| Thursday, 14th March 2024, 9:54 pm

ബ്ലെസി നമ്മളോടല്ലാതെ വേറെ ആരോടാണ് അങ്ങനെയൊക്കെ ചെയ്യാന്‍ പറയുക: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഏറ്റവുമധികം കോപ്പികള്‍ വിറ്റഴിച്ച നോവലുകളിലൊന്നാണ് ആടുജീവിതം. പത്തുവര്‍ഷത്തോളമെടുത്ത് പൂര്‍ത്തിയാക്കിയ തിരക്കഥയും എഴ് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനുമൊടുവിലാണ് സംവിധായകന്‍ ബ്ലെസി ആടുജീവിതം വെള്ളിത്തിരയിലേക്കെത്തിക്കുന്നത്. നായകനായ നജീബായി എത്തുന്നത് പൃഥ്വിരാജാണ്. ചിത്രത്തിന് വേണ്ടി പൃഥ്വി 30 കിലോയോളമാണ് കുറച്ചത്. ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. കഴിഞ്ഞ ദിവസം നടന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.

മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ മോഹന്‍ലാല്‍ ബ്ലെസിയെക്കുറിച്ചും അദ്ദേഹത്തോടൊപ്പം ഒന്നിച്ചപ്പോള്‍ ഉണ്ടായ അനുഭവങ്ങളെക്കുറിച്ചും സംസാരിച്ചു. താരത്തിന്റെ കരിയറിലെ മികച്ച പ്രകടങ്ങളില്‍ മൂന്ന് സിനിമകള്‍ ബ്ലെസിയോടൊപ്പമായിരുന്നു. തന്മാത്ര, പ്രണയം, ഭ്രമരം എന്നീ സിനിമകള്‍ മോഹന്‍ലാലിന്റെ മികച്ച സിനിമകളില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന സിനിമകളാണ്.

‘എന്റെ അഭിനയജീവിതത്തിലെ മികച്ച മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ബ്ലെസിയാണ്. തന്മാത്ര, പ്രണയം, ഭ്രമരം. ബ്ലെസിക്ക് ഗിന്നസ് അവാര്‍ഡ് നേടിക്കൊടുത്ത ഡോക്യുമെന്ററിയിലും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്രിസ്റ്റോസ്റ്റം തിരുമേനിയുടെ 100ാം പിറന്നാളിന് ചെയ്ത 48 മണിക്കൂര്‍ ദൈര്‍ഖ്യമുള്ള ഡോക്യുമെന്ററിയായിരുന്നു അത്. സാധാരണ ഒരാള്‍ക്ക് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ബ്ലെസി അന്ന് ചെയ്തത്.

പ്ദമരാജന്‍ സംവിധാനം ചെയ്ത നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന സിനിമയിലാണ് ബ്ലെസിയെ ഞാന്‍ ആദ്യമായി കാണുന്നത്. ആ സിനിമയില്‍ അസിസ്റ്റന്റായിട്ടാണ് ബ്ലെസി  വന്നത്. പിന്നീട് തൂവാനതുമ്പികളിലും ഞങ്ങള്‍ ഒന്നിച്ചു. അങ്ങനെ ഒരുപാട് കാലമായിട്ടുള്ള ബന്ധമാണ് ഞങ്ങള്‍ തമ്മില്‍.

എല്ലാവരും പറയുന്നത് ബ്ലെസി ഒരു ക്രൂരനാണെന്ന്. ക്രൂരത വേണം, അദ്ദേഹം പറഞ്ഞതുപോലെ സ്ട്രഗിള്‍ ഉണ്ടെങ്കിലേ സക്‌സസ് ഉണ്ടാകുള്ളൂ. പക്ഷേ അത് ഒരിക്കലും ക്രൂരതയല്ല. ഒരു സംവിധായകന്‍ അയാളുടെ മനസില്‍ ആഗ്രഹിക്കുന്നത് സ്‌ക്രീനില്‍ മാക്‌സിമം പെര്‍ഫക്ഷനോടെ എത്തിക്കാന്‍ എടുക്കുന്ന എഫര്‍ട്ടുകളാണ് അതൊക്കെ. അയാള്‍ നമ്മളോടല്ലാതെ വേറെ ആരോടാണ് അങ്ങനെയൊക്കെ ചെയ്യാന്‍ പറയുക,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal about director Blessy

We use cookies to give you the best possible experience. Learn more