ഒരു സിനിമ മോശമായാല്‍ നടന്റെ മേല്‍ മാത്രം അതിന്റെ കുറ്റം ആരോപിക്കപ്പെടുകയാണെന്നും മലയാളത്തില്‍ മാത്രമാണ് ആ രീതിയെന്നും നടന്‍ മോഹന്‍ലാല്‍. മറ്റിടങ്ങളിലൊക്കെ സംവിധായകന്റെ പേരിലാണ് പരാജയത്തിന്റെ ഉത്തരവാദിത്തം കൂടുതലായി വരികയെന്നും എന്നാല്‍ ഇവിടെ അങ്ങനെയല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരു നടനെ സംബന്ധിച്ച് ഉത്തരവാദിത്തം എന്ന് പറയുന്നത് ആ സിനിമ ഏറ്റവും നന്നായി ചെയ്യുക എന്നതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
നല്ല റോളുകള്‍ കിട്ടുക, കൂടുതല്‍ എക്‌സൈറ്റ് ചെയ്യിക്കുന്ന സബ്ജക്ടുകള്‍ കിട്ടുക എന്നതൊക്കെ പ്രധാനപ്പെട്ടത്. അപ്പോള്‍ അതില്‍ ഒരു മടുപ്പുണ്ടാവില്ല. മാത്രമല്ല കൂടുതല്‍ നന്നായി ചെയ്യാനുള്ള ആഗ്രഹം ഉണ്ടാവും.
മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ഞാന്‍ അറിയാതെ വന്ന ആക്ടറാണ്. അതിന് ശേഷം എനിക്ക് സിനിമയോട് വലിയ താത്പര്യം തോന്നി. പിന്നെ അതിനോട് ഒരു ഫയര്‍ ഉണ്ടായി. അതേ ഫയര്‍ ഇപ്പോഴും നിലനിര്‍ത്താന്‍ സാധിക്കുന്നു എന്നതായിരിക്കാം ഇത്രയും വര്‍ഷമായിട്ടും ആളുകള്‍ എന്നെ സ്വീകരിക്കുന്നതിന് പിന്നില്‍. അത് വലിയൊരു ഭാഗ്യമാണ്. അതില്‍ എനിക്കൊപ്പം സഞ്ചരിച്ച എല്ലാവരോടും ഞാന്‍ മനസില്‍ നന്ദി പറയുകയാണ്, മോഹന്‍ലാല്‍ പറഞ്ഞു.
ഒരു സിനിമ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുക എന്നത് ഒരു നടനെ സംബന്ധിച്ച് വലിയ ഉത്തരവാദിത്തമല്ലേ എന്ന ചോദ്യത്തിന് ഒരു സിനിമ മോശമായാല്‍ നടന്റെ മേല്‍ മാത്രം അതിന്റെ കുറ്റം ആരോപിക്കപ്പെടുകയാണെന്നും മലയാളത്തില്‍ മാത്രമാണ് ആ രീതിയെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
ഒരു സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞാല്‍ എന്റെ ഉത്തരവാദിത്തം കഴിഞ്ഞു. ഇനി ആ സിനിമ കാണുന്നവരുടെ ഉത്തരവാദിത്തമാണ്. പ്രേക്ഷകരുടെ ഉത്തരവാദിത്തമാണ് ആ സിനിമയെ സ്വീകരിക്കണോ വേണ്ടയോ എന്നത്. എനിക്ക് എന്റെ അടുത്ത സിനിമയെ കുറിച്ചേ ഇനി ചിന്തിക്കാന്‍ പറ്റുള്ളൂ. സിനിമ റിലീസായി കഴിഞ്ഞാല്‍ പിന്നെ ഒരു കറക്ഷനും ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ആ ഉത്തരവാദിത്തങ്ങള്‍ നമ്മള്‍ ഷെയര്‍ ചെയ്തു. തിരക്കഥാകൃത്ത് സംവിധായകര്‍ ഒരുപാട് പേര്‍ ചേര്‍ന്ന വലിയൊരു കോണ്‍ഗ്രസാണ് സിനിമ.
മലയാളത്തില്‍ ആയിരിക്കാം ഒരു ആക്ടറുടെ പേരില്‍ സിനിമയുടെ പരാജയം ആരോപിക്കപ്പെടുന്നത്. ശരിക്കും സംവിധായകന്റെ പേരിലാണ് വേറെ സ്ഥലങ്ങളിലൊക്കെ ആരോപിക്കപ്പെടുന്നത്.
എന്റെ ഉത്തരവാദിത്തം എന്ന് പറയുന്നത് എനിക്ക് തന്നിരിക്കുന്ന റോള്‍ ഏറ്റവും നന്നായി ചെയ്യാന്‍ ശ്രമിക്കുക എന്നതാണ്. അത് മാത്രമല്ല ആ സിനിമയുടെ ടോട്ടാലിറ്റിയിലും കൂടെ സഞ്ചരിക്കണം.
നല്ല സിനിമയാണെന്നും കാലികപ്രസക്തമായ സിനിമയാണെന്നും അറിഞ്ഞുകൊണ്ടാണ് ഞാന്‍ നേരില്‍ അഭിനയിക്കുന്നത്. അഭിനയിച്ചു, ആ സിനിമ കണ്ടു. അതൊരു നല്ല സിനിമയാണ് എന്ന് ഞാന്‍ നിങ്ങളോട് പറയണമെങ്കില്‍ അതില്‍ ഒരു സത്യസന്ധത വേണം.
നേര് ഞങ്ങള്‍ വളരെയധികം കഷ്ടപ്പെട്ട് ഉണ്ടാക്കിയ സിനിമയാണ്. ആ സിനിമ മോശമാണെന്ന് പറയാനുള്ള എല്ലാ അധികാരവും നിങ്ങള്‍ക്കുണ്ട്. പക്ഷേ ഒരു നല്ല സിനിമയെ മോശം എന്ന് പറയണോ എന്ന് തീരുമാനിക്കേണ്ടതും നിങ്ങളാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal about A Flop Movie and Actor Responsibility