മോഹനന്‍ കുന്നുമ്മലിന് കേരള സര്‍വകലാശാല വി.സിയുടെ അധിക ചുമതല; രാഷ്ട്രീയ നീക്കം ശക്തമാക്കി ഗവര്‍ണര്‍
Kerala News
മോഹനന്‍ കുന്നുമ്മലിന് കേരള സര്‍വകലാശാല വി.സിയുടെ അധിക ചുമതല; രാഷ്ട്രീയ നീക്കം ശക്തമാക്കി ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th October 2022, 11:20 pm

തിരുവനന്തപുരം: കേരള സര്‍വകലാശാല വി.സിയുടെ അധിക ചുമതല ആരോഗ്യ സര്‍വകലാശാല വി.സി ഡോ. മോഹനന്‍ കുന്നുമ്മലിന് നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കി. നിലവിലുള്ള വി.സി ഡോ. വി.പി മഹാദേവന്‍ പിള്ളയുടെ കാലാവധി തിങ്കളാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് നടപടി.

2019 ഒക്ടോബറിലായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡോ. മോഹനന്‍ കുന്നുമ്മലിനെ ആരോഗ്യ സര്‍വകലാശാല വി.സിയായി നിയമിച്ചത്. സംഘ്പരിവാര്‍ കേന്ദ്രങ്ങളുടെ താല്‍പര്യത്തിന് വിധേയമായാണ് സര്‍ക്കാര്‍ നോമിനിയെ വെട്ടി ബി.ജെ.പി പിന്തുണയുള്ള ഇദ്ദേഹത്തിന് അവസരം നല്‍കിയതെന്ന് അന്ന് തന്നെ ആരോപണം ഉണ്ടായിരുന്നു.

വി.സി സ്ഥാനത്തേക്ക് മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. പ്രവീണ്‍ലാല്‍ കുറ്റിച്ചിറയുടെ പേരായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഇതിന് പുറമെ ഡോ. വി. രാമന്‍കുട്ടിയുടെയും ഡോ. മോഹന്‍ കുന്നുമ്മലിന്റെയും പേര് സെര്‍ച്ച് കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു.

പ്രവീണ്‍ലാലിനെ വി.സിയായി നിയമിക്കാനുള്ള സര്‍ക്കാര്‍ താല്‍പര്യം ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജ ഗവര്‍ണറെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സെര്‍ച്ച് കമ്മിറ്റി നല്‍കിയ പട്ടികയിലെ മൂന്നാം പേരുകാരനായ ഡോ. മോഹന്‍ കുന്നുമ്മലിനെ വി.സിയായി നിയമിച്ചാണ് ഗവര്‍ണര്‍ ഉത്തരവിറക്കിയത്.

കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിയുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഡോ. മോഹന്‍ കുന്നുമ്മല്‍. കേന്ദ്ര സര്‍ക്കാര്‍ രാജ്ഭവനില്‍ നടത്തിയ ഇടപെടലിലാണ് ആരോഗ്യ സര്‍വകലാശാല വി.സി നിയമനം നടന്നതെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പരസ്യ പ്രതികരണങ്ങളില്‍ നിന്ന് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മാറിനില്‍ക്കുകയായിരുന്നു

രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരിഫ് മുഹമ്മദ് ഖാനും വിരമിക്കുന്ന കേരള വി.സി ഡോ. വി.പി മഹാദേവന്‍ പിള്ളയും തമ്മിലുള്ള കടുത്ത വിയോജിപ്പ് പരസ്യമായിരുന്നു.

ഇക്കാര്യത്തില്‍ മഹാദേവന്‍ പിള്ള ഗവര്‍ണര്‍ക്ക് എഴുതിയ കത്തിനെ പരിഹസിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു. വൈസ് ചാന്‍സലറുടെ ഭാഷ കണ്ട് താന്‍ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ് ഉപയോഗിച്ചതെന്നുമായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്.

അതേസമയം, കണ്ണൂര്‍ സ്വദേശിയായ ഡോ. മോഹനന്‍ കുന്നുമ്മല്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് റേഡിയോ ഡയഗ്‌നോസിസ് വിഭാഗം മേധാവിയായിരുന്നു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ദീര്‍ഘകാലം റേഡിയോ ഡയഗ്‌നോസിസില്‍ അധ്യാപകനായിരുന്ന ഇദ്ദേഹം 2016ല്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിങ് അസോസിയേഷന്‍ പ്രസിഡന്റ്, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗം തുടങ്ങിയ പദവികള്‍ വഹിച്ചു. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗമാണ്. ഇദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

Content Highlight: Mohanan Kunnummal has additional charge of Kerala University VC; Governor’s Order