|

ഒരു മലൈക്കോട്ടൈ വാലിബന്‍ അപ്‌ഡേറ്റ് ആയാലോ; മോഹന്‍ലാല്‍ വാട്‌സ് ആപ്പ് ചാനലിന്റെ ആദ്യ അപ്‌ഡേറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകരെ വിശേഷങ്ങള്‍ നേരിട്ടറിയിക്കാന്‍ മോഹന്‍ലാലും മമ്മൂട്ടിയും വാട്സ് ആപ്പ് ചാനല്‍ തുടങ്ങിയത് കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു. പുതിയ സിനിമകളുടെ അപ്ഡേറ്റുകള്‍ നേരിട്ടറിയിക്കും എന്ന് പറഞ്ഞുകൊണ്ടാണ് താരങ്ങള്‍ ഇരുവരും ചാനലില്‍ ആദ്യ മെസേജ് പങ്കുവെച്ചത്.

തന്റെ വാട്‌സ് ആപ്പ് ചാനലില്‍ ആദ്യ അപ്‌ഡേഷന്‍ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ‘നമ്മള്‍ മല്ലൈക്കോട്ടൈ വാലിബനെ പറ്റി സംസാരിച്ചിട്ട് കുറച്ചായല്ലോ. നാളെ അഞ്ച് മണിക്ക് വാലിബനെ പറ്റിയായാലോ സംസാരം. അതെ, നിങ്ങള്‍ക്കായി എന്റെ പക്കല്‍ ഒരു വാര്‍ത്തയുണ്ട്, കാത്തിരിക്കൂ,’ എന്നാണ് വാട്‌സ് ആപ്പ് ചാനലില്‍ മോഹന്‍ലാല്‍ ഇന്ന് പങ്കുവെച്ച സന്ദേശം.

ടെലിഗ്രാമിലെ ചാനലിന് സമാനമായ ഫീച്ചറാണ് വാട്‌സ് ആപ്പ് ചാനല്‍. 21.8കെ ഫോളോവേഴ്സ് ഇതിനോടകം മമ്മൂട്ടിക്ക് ലഭിച്ചപ്പോള്‍ മോഹന്‍ലാലിനെ പിന്തുടരുന്നവര്‍ 24കെ ആണ്. നിലവില്‍ ചാനല്‍ തുടങ്ങാനുള്ള ഓപ്ഷന്‍ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും ലഭിച്ച് തുടങ്ങിയിട്ടില്ല.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മധു നീലകണ്ഠന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Content Highlight: Mohanalal message on his whatsapp channel about malakottai valiban