Movie Day
ഞാന്‍ സ്ത്രീധനം വാങ്ങിച്ചിട്ടില്ല, എന്റെ മകള്‍ക്ക് സ്ത്രീധനം കൊടുക്കുകയുമില്ല: മോഹന്‍ലാല്‍
സ്ത്രീധന വിഷയത്തില്‍, ഒരു പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലയില്‍ സമൂഹത്തോട് പറയാനുള്ളത് എന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ മോഹന്‍ലാല്‍. താന്‍ സ്ത്രീധനം വാങ്ങിച്ചിട്ടല്ല വിവാഹം കഴിച്ചതെന്നും തന്റെ മകള്‍ വിവാഹം കഴിക്കുമ്പോഴും സ്ത്രീധനം കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ഞാന്‍ സ്ത്രീധനം വാങ്ങിച്ചിട്ടൊന്നുമല്ല കല്യാണം കഴിച്ചത്. എന്റെ മകള്‍ക്ക് വിവാഹം കഴിക്കുമ്പോഴും അതുണ്ടാവില്ല. അത് ശരിയല്ലെന്ന് തന്നെയാണ് എന്റേയും അഭിപ്രായം.
ഒരുപാട് സിനിമകളില്‍ ഇതിനെതിരെയായി പറയുന്ന ആളാണല്ലോ നമ്മള്‍. ഒരു ആക്ടര്‍ എന്ന നിലയില്‍ നമ്മുടെ ഉള്ളില്‍ തന്നെ ഒരു ചിന്ത ഉണ്ടാകുമല്ലോ. അതുപോലെ ഇതിന് എതിരായിട്ട് നമ്മള്‍ പറഞ്ഞ കാര്യങ്ങള്‍ ഉണ്ട്.
ഇത്തരം കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ മാനസികമായി സങ്കടം തോന്നും. അടുത്തിടെ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത നമ്മള്‍ കണ്ടു. അവനെ എങ്ങനെയെങ്കിലും പിടിച്ചോ എന്നാണ് നമുക്ക് അറിയേണ്ടത്. സൊസൈറ്റിയില്‍ ഉണ്ടാകുന്ന ക്രൈമുകളോട് ഒരു തരത്തിലും താത്പര്യമില്ല. സൊസൈറ്റിയില്‍ ഉണ്ടാകുന്ന ക്രൈമിനെ പിടിച്ചു നിര്‍ത്തുന്ന ഒരു സിനിമയാണ് നേര്. അതിനെതിരെയുള്ള ഒരു നീക്കമാണ് ഈ സിനിമ,’ എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ സ്‌ട്രോങ് ആണെന്നും സ്ത്രീധനം ചോദിക്കുന്നവരെ വിവാഹം കഴിക്കില്ലെന്ന് പെണ്‍കുട്ടികള്‍ തന്നെ പറയുന്ന സമയമാണ് ഇതെന്നുമായിരുന്നു സംവിധായകന്‍ ജീത്തു ജോസഫിന്റെ മറുപടി. സ്ത്രീധന കാര്യത്തിലൊക്കെ ഇപ്പോള്‍ ഒത്തിരി മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും എങ്കിലും ചില സംഭവങ്ങളൊക്കെ നമ്മള്‍ കാണുന്നുണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു.
ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് നേര്. ഒരു ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമയാണ് ചിത്രം. ചിത്രത്തില്‍ അഭിഭാഷകനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്.
അഭിഭാഷകനായി അധികം ചിത്രങ്ങളില്‍ താന്‍ അഭിനയിച്ചിട്ടില്ലെന്നും അഭിഭാഷക വേഷം ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ കോടതിയില്‍ പോയി വാദിക്കുന്ന കഥാപാത്രങ്ങള്‍ കുറവായിരുന്നെന്നും മോഹന്‍ലാല്‍ പറയുന്നു.
സാധാരണ ഒരു സിനിമയില്‍ അഭിനയിക്കുന്നതുപോലെയായിരുന്നില്ല നേരിന്റെ ഷൂട്ടെന്നും ആക്ടര്‍ എന്ന നിലയില്‍ പുതിയ എക്‌സ്പീരിയന്‍സ് ആണ് നേരെന്നും മോഹന്‍ലാല്‍ പറഞ്ഞു. അവകാശവാദമൊന്നും ഇല്ലാത്ത ഒരു സാധാരണക്കാരനാണ് ഇതിലെ നായകന്‍. ഒരു സത്യം അയാള്‍ കണ്ടെത്തുന്നതാണ് സിനിമ.
ദൃശ്യം, 12 ത് മാന്‍ പോലെ ഡയറക്ടോറിയല്‍ ബ്രില്യന്‍സാണ് നേര്. നടനെന്ന നിലയില്‍ അതിനൊപ്പം താന്‍ നിന്നിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal about Dowry Issues