ചിലരോട് നമുക്ക് പെട്ടെന്നൊരു അടുപ്പം തോന്നും, അയാൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് അങ്ങനെയാണ്: മോഹൻലാൽ
Entertainment
ചിലരോട് നമുക്ക് പെട്ടെന്നൊരു അടുപ്പം തോന്നും, അയാൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് അങ്ങനെയാണ്: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th January 2025, 2:32 pm

നാല് പതിറ്റാണ്ടിലധികമായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. ഇത്രയും കാലത്തെ കരിയറില്‍ മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല.

തന്നിലെ നടനെയും താരത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ചുരുക്കം നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമ ഈയിടെ തിയേറ്ററിൽ എത്തിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് സിനിമ നേടുന്നത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിർമിച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂർ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. വളരെ അപ്രതീക്ഷിതമായാണ് ആന്റണി തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതെന്നും മൂന്നാംമുറ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ആന്റണിയെ ആദ്യമായി കാണുന്നതെന്നും അദ്ദേഹം പറയുന്നു.

കൂടെപ്പോരുന്നോയെന്ന് ചോദിച്ചപ്പോൾ ആന്റണി വന്നെന്നും ആ സമയത്ത് തന്നെയാണ് തന്റെ വിവാഹം നടന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ.

‘വളരെ അപ്രതീക്ഷിതമായാണ് ആന്റണി എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. ‘മൂന്നാംമുറ’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ആന്റണിയെ ആദ്യമായി കാണുന്നത്. ചില മനുഷ്യരെ കാണുമ്പോൾ നമുക്ക് പെട്ടെന്ന് അയാളോട് ഒരു അടുപ്പംതോന്നും. അത്തരം ഒരു അടുപ്പം ആന്റണിയോട് തോന്നി.

കൂടെപ്പോരുന്നോ എന്ന് ചോദിച്ചു. ആന്റണി സമ്മതിച്ചു. ആ സമയത്തുതന്നെയാണ് എന്റെ വിവാഹവും നടക്കുന്നത്. എന്റെ ഭാര്യ സുചിത്രയും ആന്റണിയും ഏകദേശം ഒരേ സമയം എന്റെ ജീവിതത്തിലേക്ക് കടന്നുവന്നവരാണ്,’മോഹൻലാൽ പറയുന്നു.

മലയാളത്തിന് നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച പ്രൊഡക്ഷൻ ഹൗസാണ് ആശീർവാദ് ഫിലിംസ്. നരസിംഹം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലൂടെ സിനിമ നിർമാണം തുടങ്ങിയ ആശിർവാദ് സ്പിരിറ്റ്‌, രസതന്ത്രം തുടങ്ങിയ മികച്ച സിനിമകളും മലയാളത്തിന് നൽകിയിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും ഹൈപ്പിലെത്തിയ ഒടിയൻ, മരക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങിയ ചിത്രങ്ങളെല്ലാം ഈ പ്രൊഡക്ഷനിൽ പുറത്തിറങ്ങിയതായിരുന്നു. മലയാളത്തിൽ ഏറ്റവും ബഡ്ജറ്റിൽ ഇറങ്ങുന്ന എമ്പുരാൻ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ആശീർവാദ് സിനിമാസ്.

Content Highlight: Mohanlal About Antony Perumbavoor