മലയാള സിനിമയ്ക്കായി എനിക്കത് നിർമിക്കണം, എന്റെ ആഗ്രഹമാണ്: മോഹൻലാൽ
Entertainment
മലയാള സിനിമയ്ക്കായി എനിക്കത് നിർമിക്കണം, എന്റെ ആഗ്രഹമാണ്: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th September 2024, 8:34 pm

നാലരപ്പതിറ്റാണ്ടായി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. വില്ലനായി അരങ്ങേറിയ മോഹന്‍ലാല്‍ പിന്നീട് മലയാളസിനിമയുടെ താരസിംഹാസനം അലങ്കരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. ആറ് തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മോഹന്‍ലാല്‍ രണ്ടുതവണ ദേശീയ അവാര്‍ഡും തന്റെ പേരിലാക്കി.

അഭിനയത്തിന് പുറമെ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന വ്യക്തിയാണ് മോഹൻലാൽ. വ്യത്യസ്തമായ നിരവധി വസ്തുക്കളുടെ കളക്ഷൻ മോഹൻലാലിനുണ്ട്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ പല പെയിന്റിങ്ങുകളുടെയും ഒറിജിനല്‍ മോഹന്‍ലാലിന്റെ പക്കലുണ്ട്.

മലയാള സിനിമയ്ക്കായി ഒരു മ്യൂസിയം നിർമിക്കണമെന്ന തന്റെ ആഗ്രഹത്തെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. ഇപ്പോൾ നമുക്ക് അത്തരത്തിൽ ഒന്നില്ലെന്നും അതിനായി ഒരു സ്ഥലം കണ്ടെത്തണമെന്നും മോഹൻലാൽ പറഞ്ഞു. വനിതാ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മലയാള സിനിമയ്ക്കായി ഒരു മ്യൂസിയം നിർമിക്കണം എന്നാഗ്രഹമുണ്ട്. അതിനൊരു സ്ഥ‌ലം കണ്ടെത്തണം. ഇപ്പോൾ നമുക്ക് അത്തരമൊരെണ്ണമില്ല. മലയാള സിനിമയുടെ സമഗ്രമായ ഒരു ശേഖരം അവിടെയുണ്ടാകും. പലതും ചിതറിക്കിടക്കുകയാണ്. മൺമറഞ്ഞ പ്രതിഭകൾക്കുള്ള ആദരം കുടിയാകും അത്.

നമ്പൂതിരി സാർ വരച്ച നുറോളം ചിത്രങ്ങൾ എൻ്റെ കയ്യിലുണ്ട്. തഞ്ചാവൂർ ചിത്രങ്ങളും ബുദ്ധിസ്‌റ്റ് സ്‌റ്റൈലിലുള്ള താങ്ക പെയ്ന്റിങ്ങുകളും ടൺ കണക്കിനു ഭാരമുള്ള ശിൽപങ്ങളുമൊക്കെയുണ്ട്. ചിലതൊക്കെ ഗിന്നസ് ബുക്കിൽ വരെ ഇടം നേടാവുന്നവയാണ്,’മോഹൻലാൽ പറയുന്നു.

അതേസമയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസാണ് അടുത്തതായി റിലീസിന് ഒരുങ്ങുന്ന മോഹൻലാൽ ചിത്രം. തരുൺ മൂർത്തിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം, ലൂസിഫർ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ രണ്ടാംഭാഗമായ എമ്പുരാൻ എന്നിവയെല്ലാം അണിയറയിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങളാണ്.

Content Highlight: Mohanlal About He Want To Build A Museum For Malayalam Cinema