നാലരപ്പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാജീവിതത്തില്‍ ആദ്യമായി സംവിധായകകുപ്പായമണിയുകയാണ് മോഹന്‍ലാല്‍. പൂര്‍ണമായും ത്രീ.ഡിയിലൊരുങ്ങുന്ന ബാറോസിലൂടെയാണ് മോഹന്‍ലാല്‍ പുതിയ അദ്ധ്യായം ആരംഭിക്കുന്നത്. 2019ല്‍ അനൗണ്‍സ് ചെയ്ത പ്രൊജക്ട് പല കാരണങ്ങളും കൊണ്ട് നീണ്ടുപോയിരുന്നു. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്. മലയാളത്തിലെ ആദ്യ ത്രീ.ഡി. ചിത്രം ഒരുക്കിയ ജിജോ പുന്നൂസാണ് ബാറോസിന്റെ കഥ ഒരുക്കിയത്.
വാസ്‌കോ ഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബാറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി വിദേശ ആര്‍ട്ടിസ്റ്റുകള്‍ അണിനിരക്കുന്ന ചിത്രം ഈ വര്‍ഷം തിയേറ്ററുകളിലെത്തുമെനന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അതിലേക്ക് ജിജോ പറഞ്ഞ കഥ തനിക്ക് വളരെ ഇഷ്ടപ്പെട്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തന്റെ ആദ്യചിത്രത്തിന്റെ ഓഡിഷന് ജഡ്ജായി ഇരുന്ന ജിജോ തന്നെ ബാറോസിന്റ കഥ എഴുതുക എന്നത് തനിക്ക് സന്തോഷം തന്ന കാര്യമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
ഈ സിനിമയില്‍ താനടക്കം വെറും നാല് പേരെ ഇന്ത്യക്കാരായിട്ടുള്ളൂവെന്നും ബാക്കിയെല്ലാം വിദേശികളാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഈ സിനിമ സംവിധാനം ചെയ്തുകൂടെ എന്ന് താന്‍ ജിജോയോട് ചോദിച്ചെന്നും എന്നാല്‍ അദ്ദേഹത്തിന്റെ മനസില്‍ ഇതിനെക്കാള്‍ വലിയ പ്രൊജക്ട് ഉള്ളതുകൊണ്ട് തന്നോട് ഈ കഥ സംവിധാനം ചെയ്യാന്‍ പറഞ്ഞെന്നും മോഹന്‍ലാല്‍ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
‘ഈ സിനിമയുടെ കഥ എന്നിലേക്ക് എത്തിയത് വളരെ യാദൃശ്ചികമായാണ്. ഒരു സിനിമ സംവിധാനം ചെയ്യണമെന്നുള്ള ആഗ്രഹം ഞാന്‍ സന്തോഷ് ശിവനുമായി പങ്കുവെച്ചിരുന്നു. അതൊരു ത്രീ.ഡി സിനിമയാണെങ്കില്‍ ഓഡിയന്‍സിന് നല്ലൊരു എക്‌സ്പീരിയന്‍സ് കിട്ടുമെന്ന് മനസിലാക്കി. അതിന് ഏത് കഥ വേണമെന്ന് ഒരുപാട് ആലോചിച്ചു. അങ്ങനെയാണ് ജിജോ സാര്‍ ബാറോസിന്റെ കഥ പറയുന്നത്. ഒരുപാട് വിദേശ ആര്‍ട്ടിസ്റ്റുകള്‍ ഈ സിനിമയടെ മുന്നണിയിലും പിന്നണിയിലുമുണ്ട്. ഞാനടക്കം നാല് പേര്‍ മാത്രമേ ഇന്ത്യക്കാരായിട്ടുള്ളൂ.
സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് മികച്ചൊരു എക്‌സ്പീരിയന്‍സ് ഈ സിനിമയിലൂടെ കിട്ടും. സന്തോഷ് ശിവന്‍ ഇതിന് മുമ്പ് പല സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ത്രീ.ഡി സിനിമ ചെയ്യുന്നത്. ഈ സിനിമ എന്തുകൊണ്ട് ജിജോ സാര്‍ ചെയ്യുന്നില്ല എന്ന് ചോദിച്ചു. ഒരു ചിരി മാത്രമായിരുന്നു മറുപടി. അദ്ദേഹത്തിന്റെ മനസില്‍ ഇതിനെക്കാള്‍ വലിയ പ്രൊജക്ടുണ്ട്. അതുകൊണ്ടാണ് ഞാന്‍ ബാറോസ് ചെയ്യാന്‍ തീരുമാനിച്ചത്,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal about Barroz and Jijo Punnoose