ഇന്ത്യ കണ്ട മികച്ച നടന്മാരിൽ ഒരാളാണ് മലയാളത്തിന്റെ മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം തുടങ്ങിയ അദ്ദേഹം ഇന്ന് പകരക്കാരനില്ലാത്ത അഭിനേതാവാണ്.
നാല്പത് വർഷത്തെ നീണ്ട കരിയറിൽ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രവും റിലീസിനൊരുങ്ങുമ്പോൾ ആകാംക്ഷയിലാണ് സിനിമ പ്രേമികളും ലാൽ ആരാധകരും.
പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ തുടങ്ങിയ സംവിധായകരോടൊപ്പം മലയാളത്തിലെ മികച്ച സിനിമകളുടെ ഭാഗമായിട്ടുള്ള മോഹൻലാൽ അന്യഭാഷകളിൽ മണിരത്നത്തിനൊപ്പവും രാം ഗോപാൽ വർമക്കുമൊപ്പമെല്ലാം സിനിമകൾ ചെയ്തിട്ടുണ്ട്. ഇത്രയേറെ സിനിമകൾ ചെയ്തിട്ടുള്ള മോഹൻലാൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനൊപ്പം ഒരു പടവും ചെയ്തിട്ടില്ല.
എന്നാൽ അടൂർ തന്നെ ഒരു സിനിമയിലേക്ക് വിളിച്ചിരുന്നുവെന്നും എന്നാൽ അന്ന് താൻ പരദേശി എന്ന സിനിമയുടെ തിരക്കിലായിരുന്നുവെന്നും മോഹൻലാൽ പറയുന്നു. ജീവിതത്തിൽ ഒരു പ്രത്യേക സംവിധായകനോടൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹം തനിക്ക് തോന്നിയിട്ടില്ലെന്നും മോഹൻലാൽ പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയിരുന്നു അദ്ദേഹം.
‘അദ്ദേഹം എന്നെ ഒരു സിനിമയിലേക്ക് വിളിച്ചതാണ്. ഞാൻ അവിടെ പോവുകയും കഥാപാത്രത്തിനെ കുറിച്ചെല്ലാം അദ്ദേഹം പറയുകയും ചെയ്തിരുന്നു. പക്ഷെ അദ്ദേഹം ആ സിനിമ തുടങ്ങുന്ന സമയത്ത് ഞാൻ അഭിനയിച്ച പരദേശി എന്ന സിനിമയുടെ ഷൂട്ട് നടക്കുകയായിരുന്നു. അതിൽ നിന്ന് വിട്ട് മാറി വരാൻ എനിക്ക് പറ്റാതായി.
കാരണം അതിന്റെ മേക്കപ്പും കാര്യങ്ങളുമൊക്കെയായിട്ട് ഞാൻ മറ്റൊരു അവസ്ഥയിലായിരുന്നു. അതങ്ങനെ സംഭവിച്ചു. പിന്നെ എല്ലാവരുടെയും സിനിമയിൽ അഭിനയിക്കണമെന്നൊന്നുമില്ല. എല്ലാവർക്കും അതിനുള്ള ഭാഗ്യം വേണം. എനിക്കൊരു ഭാഗ്യമുണ്ടെങ്കിൽ ഞാൻ അഭിനയിക്കും. അത്രയേ ഉള്ളൂ. ഒരാളുടെ സിനിമയിൽ അഭിനയിക്കണമെന്നൊന്നും ഞാൻ ഇതുവരെ ചിന്തിച്ചിട്ടില്ല. ഇനി ചിന്തിക്കുകയും ഇല്ല,’മോഹൻലാൽ പറയുന്നു.
മതിലുകൾ, വിധേയൻ എന്നീ സിനിമകളിലൂടെ മമ്മൂട്ടിക്ക് നാഷണൽ അവാർഡ് നേടി കൊടുത്ത സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. അതേസമയം മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായ എമ്പുരാന്റെ ഷൂട്ട് ഈയിടെ കഴിഞ്ഞിരുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിലും മോഹൻലാൽ ഭാഗമാകുന്നുണ്ട്.
കൂടാതെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും, സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം തുടങ്ങി ഒരുപറ്റം മികച്ച സിനിമകൾ മോഹൻലാലിന്റേതായി പുറത്തുവരാനുണ്ട്.
Content Highlight: Mohanlal About Adoor Gopalakrishnan