തന്റെ ആദ്യകാല സിനിമകളെക്കുറിച്ച് അനുഭവം പങ്കുവെക്കുന്ന വേളയില്‍ മലയാളസിനിമയുടെ ബൈബിള്‍ ആയ ഒരു സിനിമയുണ്ടെന്ന് തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍. മണിചിത്രത്താഴാണ് ആ ബൈബിള്‍ എന്ന് കേരളാ കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.
സംവിധായകന്‍ ഫാസിലിനെക്കുറിച്ച് പറയുമ്പോഴാണ് മോഹന്‍ലാല്‍ മണിചിത്രത്താഴിനെക്കുറിച്ചും ഓര്‍മകള്‍ പങ്കുവെച്ചത്. മലയാള സിനിമയില്‍ ഒരു കാലഘട്ടത്തിലെ ഏറ്റവും വലിയ സംവിധായകനായിരുന്നു ഫാസിലെന്നും അദ്ദേഹം നല്ലൊരു സ്റ്റോറി ടെല്ലറായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമയിലൂടെ തനിക്ക് വലിയൊരു അവസരം തന്ന സംവിധായകനാണ് ഫാസില്‍ എന്നും പിന്നീടും അദ്ദേഹം തനിക്ക് നിരവധി അവസരങ്ങള്‍ തന്നിട്ടുണ്ടെന്നും ലാല്‍ പറഞ്ഞു.
‘എന്നില്‍ ഒരു നടനുണ്ടെന്ന് തിരിച്ചറിയുകയും ഒരു കഥാപാത്രത്തെ കൊടുത്താല്‍ എന്റെ കൈയില്‍ സുരക്ഷിതമായിരിക്കുമെന്ന തോന്നല്‍ ഉണ്ടാവുകയും ചെയ്തിരിക്കണം. മഞ്ഞില്‍ വിരിഞ്ഞ പുക്കള്‍ കഴിഞ്ഞു അദ്ദേഹത്തിന്റെ എത്രയോ സിനിമകളില്‍ ഞാന്‍ അഭിനയിച്ചു. അദ്ദേഹം എന്റെ സിനിമകളിലും അഭിനയിച്ചു, ലൂസിഫറിലും കുഞ്ഞാലിമരക്കാറിലും’, ഫാസിലിനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞു.
ഫാസില്‍ സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ ആദ്യ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ നാല്‍പ്പത് വര്‍ഷത്തിലേക്ക് കടക്കുകയാണ്. മോഹന്‍ലാല്‍ വില്ലന്‍ വേഷത്തിലാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ എത്തുന്നത്. നരേന്ദ്രന്‍ എന്ന മോഹന്‍ലാലിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക