നാല് പതിറ്റാണ്ടിലധികമായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. ഇത്രയും കാലത്തെ കരിയറില്‍ മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല.
തന്നിലെ നടനെയും താരത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ചുരുക്കം നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമ ഈയിടെ തിയേറ്ററിൽ എത്തിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് സിനിമ നേടുന്നത്.
മലയാളത്തിൽ വ്യത്യസ്ത സിനിമകൾ ഒരുക്കിയ സംവിധായകൻ ഐ.വി ശശിയെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. ദേവാസുരമടക്കമുള്ള ഹിറ്റ് സിനിമകൾ ഈ കൂട്ടുകെട്ടിൽ നിന്ന് പിറന്നവയായിരുന്നു. ഒരുപാട് മനുഷ്യജീവിതങ്ങൾ ഐ.വി ശശിയുടെ സിനിമകളിലൂടെ അവതരിപ്പിക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അതൊന്നും ഒരിക്കലും മറക്കില്ലെന്നും മോഹൻലാൽ പറയുന്നു. വാനപ്രസ്ഥം എന്ന സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ കഥകളി വേഷം ഐ.വി ശശിയുടെ രംഗം എന്ന സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
‘ജീവിതത്തിന്റെ പരുക്കൻ പ്രതലങ്ങളിലൂടെ കടന്നുവന്ന നിരവധി മനുഷ്യജീവിതങ്ങളെ പകർന്നാടാൻ ശശിയേട്ടന്റെ സിനിമകളിലൂടെ കഴിഞ്ഞു. പ്രേക്ഷകമനസ്സിൽ തറഞ്ഞിറങ്ങുംവിധം ആ കഥകൾ ദൃശ്യവത്ക്കരിക്കാൻ ശശിയേട്ടനിലെ സംവിധായകൻ കാണിച്ച മിടുക്ക് എത്രയോ ഉയരങ്ങളിലാണ്. ഇനിയെങ്കിലും, നാണയം, അതിരാത്രം, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, അടിയൊഴുക്കുകൾ, അങ്ങാടിക്കപ്പുറത്ത്, ഇടനിലങ്ങൾ, കരിമ്പിൻപൂവിനക്കരെ, രംഗം, അഭയം തേടി, വാർത്ത, അടിമകൾ ഉടമകൾ, അർഹത, ദേവാസുരം, വർണപ്പകിട്ട്, ശ്രദ്ധ വരെയുള്ള സിനിമകൾ എനിക്കൊരിക്കലും മറക്കാനാവില്ല.
അഭിനേതാവ് എന്ന നിലയിലുള്ള എന്റെ വളർച്ചയെ മുത്ത ഒരു ജ്യേഷ്ഠസഹോദരന്റെ സ്നേഹവാത്സല്യങ്ങളോടെയാണ് ശശിയേട്ടൻ നോക്കിക്കണ്ടത്. ഐ. വി ശശിയുടെ സിനിമകളിൽ അഭിനയിക്കുക എന്നത് ഒരു നടനെ സംബന്ധിച്ച് അനുഭവങ്ങളുടെ മഹാസാഗരത്തിൽ എത്തിയപോലെയാണ്.
ദേശീയ ബഹുമതി എനിക്ക് നേടിത്തന്ന ‘വാനപ്രസ്ഥ’ത്തിനു മുൻപേ കഥകളി നടന്റെ വേഷം പകർന്നാടാൻ കഴിഞ്ഞത് ശശിയേട്ടന്റെ ‘രംഗം’ എന്ന ചിത്രത്തിലൂടെയാണ്. എം.ടി സാറിന്റെതായിരുന്നു രചന. ഒരർത്ഥത്തിൽ വാനപ്രസ്ഥത്തി ലേക്കുള്ള പാഥേയമായിരുന്നു രംഗത്തിലെ കഥകളി നടൻ,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal About Director I.V. Sasi