമ കരിയർ തുടങ്ങിയ അദ്ദേഹം ഇന്ന് ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളാണ്. ഈ വർഷവും മികച്ച സിനിമകളാണ് മോഹൻലാലിന്റേതായി ഒരുങ്ങുന്നത്.
ഒരു സിനിമ കഴിഞ്ഞാൽ കഥാപാത്രം വിട്ടുപോവാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അദ്ദേഹം. ഓരോ കഥാപാത്രങ്ങളിലൂടെയും നമ്മൾ യാത്ര ചെയ്യുകയാണെന്നും കുറച്ചുകഴിയുമ്പോഴാണ് അത് നമ്മളെ വിട്ടുപോവുകയെന്നും അദ്ദേഹം പറയുന്നു. തന്റെ പല സിനിമകളും ഇതുവരെ കണ്ടിട്ട് പോലുമില്ലെന്നും ഒരു സിനിമ കഴിഞ്ഞാൽ ആ കഥാപാത്രവും കഴിയുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
സദയം എന്ന സിനിമ ഞാൻ പൂർണമായി കണ്ടിട്ടുപോലുമില്ല. എൻ്റെ പല സിനിമകളും ഞാൻ കണ്ടിട്ടില്ലെന്ന് സമ്മതിക്കാൻ എനിക്ക് മടിയില്ല
– മോഹൻലാൽ
‘ഓരോ കഥാപാത്രങ്ങളിലൂടെയും നമ്മൾ യാത്ര ചെയ്യുകയാണ്. കുറച്ച് കഴിയുമ്പോൾ അത് മങ്ങി മങ്ങി നമ്മളെ വിട്ടുപോവും. കഥ വായിക്കുന്നത് പോലെയോ കേൾക്കുന്ന പോലെയോ ആവും പലപ്പോഴുമത്. മറിച്ച് നമ്മളതിനെ വിടാതെ കൊണ്ടുനടന്നാൽ അടുത്ത കഥാപാത്രത്തെ അത് ബാധിക്കും. ഇരുന്നൂറും മുന്നൂറും സ്റ്റേജുകളിൽ ഒരേ നാടകം തന്നെ അഭിനയിക്കുന്നവർക്ക് അങ്ങനത്തെ അനുഭവമുണ്ടാവാം.
സിനിമയിൽ അത് പറ്റില്ല. ‘സദയം‘ എന്ന സിനിമ ഞാൻ പൂർണമായി കണ്ടിട്ടുപോലുമില്ല. എൻ്റെ പല സിനിമകളും ഞാൻ കണ്ടിട്ടില്ലെന്ന് സമ്മതിക്കാൻ എനിക്ക് മടിയില്ല. കാരണം അഭിനയിച്ച് കഴിയുന്നതോടെ നമുക്കത് തീർന്നു പോവും. ഒരുപാട് തവണ നമ്മൾ കഥ വായിക്കുന്നത് കൊണ്ടാവും അത്. നമ്മുടെ അഭിനയം മാത്രമല്ല ഒരുപാട് ഘടകങ്ങളുടെ കൂടിച്ചേരലുണ്ട് സിനിമയിലെ പാത്രസ്യഷ്ടിയിൽ. ക്യാമറ,ലൈറ്റിങ് അങ്ങനെ,’മോഹൻലാൽ പറയുന്നു.
കമ്പനി എന്ന ഹിന്ദി ചിത്രത്തിലേക്ക് രാം ഗോപാൽ വർമയും ഇരുവർ എന്ന സിനിമയിലേക്ക് മണിരത്നം വിളിച്ചതിനെ കുറിച്ചും മോഹൻലാൽ കൂട്ടിച്ചേർത്തു.
‘സത്യത്തിൽ ആ രണ്ട് സിനിമകളിലും അഭിനയിക്കാൻ എന്നെ വിളിച്ചപ്പോൾ രണ്ട് സംവിധായകരോടും ഞാൻ ചോദിച്ചിരുന്നു. എന്തിനാണ് ഈ സിനിമകളിലേക്ക് എന്നെ വിളിക്കുന്നതെന്ന്. അവർക്ക് എൻ്റെ അഭിനയത്തിൽ കോൺഫിഡൻസ് തോന്നിയിരിക്കണം.
പിന്നെ കിരീടവും സദയവും പോലുള്ള മലയാളം സിനിമകളിൽ വൈകാരിക തലത്തിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടുണ്ടല്ലോ? അങ്ങനെയാണ് എന്റെ വിശ്വാസം. മികച്ച സംവിധായകനായ മണിരത്നം വിളിച്ച പല സിനിമകളിലും തിരക്കുകൾ കാരണം അഭിനയിക്കാൻ കഴിയാതെ പോയിട്ടുമുണ്ട്,’മോഹൻലാൽ പറയുന്നു.
2019 ൽ ഇറങ്ങിയ ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗമായ എമ്പുരാനാണ് ഇനി റിലീസാവാനുള്ള മോഹൻലാൽ ചിത്രം. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ആണ് മറ്റൊരു സിനിമ. ഈ വർഷം ആദ്യം റിലീസ് തീരുമാനിച്ച തുടരും ചില കാരണങ്ങളാൽ റിലീസ് മാറ്റി വെക്കുകയായിരുന്നു. എന്നാൽ മെയ് മാസത്തിൽ തുടരും പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
Content Highlight: Mohanlal About His Characters And His Films