Entertainment
മണിരത്നമാണെന്ന് കരുതി ഞാൻ മറ്റൊരാളെ ചെന്ന് പിടിച്ചു, ഹലോ മണി സാർ എന്ന് വിളിച്ചപ്പോൾ അയാളൊരു മറുപടി തന്നു: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 26, 07:58 am
Wednesday, 26th February 2025, 1:28 pm

മലയാളത്തിന്റെ അഭിമാനമായി നാല് പതിറ്റാണ്ടോളമായി നിറഞ്ഞു നിൽക്കുന്ന നടനാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ സിനിമ കരിയർ തുടങ്ങിയ അദ്ദേഹം ഇന്ന് ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളാണ്.

ഈ വർഷവും മികച്ച സിനിമകളാണ് മോഹൻലാലിന്റേതായി ഒരുങ്ങുന്നത്. മലയാളം പോലെ അന്യഭാഷകളിലും മോഹൻലാൽ മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. രാം ഗോപാൽ വർമ സംവിധാനം ചെയ്ത കമ്പനിയും മണിരത്നം ചിത്രം ഇരുവറുമെല്ലാം ഇതിന് ഉദാഹരണമാണ്.

ആ രണ്ട് ചിത്രങ്ങളിലേക്ക് തന്നെ എന്തിനാണ് വിളിച്ചതെന്ന് അവരോട് ചോദിച്ചിട്ടുണ്ടെന്നും ഒരുപക്ഷെ തന്റെ അഭിനയത്തിൽ അവർക്ക് ആത്മവിശ്വാസം തോന്നിയത് കൊണ്ടായിരിക്കാമെന്നും മോഹൻലാൽ പറയുന്നു. മണിരത്നം വിളിച്ച പല സിനിമകളിലും തിരക്കുകൾ കാരണം അഭിനയിക്കാൻ കഴിയാതെ പോയിട്ടുണ്ടെന്ന് പറഞ്ഞ മോഹൻലാൽ ഒരിക്കൽ മണിരത്നമാണെന്ന് കരുതി മറ്റൊരാളെ പോയി പിടിച്ച സംഭവവും പങ്കുവെച്ചു.

‘സത്യത്തിൽ ഈ രണ്ടു സിനിമകളിലും അഭിനയിക്കാൻ എന്നെ വിളിച്ചപ്പോൾ രണ്ടു സംവിധായകരോടും ഞാൻ ചോദിച്ചിരുന്നു. എന്തിനാണ് ഈ സിനിമകളിലേക്ക് എന്നെ വിളിക്കുന്നതെന്ന്. അവർക്ക് എൻ്റെ അഭിനയത്തിൽ കോൺഫിഡൻസ് തോന്നിയിരിക്കണം. പിന്നെ കിരീടവും സദയവും പോലുള്ള മലയാളം സിനിമകളിൽ വൈകാരിക തലത്തിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടുണ്ടല്ലോ? അങ്ങനെയാണ് എൻ്റെ വിശ്വാസം. മികച്ച സംവിധായകനായ മണിരത്നം വിളിച്ച പല സിനിമകളിലും തിരക്കുകൾ കാരണം അഭിനയിക്കാൻ കഴിയാതെ പോയിട്ടുമുണ്ട്.

ഒരിക്കൽ മണിരത്നം എന്നു കരുതി മറ്റൊരാളെ പോയി പിടിച്ചിട്ടുണ്ട്. ഒരു ചടങ്ങിൽ വെച്ച് മണിരത്നത്തെ പോലൊരാളെ കാണുന്നു. ഞാനടുത്തു പോയി ‘ഹലോ മണിസാർ’ എന്നു പറഞ്ഞു പിടിച്ചു. അപ്പോൾ അയാൾ പറഞ്ഞു. ‘സോറി മോഹൻലാൽ ഐ ആം നോട്ട് മണിരത്നം’ എന്ന്. എത്രയോ ആളുകൾക്കൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട സിനിമകളിലെ നടൻമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അതിൽ ചെറിയ വേഷത്തിൽ അഭിനയിച്ച, ഒരു ദിവസമൊക്കെ അഭിനയിച്ചു പോയ ആളുകളെ തിരിച്ചറിയാതെ ഞാൻ പോയിട്ടുണ്ടാവാം,’മോഹൻലാൽ പറയുന്നു.

സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവത്തിലാണ് നിലവിൽ മോഹൻലാൽ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയോടൊപ്പവും മോഹൻലാൽ അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന സിനിമയാണ് ഉടനെ റിലീസാവാനുള്ള മോഹൻലാൽ സിനിമ. തരുൺ മൂർത്തിയുമായി ആദ്യമായി ഒന്നിച്ച തുടരും എന്ന സിനിമയും ഈ വർഷത്തെ മോഹൻലാൽ റിലീസാണ്.

Content Highlight: Mohanlal About Director  Manirathnam