| Tuesday, 7th January 2025, 12:41 pm

വില്ലനിൽ നിന്ന് നായകനിലേക്കുള്ള ആ നടന്റെ വളർച്ചയിൽ പല താര സിംഹാസനങ്ങളും ഇല്ലാതെയായി: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാലുപതിറ്റാണ്ടായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ വില്ലൻ കഥാപാത്രമായി കരിയർ തുടങ്ങിയ അദ്ദേഹം ഇന്ന് ഏറെ ആരാധകരുള്ള ഒരു നായകനാണ്.

മലയാളത്തിലും വിവിധ ഭാഷകളിലും മികച്ച അഭിനേതാക്കളോടൊപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ സാധിച്ച മോഹൻലാൽ മലയാളത്തിന്റെ ഹരമായിരുന്ന ജയനെ കുറിച്ച് സംസാരിക്കുകയാണ്.

മോഹൻലാലിനെ പോലെ വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ജയനും തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. സഞ്ചാരി എന്ന സിനിമയിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

തന്റെ കോളേജ് കാലത്ത് ജയൻ വല്ലാതെ ആകർഷിച്ച ഒരു നടനായിരുന്നുവെന്നും ആദ്യ സിനിമയായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അഭിനയിക്കുമ്പോൾ ജയൻ മലയാളത്തിലെ താരമൂല്യമുള്ള നടനായി മാറിയിരുന്നുവെന്നും മോഹൻലാൽ പറയുന്നു. ആക്ഷൻ സിനിമകൾക്ക് മലയാളത്തിൽ വലിയ സ്വീകാര്യത ഉണ്ടാവുന്നത് ജയന്റെ കാലത്താണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

‘എൻ്റെ കോളേജ് കാലത്ത് നസീർ സാറും മധുസാറുമായിരുന്നു ഹിറോകൾ. അക്കാലത്ത് വില്ലനായിരുന്നു ജയൻ. എങ്കിലും കരുത്തും സാഹസികതയും ഇണങ്ങിച്ചേരുന്ന അദ്ദേഹത്തിൻ്റെ ശൈലി എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. എന്നാൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി‘ൽ ഞാൻ അഭിനയിക്കാനെത്തുമ്പോഴേക്കും ജയൻ മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനായി മാറിയിരുന്നു. വില്ലനിൽ നിന്ന് നായകനിലേക്കുള്ള അദ്ദേഹത്തിൻ്റെ വളർച്ചയിൽ പല താരസിംഹാസനങ്ങളും തകിടം മറിഞ്ഞു.

സഞ്ചാരി എന്ന ചിത്രത്തിൽ ജയനും മോഹൻലാലും

ജയൻ അഭിനയിച്ച സിനിമകളെല്ലാം സുപ്പർ ഹിറ്റുകളായതോടെ മലയാളികൾ ആ താരത്തെ നെഞ്ചിലേറ്റി. ആക്ഷൻ സിനിമകൾക്ക് മലയാളത്തിൽ വ്യാപകമായ സ്വാധീനമുണ്ടാകുന്നത് ജയന്റെ കാലത്താണ്. കാരണം അത്രയേറെ ആക്ഷൻചിത്രങ്ങൾ ആ കാലത്ത് പുറത്തുവന്നു.

അങ്ങാടി‘യാണ് ജയനെ ആസ്വാദക ഹൃദയങ്ങളിൽ പതിച്ചു വെച്ച ചിത്രം. മുറിക്കയ്യൻ ബനിയനുമിട്ട് ഇംഗ്ലീഷിൽ ഗർജിക്കുന്ന തൊഴിലാളി നേതാവിന്റെ രൂപമാണ് ജയനെ ഓർക്കുമ്പോൾ ആദ്യം ഓർമയിലെത്തുന്നത്,’മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal About Actor Jayan

We use cookies to give you the best possible experience. Learn more