മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍ എന്ന നടന്‍. നാല് പതിറ്റാണ്ടിലധികമായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. നിരവധി അവാര്‍ഡുകള്‍ നേടിയ മോഹന്‍ലാല്‍ ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രമാണ് ബാറോസ് തിയേറ്ററുകളിലെത്തുകയാണ്. മോഹന്‍ലാലിനെക്കുറിച്ച് പലരും പറയുന്ന വിമര്‍ശനങ്ങളിലൊന്നാണ് പുതിയ സംവിധായകരുമായി കൈകോര്‍ക്കുന്നില്ല എന്നുള്ളത്.
എന്നാല്‍ അതിനെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. പല പുതിയ സംവിധായകരും തന്നോട് കഥ പറയാറുണ്ടെന്നും എന്നാല്‍ അതിലെല്ലാം മോഹന്‍ലാല്‍ എന്ന നടന്‍ ഉണ്ടാകാറുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. തന്റെ പുതിയ ചിത്രമായ തുടരും സംവിധാനം ചെയ്യുന്നത് പുതിയ ഒരു സംവിധായകനാണെന്നും അതിന് ശേഷം ആവേശത്തിന്റെ സംവിധായകനുമായി കൈകോര്‍ക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പുതിയ സംവിധായകരുമായി കൈകോര്‍ക്കുമ്പോള്‍ താന്‍ ഒരുപാട് ശ്രദ്ധിക്കാറുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എല്ലാവര്‍ക്കും ഒരുപാട് പ്രതീക്ഷകളുണ്ടാകുമെന്നും ആ പ്രതീക്ഷ കാക്കുക എന്നത് വലിയ പാടാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. മലൈക്കോട്ടൈ വാലിബന്‍ അത്തരത്തില്‍ പലര്‍ക്കും പ്രതീക്ഷയുള്ള ചിത്രമായിരുന്നെന്നും എന്നാല്‍ ആ പ്രതീക്ഷ കാക്കാന്‍ വാലിബന് സാധിച്ചില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
നല്ലൊരു സിനിമയായിരുന്നു വാലിബനെന്നെന്നും എന്നാല്‍ പലരും പ്രതീക്ഷിച്ചതുപോലെ ആ സിനിമ എത്തിയില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പ്രേക്ഷകര്‍ക്കും സുഹൃത്തുക്കള്‍ക്കും അക്കാര്യത്തില്‍ ഒരുപാട് വിഷമമുണ്ടായെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരു സിനിമ പരാജയമായാല്‍ അതിന്റെ എല്ലാ ഭാരവും തന്റെ ചുമലിലാണ് വരാറുള്ളതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
‘പുതിയ സംവിധായകരില്‍ പലരും എന്റെയടുത്ത് കഥ പറയാന്‍ വരാറുണ്ട്. എന്നാല്‍ അതിലെല്ലാം പൊതുവായി കാണുന്ന ഒരു കാര്യമുണ്ട്. എല്ലാ കഥയിലും മോഹന്‍ലാല്‍ എന്ന വ്യക്തിയെ ഒരു സ്ഥലത്തെങ്കിലും കാണാന്‍ പറ്റും. നമുക്ക് അതല്ലല്ലോ വേണ്ടത്. ആ നടനെ കഥയില്‍ നിന്ന് തുടച്ചുനീക്കി കഥാപാത്രത്തെ മാത്രമല്ലേ വെക്കേണ്ടത്. എന്റെ അടുത്ത സിനിമയായ തുടരും പുതിയ ഒരു സംവിധായകന്റെ കൂടെയാണ്. അതിന് ശേഷം ഞാന്‍ ആവേശത്തിന്റെ സംവിധായകനുമായി സിനിമ ചെയ്യുന്നുണ്ട്.
പുതിയ സംവിധായകരുമായി സിനിമ ചെയ്യുമ്പോള്‍ ഒരുപാട് ശ്രദ്ധിക്കണം. കാരണം എല്ലാവരും ആ പ്രൊജക്ടില്‍ പ്രതീക്ഷ വെക്കും. മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമ പലര്‍ക്കും ഒരുപാട് പ്രതീക്ഷയുള്ള സിനിമയായിരുന്നു. നല്ലൊരു സിനിമയായിരുന്നു അത്. എന്നാലും പലരും പ്രതീക്ഷിച്ച രീതിയിലേക്ക് ആ ചിത്രം എത്തിയില്ല. ഒരു സിനിമ പരാജയപ്പെട്ടാല്‍ അതിന്റെ എല്ലാ ഭാരവും എന്റെ ചുമലിലായിരിക്കും. അതുകൊണ്ടാണ് ഞാന്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കുന്നത്,’ മോഹന്‍ലാല്‍ പറയുന്നു.
Content Highlight: Mohanalal about when he join hands with new directors