| Thursday, 1st April 2021, 9:17 pm

കേസ് കൊടുക്കില്ല; അത് ഏപ്രില്‍ ഫൂളായിരുന്നു; ആ സ്പിരിറ്റില്‍ എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു; വിശദീകരണവുമായി രാഹുല്‍ ഈശ്വര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മോഹന്‍കുമാര്‍ ഫാന്‍സ് എന്ന സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കുമെന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏപ്രില്‍ ഫൂള്‍ ആയിരുന്നെന്ന് വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍.

എല്ലാ ടീമിനും ആശംസകള്‍ നേരുന്നെന്നും സംവിധായകന്‍ ജിസ് ജോയ്, ശ്രീ കുഞ്ചാക്കോ ബോബന്‍, ശ്രീ സൈജു കുറുപ്പ് അടക്കം എല്ലാവര്‍ക്കും നന്മ നേരുന്നെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ജിസ് ജോയ് കുറച്ചു നേരത്തേക്കെങ്കിലും ടെന്‍ഷന്‍ അടിച്ചു എന്ന് അറിയാം. ഏപ്രില്‍ ഫൂള്‍ സ്പിരിറ്റില്‍ എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
താനും തന്റെ മുത്തശ്ശി ദേവകി, അമ്മ മല്ലിക, ദീപ, യാഗ് എന്നിവരുമായി ആണ് ഈ സിനിമ കണ്ടത്. നല്ല കുടുംബ സിനിമയാണ്. സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

നേരത്തെ രാഹുലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ ഒരു സീന്‍ തന്നെ അപമാനിക്കുന്നതാണെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്. സിനിമയിലൂടെ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു എന്നാരോപിച്ചാണ് രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

നേരത്തെ തന്നെ ഇത് രാഹുല്‍ ഈശ്വറിന്റെ ഏപ്രില്‍ ഫൂള്‍ പോസ്റ്റ് ആണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പറഞ്ഞിരുന്നു. അതേസമയം ചിത്രത്തിന്റെ നിര്‍മ്മാതാവുമായുള്ള ഒത്തുകളിയാണ് ഇതെന്നും ചിത്രം തിയേറ്ററില്‍ നിന്ന് പോകാതിരിക്കാനുള്ള പ്രെമോഷന്‍ തന്ത്രമാണെന്നും സോഷ്യല്‍ മീഡിയ പറഞ്ഞിരുന്നു.

ഇതിന് കാരണമായി സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത് മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തിനെ പുകഴ്ത്തി ചിത്രത്തിന്റെ റിലീസ് ദിവസം രാഹുല്‍ ഈശ്വര്‍ തന്നെ രംഗത്ത് എത്തിയിരുന്നു.

അവതാരകന്‍ അഭിലാഷുമായി മുമ്പ് ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെ രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങളാണ് സിനിമയില്‍ കോമഡിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘അഭിലാഷേ മുപ്പത് സെക്കന്റ് തരൂ, കഷ്ടമാണിത്’ എന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുന്ന രംഗമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്. ‘മുപ്പത് സെക്കന്റ് കൊടുക്ക് അഭിലാഷേ’ എന്ന് സിനിമയില്‍ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും അലന്‍സിയറും മറുപടിയായും പറയുന്നുണ്ട്.

ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, മോഹന്‍കുമാര്‍ ഫാന്‍സ് എന്ന സിനിമക്കെതിരെ, ഡയറക്ടര്‍ ജിസ് ജോയ്, ശ്രീ സൈജുകുറുപ്പ് എതിരെ നിയമനടപടി സ്വീകരിക്കും എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി, അധിക്ഷേപം എന്നീ പരാതികളില്‍ ഐ.പി.സി സെക്ഷന്‍ 499, 500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് പൊലീസില്‍ ഇന്ന് തന്നെ പരാതി നല്‍കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mohankumar Fans Movie It was April Fool; Requests to be taken in that spirit; Rahul Ishwar with explanation

We use cookies to give you the best possible experience. Learn more