'പാവം മോഹന്‍ലാല്‍' എന്ന നിലയില്‍ നിന്നും എന്നെ മാറ്റിക്കളഞ്ഞത് അതാണ്: മോഹന്‍ലാല്‍
Movie Day
'പാവം മോഹന്‍ലാല്‍' എന്ന നിലയില്‍ നിന്നും എന്നെ മാറ്റിക്കളഞ്ഞത് അതാണ്: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th February 2024, 4:06 pm

മലയാളി അന്ന് വരെ കണ്ടുപരിചയിച്ചിട്ടില്ലാത്ത വില്ലന്‍ പരിവേഷമുള്ള നായക കഥാപാത്രമായിരുന്നു രാജാവിന്റെ മകനിലെ വിന്‍സെന്റ് ഗോമസ്. മുന്‍മാതൃകകള്‍ ഇല്ലാത്ത അത്തരമൊരു കഥാപാത്രത്തെ തന്നിലേക്ക് കൊണ്ടുവന്നതിനെ കുറിച്ചും ആ സിനിമയും അതിലെ ഡയലോഗുകളും ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കുന്നതിന്റെ കാരണത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മോഹന്‍ലാല്‍. പാവം മോഹന്‍ലാല്‍ എന്ന നിലയില്‍ നിന്നും തനിക്കുണ്ടായ മാറ്റത്തെ കുറിച്ചും മോഹന്‍ലാല്‍ സംസാരിക്കുന്നുണ്ട്.

‘രാജാവിന്റെ മകന്‍ ഇന്നും ആള്‍ക്കാര്‍ കാണുന്ന സിനിമയാണ്. അത്രയും രസകരമായിരുന്നു അതിലെ സ്‌ക്രിപ്റ്റും സംഭാഷണങ്ങളും. വിന്‍സെന്റ് ഗോമസ് ആരാണെന്ന് അറിയിക്കുന്ന ഒരു ഷോട്ടുണ്ട് സിനിമയില്‍. വളരെ പവര്‍ഫുളായാണ് ആ സീന്‍ എഴുതിവെച്ചിരിക്കുന്നത്.

അത്തരമൊരു സീന്‍ വെച്ചതുകൊണ്ടാണ് വിന്‍സെന്റ് ഗോമസ് എന്ന കഥാപാത്രം അപ് ലിഫ്റ്റ് ചെയ്യപ്പെടുന്നത്. ഇത്തരം സീനുകള്‍ ചെയ്തുകഴിയുമ്പോള്‍ നമ്മളറിയാതെ വിന്‍സെന്റ് ഗോമസ് എന്ന് പറയുന്നൊരാള്‍ നമുക്കുള്ളിലേക്ക് വരും. അത് എങ്ങനെയാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയുന്നില്ല.

സിനിമ നമ്മള്‍ കാണുന്ന അതേ ഓര്‍ഡറില്‍ ആയിരിക്കില്ല അതിന്റെ ചിത്രീകരണം നടക്കുക. ചിലപ്പോള്‍ 98ാമത്തെ സീനായിരിക്കും ആദ്യം എടുക്കുന്നത് കുറേ ദിവസം കഴിഞ്ഞായിരിക്കും തൊട്ടടുത്ത സീന്‍ എടുക്കുന്നത്.

ഒരു സ്‌ക്രിപ്റ്റ് നേരത്തെ വായിക്കാന്‍ സാധിച്ചാല്‍ അത് നല്ലതാണ്. ഞങ്ങള്‍ അഭിനയിക്കുന്ന കാലത്ത് സ്‌ക്രിപ്റ്റ് കിട്ടുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ്. പലരും സ്‌ക്രിപ്റ്റ് എഴുതാറില്ല. അവരുടെ മനസിലായിരുന്നു സിനിമ.

പക്ഷേ സിനിമ എന്താണെന്ന് അവര്‍ക്ക് അറിയാം. അവര്‍ പറഞ്ഞുമനസിലാക്കി തരികയും ചെയ്യും. അതുമായിട്ട് താദാത്മ്യം പ്രാപിക്കുക എന്നതാണ് ഒരു നടന്റെ ധര്‍മം.

കുറച്ചുദിവസം കഴിയുമ്പോള്‍ വിന്‍സെന്റ് ഗോമസ് എന്ന് പറയുന്ന ആള്‍ എങ്ങനെ ആയിരിക്കും നടക്കുന്നത്, പെരുമാറുന്നത്, സംസാരിക്കുന്നത് ഇതൊക്കെ നമ്മളറിയാതെ നമ്മളുടെ ചിന്തയിലും ബോധത്തിലും വരും. അതാണ് എന്റെ അവസ്ഥ. ഓരോരുത്തര്‍ക്കും ഓരോ തരത്തിലായിരിക്കാം.

വിന്‍സെന്റ് ഗോമസ് എന്ന് പറയുന്ന ആ കഥാപാത്രത്തിന്റെ തുടക്കവും ഒടുക്കവുമൊക്കെയുണ്ട്. ഏറ്റവും മനോഹരമായിട്ട് അവതരിപ്പിക്കുക എന്ന് പറയുന്നത് നമ്മുടെ കടമയാണ്. എല്ലാം നന്നാവുമ്പോള്‍ ആ സിനിമയും നന്നാകും. അത്തരത്തില്‍ സംഭവിച്ചൊരു സിനിമയാണ് രാജാവിന്റെ മകന്‍. ഒരുപക്ഷേ പാവം മോഹന്‍ലാല്‍ എന്ന നിലയില്‍ നിന്നും നമ്മളെ വേറെ ഒരു ലെവലിലേക്ക് കൊണ്ടുപോയ ചിത്രം കൂടിയാണ് അത്,’ മോഹന്‍ലാല്‍ പറഞ്ഞു.

ചില സ്‌ക്രിപ്റ്റുകള്‍ വായിക്കുമ്പോള്‍ നമുക്ക് സംശയം ഉണ്ടാകുമെന്നും സംവിധായകനുമായുള്ള സംവാദത്തിലൂടെയാണ് അത് പരിഹരിക്കപ്പെടുകയെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. ഒരു സംവിധായകനോ അല്ലെങ്കില്‍ തിരക്കഥാകൃത്തുകള്‍ക്കോ ഒരുപാട് കാര്യങ്ങള്‍ ഒരു ആക്ടര്‍ക്ക് മനസിലാക്കിത്തരാന്‍ പറ്റും. എന്താണ് ഈ സീന്‍ കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് കിട്ടുന്ന മറുപടി നമ്മുടെ മനസില്‍ കിടക്കും. അത് തീര്‍ച്ചയായും നമ്മളെ അഭിനയിക്കുന്നതില്‍ സഹായിക്കും.

രാജാവിന്റെ മകനില്‍ ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255′ എന്ന് വിന്‍സെന്റ് ഗോമസ് പറയുന്ന ഡയലോഗ് ആളുകള്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. ഒരു പ്രത്യേക സിറ്റുവേഷനില്‍ ഒരാളെ സഹായിക്കാന്‍ വേണ്ടി വിന്‍സെന്റ് ഗോമസ് കൊടുക്കുന്ന ഒരു കോഡാണ് അത്. വേറെ വഴിയില്ലാത്തതുകൊണ്ട് അദ്ദേഹം സൈഡിലുള്ള ഒരു കലണ്ടറില്‍ ഈ നമ്പര്‍ എഴുതുന്നു. ആ സീന്‍ ഞങ്ങള്‍ എടുക്കുമ്പോള്‍ പില്‍ക്കാലത്ത് ആളുകള്‍ മനസില്‍ കൊണ്ടുനടക്കുന്ന, ആഘോഷിക്കുന്ന ഒരു സീനായി അത് മാറുമെന്ന് കരുതിയിട്ടില്ല. അത്തരത്തില്‍ പവര്‍ഫുളായിട്ടുള്ള ഒരുപാട് ഡയലോഗുകള്‍ ആ ചിത്രത്തിലുണ്ട്. പലതും ഇന്നും ആളുകള്‍ പറയുന്നുണ്ട്. അത് സ്‌ക്രിപ്റ്റിങ്ങിന്റെ ഗുണം തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal about her Most favourite Character and Movie