ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് കാതൽ ദി കോർ. താൻ മമ്മൂട്ടിയുടെ കാതൽ സിനിമ കണ്ടെന്നും അത് തനിക്ക് വളരെ ഏറെ ഇഷ്ടമായെന്നും മോഹൻലാൽ പറഞ്ഞു.
മമ്മൂട്ടി വളരെ മനോഹരമായി അഭിനയിച്ച സിനിമയാണ് കാതലെന്നും അങ്ങനെയൊരു സിനിമ ചെയ്യുമോയെന്ന് ചോദിച്ചാൽ ഇപ്പോൾ പറയാൻ പറ്റില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഒരു അഭിനേതാവിനെ സംബന്ധിച്ച് അത്തരം കഥാപാത്രങ്ങൾ ഒരു ചലഞ്ചാണെന്നും മോഹൻലാൽ പറയുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ വിശേഷങ്ങൾ ക്യൂ സ്റ്റുഡിയോയോട് പങ്കുവെക്കുകയാണ് മോഹൻലാൽ. ഗ്രേ ഷെഡ് ഉള്ള കഥാപാത്രങ്ങൾ തെരെഞ്ഞെടുക്കതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് മോഹൻലാൽ.
‘നമ്മളെ പോലെ മോശമായ കഥാപാത്രം ചെയ്ത ആരുമുണ്ടാവില്ല. പണ്ട് കാലങ്ങളിലെല്ലാം ഞാൻ ഒരു വില്ലനായിട്ട് വന്ന ആളാണ്. ഉയരങ്ങളിൽ സദയം തുടങ്ങിയ സിനിമകളൊക്കെ അങ്ങനെയല്ലേ. ഞാൻ നാളെ ഇരുന്നിട്ട് ഗ്രേ ഷെഡ് ഉള്ള കഥാപാത്രം ചെയ്യാമെന്ന് ചിന്തിക്കുകയല്ലലോ. ഞാൻ അദ്ദേഹത്തിന്റെ സിനിമ കണ്ടു.
എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ് കാതൽ. മമ്മൂട്ടി വളരെ മനോഹരമായി അഭിനയിച്ച സിനിമയാണ്. അങ്ങനെയൊരു സിനിമ ചെയ്യുമോയെന്ന് ചോദിച്ചാൽ ഇപ്പോൾ എനിക്ക് പറയാൻ പറ്റില്ല. അങ്ങനെ ഒരു സിനിമ നമ്മുടെ അടുത്തേക്ക് വരികയാണ്. അങ്ങനെയൊരു സിനിമ ചെയ്യുന്നത് ഒരു ആക്ടറിനെ സംബന്ധിച്ച് ഒരു ചലഞ്ച് ആണ്.
അങ്ങനെ ചെയ്യാൻ പാടില്ല എന്നൊന്നുമില്ല. ഇവിടെയാണല്ലോ അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉള്ളത്. പുറത്തൊക്കെ പോയി കഴിഞ്ഞാൽ അതുപോലുള്ള സിനിമകൾ നമുക്ക് ഇവിടെ ചെയ്യാൻ പറ്റില്ല. പക്ഷേ പറ്റുമെന്ന് തെളിയിച്ച സിനിമകളാണ് ഇതെല്ലാം. സിനിമയിലുള്ള മാറ്റങ്ങളിലൂടെ സഞ്ചരിക്കാൻ സാധിക്കുമ്പോഴാണ് അത്തരം ആളുകൾ അംഗീകരിക്കാൻ കഴിയുക. വീണ്ടും ഞാൻ പറയുകയാണ് അത്തരത്തിലുള്ള കഥാപാത്രങ്ങൾ കിട്ടുന്നത് ഒരു ആക്ടറിനെ സംബന്ധിച്ച് ഒരു ചലഞ്ചാണ് അതുപോലെ ഭാഗ്യമാണ്,’ മോഹൻലാൽ പറഞ്ഞു.’
മോഹൻലാൽ- ലിജോ കൂട്ടുകെട്ടിൽ എത്തുന്ന മലൈക്കോട്ടൈ വലിബനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. മോഹൻലാലിന് പുറമെ സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, സുചിത്ര നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജയ്‌സാല്‍മേര്‍, പൊഖ്‌റാന്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്‌സിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍ നിര്‍മിക്കുന്ന ചിത്രം ജനുവരി 25ന് തിയേറ്ററുകളിലെത്തും.
Content Highlight: Mohanlal about grey shade character