ആ യുവനടനെ കുറിച്ചുള്ള എന്റെ പ്രവചനം സത്യമായി, അയാൾ ഒരു മികച്ച നടനാണ്: മോഹൻലാൽ
Entertainment
ആ യുവനടനെ കുറിച്ചുള്ള എന്റെ പ്രവചനം സത്യമായി, അയാൾ ഒരു മികച്ച നടനാണ്: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd December 2024, 7:30 pm

നാല് പതിറ്റാണ്ടിലധികമായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. ഇത്രയും കാലത്തെ കരിയറില്‍ മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. തന്നിലെ നടനെയും താരത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ചുരുക്കം നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍.

നിലവിൽ മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. മലയാളത്തിന് പുറമെ അന്യഭാഷകളിലും തിരക്കുള്ള നടനാണ് ഫഹദ്. ഫഹദ് ഫാസിലിനെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. ഫഹദിന്റെ പിതാവ് ഫാസിലുമായി വളരെകാലമായുള്ള ബന്ധമാണെന്നും ഫഹദ് തനിക്കൊപ്പം സിനിമ ചെയ്യുന്നത് വലിയ കാര്യമാണെന്നും മോഹൻലാൽ പറയുന്നു.

കാലങ്ങൾക്ക് മുമ്പ് ഫഹദ് സിനിമയിൽ അഭിനയിക്കുന്നതിന് കുറിച്ച് ഫാസിൽ ചോദിച്ചപ്പോൾ ഫഹദിനെ സിനിമയിലേക്ക് കൊണ്ടുവന്ന് കഴിവ് തെളിയിക്കാൻ അവസരം നൽകണമെന്ന് താൻ പറഞ്ഞിരുന്നുവെന്നും ഇപ്പോൾ അത് സത്യമായി മാറിയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

‘ഫഹദിന്റെ അച്ഛനാണ് എന്റെ ആദ്യ സിനിമ സംവിധാനം ചെയ്തത്. കഴിഞ്ഞ മാസം ഞാനും ഫാസിൽ സാറും ഒന്നിച്ച് അഭിനയിച്ചിരുന്നു. ലൂസിഫറിന്റെ സീക്വലായ എമ്പുരാനിൽ. കുറേ വർഷങ്ങൾക്ക് മുമ്പ് ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൻ എനിക്കൊപ്പം ഒരു സിനിമ ചെയ്യുകയെന്ന് പറഞ്ഞാൽ എന്നെ സംബന്ധിച്ച് അതൊരു വലിയ കാര്യമാണ്.

എത്രയോകാലമായി അദ്ദേഹത്തെയും കുടുംബത്തെയും എനിക്കറിയാം. ഫഹദ് ഒരു ഗ്രേറ്റ് ആക്ടറാണ്. ഫഹദ് യു.എസിൽ പഠിക്കുന്ന സമയത്ത് ഫാസിലിക്ക എന്നോട്, ഫഹദിന്റെ അഭിനയത്തെ കുറിച്ച് ചോദിച്ചിരുന്നു. അന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്, അവനൊരു പ്ലാറ്റ്‌ഫോം കൊടുക്കണം എന്നാണ്. എന്നെ എങ്ങനെയാണോ സിനിമയിലേക്ക് തെരഞ്ഞെടുത്തത് അതുപോലെ അവനെയും കൊണ്ടുവരൂവെന്ന് ഞാൻ പറഞ്ഞു. പിന്നീട് അവൻ സിനിമയിലേക്ക് വന്നു. എന്റെ പ്രവചനം പെർഫെക്റ്റ് ആയി മാറിയില്ലേ. ഫഹദിപ്പോൾ ഒരു മികച്ച നടനാണ്. വളരെ നന്നായി അയാൾ സിനിമകൾ ചെയ്യുന്നു,’മോഹൻലാൽ പറയുന്നു.

മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിൽ ഫഹദ് ഫാസിലും ഭാഗമാവുമെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം ക്രിസ്മസ് ദിനത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തും. ത്രീ.ഡിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

 

Content Highlight: Mohanlal About Acting Of Fahad Fazil