കോഴിക്കോട്ടെ ഓട്ടോക്കാരനായ സുധി എന്തുകൊണ്ടാണ് തിരുവനന്തപുരം ഭാഷ സംസാരിച്ചത്; ഏയ് ഓട്ടോയെ കുറിച്ച് മോഹന്‍ലാലും രാജുവും
മോഹന്‍ലാലിനെ ജനകീയനാക്കി ചിത്രമായിരുന്നു വേണു നാഗവള്ളിയുടെ സംവിധാനത്തിലൊരുങ്ങിയ ഏയ് ഓട്ടോ. കോഴിക്കോട്ടെ ഒരു സാധാരണ ഓട്ടോക്കാരനായ സുധിയായിട്ടായിരുന്നു ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. മണിയന്‍പിള്ള രാജുവായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്.
ഏയ് ഓട്ടോ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് അമൃതാ ടി.വിയിലെ ലാല്‍സലാം പരിപാടിയില്‍ മോഹന്‍ലാലും മണിയന്‍പിള്ള രാജുവും. കോഴിക്കോട്ടെ ഓട്ടോക്കാരനായ സുധിക്ക് തിരുവനന്തപുരം ഭാഷ വന്നത് എന്തുകൊണ്ടാണ് എന്നതിനെ കുറിച്ച് രസകരമായാണ് രാജു സംസാരിച്ചത്.
വെള്ളാനകളുടെ നാട് 100 ദിവസം ഓടിയ പടമായിരുന്നു. ആ സമയത്താണ് വേണു നാഗവള്ളിയ്ക്ക് ഒരു പടം കൊടുക്കണമെന്ന് മോഹന്‍ലാല്‍ എന്നെ വിളിച്ച് പറയുന്നത്.
ഒരു സാധാരണക്കാരന്റെ കഥ പറയാന്‍ ഞങ്ങള്‍ ആലോചിച്ചു. അങ്ങനെയാണ് ഓട്ടോ ഡ്രൈവറിലേക്ക് എത്തുന്നത്. ഓട്ടോ ഡ്രൈവര്‍മാരുമായി നിരന്തരം സംസാരിച്ചൊക്കെയാണ് ആ തിരക്കഥ വേണു നാഗവള്ളി ഇത്ര മനോഹരമാക്കുന്നത്.
കോഴിക്കോട് ഷൂട്ട് ചെയ്യാനാണ് തീരുമാനിച്ചത്. റോഡിലാണ് കൂടുതല്‍ സമയവും ഷൂട്ട്. റോഡിലെ ഷൂട്ടിന് കോഴിക്കോട്ടെ ജനങ്ങള്‍ എപ്പോഴും സഹായിക്കും. ഇതിന്റെ തിരക്കഥ എഴുതിയത് തിരുവനന്തപുരത്തെ ഓട്ടോക്കാരുമായി സംസാരിച്ച ശേഷമാണ്. അതുകൊണ്ടായിരിക്കും ഒരുപക്ഷേ സുധിക്ക് തിരുവനന്തപുരം ഭാഷ വന്നുപോയത്. അതുമല്ലെങ്കില്‍ തിരുവനന്തപുരത്തുനിന്നും സുധി ജോലിക്കായി കോഴിക്കോടേക്ക് ഓട്ടോ ഓടിക്കാന്‍ പോയതാണെന്ന് നമുക്ക് കരുതാം എന്നായിരുന്നു ചിരിയോടെയുള്ള മണിയന്‍പിള്ള രാജുവിന്റെ മറുപടി.
ആ സിനിമയില്‍ എന്റെ ഓട്ടോയുടെ പേര് അമ്മേ നാരായണ എന്നായിരുന്നു. സുന്ദരി എന്നായിരുന്നു മോഹന്‍ലാലിന്റെ ഓട്ടോയുടെ പേര്. ആ സിനിമ ഇറങ്ങിയ ശേഷം പല ഓട്ടോക്കാരും ഈ പേരൊക്കെ ഓട്ടോയ്ക്ക് ഇടാന്‍ തുടങ്ങി. മാത്രമല്ല ഈ സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ കൂടുതല്‍ ജനകീയനായി.
പിന്നെ ഓട്ടോറിക്ഷയുടെ പിറകില്‍ തമാശ ക്യാപ്ഷനുകളൊക്കെ എഴുതിവെക്കാന്‍ തുടങ്ങുന്നത് ഏയ് ഓട്ടോ ഇറങ്ങിയ ശേഷമാണ്. തട്ടല്ലേ വീട്ടില്‍ പട്ടിണിയാണ് പോലുള്ള ചില രസകരമായ ക്യാപ്ഷനുകള്‍, ഞാന്‍ പോലും എവിടെയെങ്കിലും പോകുമ്പോള്‍ പൈസ കൊടുത്താല്‍ ഓട്ടോക്കാര്‍ വാങ്ങില്ലായിരുന്നു. ഞാന്‍ നിര്‍ബന്ധിച്ചുകൊടുക്കും,’മണിയന്‍പിള്ള രാജു പറഞ്ഞു.
Content Highlight: Mohanlal about Aey Auto movie and Mohanlal Slang