കോഴിക്കോട്: നിപ്പാ വൈറസ് ബാധയെക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ പ്രചരണം നടത്തിയതിന് കേസ് എടുത്തതിന് തൊട്ട് പിന്നാലെ മാപ്പിരന്നും മുഖ്യമന്ത്രിയെ പുകഴ്ത്തിയും പുതിയ വിഡിയോയുമായി മോഹനന്‍ വൈദ്യര്‍.
താന്‍ പറഞ്ഞ കാര്യങ്ങള്‍ ആളുകള്‍ തെറ്റിദ്ധരിക്കുകയായിരുന്നെന്നും താന്‍ ഉദ്ദേശിച്ചത് ഇതല്ലെന്നുമാണ് മോഹനന്‍ പറയുന്നത്. താന്‍ മന്ത്രിസഭയ്ക്കോ രാഷ്ട്രീയത്തിനോ മതത്തിനും ഒന്നും എതിരല്ലെന്നും നാട്ടുകാരോടും ആരോഗ്യ വകുപ്പിനോടും പിണറായി സര്‍ക്കാരിനോടും ആയി പുറത്ത് വിട്ട വിഡിയോയില്‍ പറയുന്നുണ്ട്. വൈദ്യരുടെ മാപ്പ് പറച്ചില്‍ വൈറലായതോടെ വീഡിയോ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
പിണറായി സര്‍ക്കാരിനെ പുകഴ്ത്തിയാണ് മോഹനന്‍ വൈദ്യര്‍ വീഡിയോ ആരംഭിക്കുന്നത് . പിണറായി സര്‍ക്കാര്‍ പാരമ്പര്യ വൈദ്യത്തെ അത്രയധികം സപ്പോര്‍ട്ട് ചെയ്യുന്ന സര്‍ക്കാര്‍ ആണെന്നും പാരമ്പര്യ വൈദ്യന്‍മാരെ പ്രോത്സാഹിപ്പിക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയം എന്ന് ശെെലജ ടീച്ചര്‍ പ്രസ്താവന ഇറക്കിയെന്നും മോഹനന്‍ പറയുന്നുണ്ട്.
അലോപ്പതിയില്‍ ഈ രോഗത്തിന് മരുന്നില്ലെന്ന് അവര്‍ തന്നെ കൃത്യമായി പറയുന്നുണ്ട്. മറ്റ് വൈദ്യശാസ്ത്രങ്ങളില്‍ മരുന്നുണ്ട് എന്ന് പറയുന്നു. അതുകൊണ്ടാണ്, എല്ലാവരേയും ചേര്‍ത്ത് യോഗം വിളിക്കാന്‍ താന്‍ പറഞ്ഞത്. അല്ലാതെ, ആരേയും അവഹേളിക്കാനോ ആക്ഷേപിക്കാനോ അല്ലെന്നും നമ്മുടെ ലക്ഷ്യം പൊതുജനങ്ങളുടെ ആരോഗ്യം ആണ്. അതിനെ എങ്ങനെയെങ്കിലും സംരക്ഷിക്കുകയാണ് വേണ്ടത്. അവരുടെ ഭയം ഉന്‍മൂലനം ചെയ്യണം എന്നേ താന്‍ പറഞ്ഞുള്ളൂ. നല്ലത് ചെയ്യുന്നതിന്റെ കൂടെ എപ്പോഴും ഉണ്ടാവുമെന്നും മോഹനന്‍ പറയുന്നു.
ആളുകളുടെ തെറ്റിദ്ധാരണ മാറ്റാന്‍ വേണ്ടി ആണ് താന്‍ അങ്ങനെ ചെയ്തത്. ഇതുവരെ രോഗം പടര്‍ന്നത് എങ്ങനെ എന്നതിന്റെ റിപ്പോര്‍ട്ട് പോലും വന്നിട്ടില്ലെന്നും ഭീകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കാതിരിക്കാന്‍ വേണ്ടിയാണ് താന്‍ അങ്ങിനെ പറഞ്ഞതെന്നും മോഹനന്‍ വൈദ്യര്‍ പറയുന്നുണ്ട്
താന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനും, തന്റെ വായില്‍ നിന്ന് എന്തെങ്കിലും വീണുപോയിട്ടുണ്ടെങ്കില്‍ അതിനും സര്‍ക്കാരിനോടും ആരോഗ്യ വകുപ്പിനോടും ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
നേരത്തെ നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാറും ആരോഗ്യപ്രവര്‍ത്തകരും ശക്തമായ നടപടികളും ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ പേരാമ്പ്ര മേഖലയില്‍ നിന്നും ശേഖരിച്ച വവ്വാല്‍ കഴിച്ച പഴങ്ങളുടെ ബാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ട് പഴങ്ങള്‍ തിന്നുന്ന വീഡിയോ പ്രചരിപ്പിച്ചുകൊണ്ട് മോഹനന്‍ വൈദ്യര്‍ രംഗത്തുവന്നിരുന്നു.
വവ്വാലും മറ്റും കടിച്ച പഴങ്ങള്‍ കഴിക്കരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ശക്തമായ നിര്‍ദേശം നല്‍കി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് മോഹനന്‍ വൈദ്യര്‍ ഇത്തരമൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.
“ഈ പറയുന്ന നിപ വൈറസ് പേര് കേട്ട് പൊതുസമൂഹം ഭയക്കുന്നു ഞാന്‍ ഈ വവ്വാല്‍ ചപ്പിയ ബാക്കിയാണ് നിങ്ങളെ തിന്നു കാണിക്കുന്നത്. ഈ വൈറസ് ഉണ്ടെങ്കില്‍ ഇന്ന് ഞാന്‍ മരിക്കണം. ” എന്നു പറഞ്ഞുകൊണ്ടാണ് മോഹനന്‍ വൈദ്യര്‍ വീഡിയോ പ്രചരിപ്പിച്ചത്.
ഇതോടെയാണ് മോഹനന്‍ വൈദ്യര്‍ക്കെതിരെ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തത്.