| Sunday, 29th August 2021, 1:58 pm

ബോളിവുഡില്‍ ഖലാസിയാകാന്‍ മോഹന്‍ലാല്‍; ശ്രീകുമാര്‍ മേനോനുമായി വീണ്ടും ഒന്നിക്കുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒന്‍പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡില്‍ അഭിനയിക്കാനൊരുങ്ങി മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. ഒടിയന്‍ സിനിമയുടെ സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും താരം ബോളിവുഡിലേക്ക് തിരിച്ചെത്തുക.

മാപ്പിള ഖലാസികളുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയും അഭിനയിക്കുമെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ പറയുന്നു.

ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. കൊങ്കണ്‍ റെയില്‍വേയുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന് ‘മിഷന്‍ കൊങ്കണ്‍’ എന്നായിരുന്നു ആദ്യം പേരിട്ടത്. പിന്നീട് മാറ്റുകയായിരുന്നു.

കപ്പല്‍ നിര്‍മാണശാലകളിലും തുറമുഖങ്ങളിലും പണിയെടുക്കുന്ന ഖലാസികളുടെ കഥ പറയുന്ന ചിത്രം കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ചത്. നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണനാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.

ഹോളിവുഡ് സാങ്കേതികപ്രവര്‍ത്തകരും സിനിമയുടെ അണിയറയിലുണ്ടാകും. താരനിര്‍ണയം പൂര്‍ത്തിയായി വരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബര്‍ പകുതിയോടുകൂടി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പ്രധാനമായും ഹിന്ദിയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ പതിപ്പുകള്‍ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഇറക്കുമെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ബ്രോ ഡാഡി’യിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ശേഷം സെപ്റ്റംബര്‍ 6ന് ’12th മാന്‍’ എന്ന സിനിമയുടെ ഭാഗമാകും. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധാനം.

2002ല്‍ രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ‘കമ്പനി’യിലൂടെയായിരുന്നു മോഹന്‍ലാലിന്റെ ബോളിവുഡ് അരങ്ങേറ്റം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mohanal is set to act his next bollywood movie under V.A.Shrikumar Menon’s direction

We use cookies to give you the best possible experience. Learn more