അറസ്റ്റ് ഒഴിവാക്കാന്‍ മോഹനന്‍ വൈദ്യര്‍; ചികിത്സക്കിടെ ഒന്നരവയസ്സുകാരി മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യ ഹരജിയുമായി കോടതിയില്‍
Kerala
അറസ്റ്റ് ഒഴിവാക്കാന്‍ മോഹനന്‍ വൈദ്യര്‍; ചികിത്സക്കിടെ ഒന്നരവയസ്സുകാരി മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യ ഹരജിയുമായി കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th September 2019, 11:36 am

കൊച്ചി: ചികിത്സക്കിടെ ഒന്നരവയസ്സുകാരി മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് പാരമ്പര്യ ചികിത്സകന്‍ എന്നവകാശപ്പെടുന്ന മോഹനന്‍ വൈദ്യര്‍. ഹൈക്കോടതിയിലാണ് ജാമ്യഹരജി സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ 17 ന് ഹരജി പരിഗണിക്കും.

താന്‍ ഇരുപതു വയസുമുതല്‍ പ്രകൃതി ചികില്‍സ നടത്തുന്ന ആളാണെന്നു ജാമ്യഹരജിയില്‍ മോഹനന്‍ വൈദ്യര്‍ പറയുന്നുണ്ട്. പത്താംക്ലാസ് മാത്രമാണ് വിദ്യാഭ്യാസയോഗ്യത. പരമ്പരാഗതമായാണ് നാട്ടുവൈദ്യം അഭ്യസിച്ചത്.

മരുന്നു കുറിച്ചുകൊടുക്കാറില്ല. പ്രകൃതിജീവനം, ഭക്ഷണക്രമം എന്നിവയിലൂടെ രോഗം ഭേദമാക്കാമെന്ന ആശയത്തില്‍ ഊന്നിയാണ് പ്രവര്‍ത്തനം. അപൂര്‍വവും ചികില്‍സിച്ചുമാറ്റാന്‍ കഴിയാത്തതുമായ രോഗങ്ങള്‍ക്കാണ് ചികില്‍സ നല്‍കിയിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒന്നര വയസുകാരിയായ കുട്ടി മരിക്കാനിടയാക്കിയത് തന്റെ ചികിത്സാ പിഴവുമൂലമല്ല. കുട്ടിക്ക് യാതൊരുവിധ മരുന്നും കുറിച്ചുനല്‍കിയിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യഹരജിയില്‍ മോഹനന്‍ നായര്‍ വ്യക്തമാക്കുന്നു. നിരവധി പേര്‍ക്ക് സൗഖ്യം പകര്‍ന്നിട്ടുണ്ട്. എം.പിമാര്‍, എം.എല്‍.എമാര്‍, വിവിധ എന്‍.ജി.ഒകള്‍ അടക്കമുള്ളവര്‍ തന്നെ ആദരിച്ചിട്ടുണ്ടെന്നും ഇയാള്‍ ഹരജിയില്‍ പറയുന്നുണ്ട്.

പ്രപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലിരുന്ന കുട്ടി വൈദ്യരുടെ അശാസ്ത്രീയ ചികിത്സമൂലം മരിച്ചെന്നാണ് മോഹനനെതിരായ പരാതി. സംഭവത്തില്‍ മനഃപൂര്‍വമായ നരഹത്യക്കു മാരാരിക്കുളം പൊലീസ് കേസെടുത്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വൈദ്യരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുഖ്യമന്ത്രിക്കു കത്തു നല്‍കിയതിന് പിന്നാലെയാണ് മോഹനന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്.

ആലപ്പുഴ ഓച്ചിറ കൃഷ്ണപുരത്താണ് ജെ.എന്‍. നാട്ടുവൈദ്യശാല എന്ന പേരില്‍ മോഹനന്‍ നായര്‍ ചികിത്സിക്കുന്നത്.