സൗഹൃദത്തിന് വളരെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് നടൻ മോഹൻലാൽ. സുഹൃത്ത് ബന്ധത്തെക്കുറിച്ചും അത് എങ്ങനെ കാത്ത് സൂക്ഷിക്കണമെന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് മോഹൻലാൽ. ഒരു മനുഷ്യൻ എന്ന നിലയിൽ തങ്ങളുടെ ധർമ്മമാണ് സൗഹൃദം കാത്തുസൂക്ഷിക്കുകണമെന്നുള്ളതെന്നും മോഹൻലാൽ പറഞ്ഞു.
ഒരാളോട് നല്ല രീതിയിൽ ചിരിച്ച് സന്തോഷകരമായി പെരുമാറുക എന്നുള്ളത് ഒരാൾ ചെയ്യേണ്ട കാര്യമാണെന്നും മോഹൻലാൽ പറയുന്നുണ്ട്. തന്നെകാണുമ്പോൾ ഒരാൾ ചിരിച്ചില്ലെങ്കിൽ തനിക്ക് സങ്കടം വരുന്ന പോലെ തിരിച്ചും ഉണ്ടാകുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയ എന്റർടൈമെന്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു മനുഷ്യൻ എന്ന നിലയിൽ നിങ്ങളുടെ ധർമ്മമാണ് സൗഹൃദം കാത്തുസൂക്ഷിക്കുക എന്നുള്ളത്. ഒരാളോട് നല്ല രീതിയിൽ ചിരിച്ചു സംസാരിക്കുക സന്തോഷകരമായി പെരുമാറുക എന്ന് പറയുന്നത് നമ്മൾ ചെയ്യേണ്ട കാര്യമാണ്. അതുകൊണ്ട് നമുക്ക് ഒരു നഷ്ടവുമില്ല. നേരെ തിരിച്ചാണ് പെരുമാറുന്നത് എങ്കിൽ അവർക്ക് ഭയങ്കരമായ സങ്കടം ഉണ്ടാകും.
വളരെ സന്തോഷകരമായി ഇരിക്കണമെങ്കിൽ മറ്റുള്ളവരോടും നന്നായി പെരുമാറണം. എന്നെ കാണുമ്പോൾ ഒരാൾ ചിരിച്ചില്ലെങ്കിൽ എനിക്ക് സങ്കടമുണ്ടാകുന്ന പോലെയാണ് തിരിച്ചും. നമ്മൾ ഏറ്റവും കൂടുതൽ സന്തോഷമായിട്ട് ഇരിക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് എന്റേതായ ഒരുപാട് കാര്യങ്ങൾ ഉണ്ടാകും. പക്ഷേ അതൊക്കെ നമ്മുടെ വളരെ പേഴ്സണൽ കാര്യങ്ങളാണ്.
അത് ബാക്കിയുള്ളവരിലേക്ക് അറിയിക്കാതെ വളരെ പോസിറ്റീവ് ആയിട്ടും സന്തോഷകരമായിട്ടും ഇരിക്കുക്കുക. ഇവിടെ വന്നിട്ട് ഞാൻ വളരെ സീരിയസ് ആയിട്ട് ഇരുന്നു കഴിഞ്ഞാൽ ഇതിന്റെ മൂഡ് മുഴുവൻ മാറും,’ മോഹൻലാൽ പറഞ്ഞു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത നേരാണ് മോഹൻലാലിന്റെ പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ഒരു കോർട്ട് റൂം ഡ്രാമയുടെ കഥ പറയുന്ന ചിത്രം മികച്ച പ്രേക്ഷക പിന്തുണയുമായി തിയേറ്ററിൽ മുന്നേറികൊണ്ടിരിക്കുകയാണ്. പ്രിയാ മണി, ശാന്തി മായാദേവി, ജഗദീഷ്, ശ്രീധന്യ, ഗണേഷ് കുമാർ എന്നിവരുമാണ് നേരിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. നേരിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ്.