| Tuesday, 23rd January 2024, 6:38 pm

മലൈക്കോട്ടൈ വാലിബനിൽ പലതും ഒളിഞ്ഞു കിടക്കുന്നുണ്ട്; പോസ്റ്ററിലെ ഹിന്റുകളെക്കുറിച്ച് മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മലൈക്കോട്ടൈ വാലിബൻ എന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മോഹൻലാൽ. പോസ്റ്ററിലെ പേര് നോക്കിയാൽ ചിത്രത്തെക്കുറിച്ചുള്ള പല ഹിന്റുകളും കിട്ടുമെന്ന് മോഹൻലാൽ പറഞ്ഞു. സിംഹം, കാളവണ്ടി തുടങ്ങിയ ചിത്രങ്ങളെല്ലാം പേരിനുള്ളിൽ ഉണ്ടെന്നും ശ്രദ്ധിച്ചു കഴിഞ്ഞാൽ ചീങ്കണിയെയൊക്കെ കാണാമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മലൈക്കോട്ടൈ വാലിബൻ എന്ന് പറയുമ്പോൾ ഒരു കോട്ട ആയിട്ട് തോന്നുമല്ലോ. വാലിബന് എന്നുള്ളതിന് ഒരുപാട് അർത്ഥമുണ്ടാകും. യോദ്ധാവ്, അവിടുത്തെ ഒരു പ്രൊട്ടക്ടർ എന്നൊക്കെയാവാം. അതെങ്ങനെയാണ് എന്ന് നിങ്ങൾ കണ്ടെടുക്കണം. മലൈക്കോട്ടൈ വാലിബൻ എന്ന പേരിൽ തന്നെ ഓരോ കാര്യങ്ങളൊക്കെ ഉണ്ട്. സിംഹം ഉണ്ട്, കാളവണ്ടിയുണ്ട്, അതൊക്കെ ശ്രദ്ധിച്ചോ?

ഞാൻ ഇപ്പോഴാണ് അത് കാണുന്നത്. ചീങ്കണ്ണിയുണ്ട്. ശ്രദ്ധിച്ചു കഴിഞ്ഞാൽ ചീങ്കണിയെയൊക്കെ നിങ്ങൾക്ക് കാണാം. ചീങ്കണ്ണിയെ കാണാൻ പറ്റിയിട്ടില്ലെങ്കിലും അതുമായി ബന്ധപ്പെട്ട സാധനങ്ങൾ ഒക്കെ കാണാം. എല്ലാതരത്തിലുള്ള ഹിന്റുകളും ആ പോസ്റ്ററിൽ ഇട്ടിട്ടുണ്ട്. ഇതൊരു അമർചിത്രകഥ പോലെയോ, ഫാന്റസി പോലെയോ, അമാനുഷികരുടെ കഥ പോലെയോ മാജിക് കാണിക്കുന്നവരെ പോലെയൊക്കെയാണ്. പഴയ പുരാണങ്ങളിലുള്ള ഒരു ഫിക്ഷൻ കഥയാണ്. അതുകൊണ്ടാണ് മലൈക്കോട്ടൈ വാലിബൻ എന്നുള്ള പേരും ഈ കളറും ആൾക്കാരും ഒക്കെ കൊടുക്കുന്നത്,’ മോഹൻലാൽ പറഞ്ഞു.

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ അസ്സോസിയേറ്റ് ഡയറക്ടറാണ് ടിനു പാപ്പച്ചൻ. മോഹൻലാൽ- ലിജോ കൂട്ടുകെട്ടിൽ എത്തുന്ന മലൈക്കോട്ടൈ വാലിബനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. മോഹൻലാലിന് പുറമെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, സുചിത്ര നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ജയ്‌സാൽമേർ, പൊഖ്‌റാൻ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്‌സിന്റെ ബാനറിൽ ഷിബു ബേബി ജോൺ നിർമിക്കുന്ന ചിത്രം ജനുവരി 25ന് തിയേറ്ററുകളിലെത്തും.മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തിൽ എത്തി ലിജോ ജോസ് സംവിധാനം ചെയ്ത ‘നന്പകൾ നേരത്ത് മയക്കം’ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Content Highlight:Mohanlal about hints that hide in malaikottai valiban’s poster

We use cookies to give you the best possible experience. Learn more