മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മോഹന്‍ യാദവ്; ഉപമുഖ്യമന്ത്രിമാരായി ജഗദീഷ് ദേവ്റയും രാജേഷ് ശുക്ലയും
Madhyapradesh
മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മോഹന്‍ യാദവ്; ഉപമുഖ്യമന്ത്രിമാരായി ജഗദീഷ് ദേവ്റയും രാജേഷ് ശുക്ലയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th December 2023, 5:48 pm

 

ഭോപ്പാല്‍: മധ്യപ്രദേശില്‍ മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രമുഖ ഒ.ബി.സി നേതാവുമായ മോഹന്‍ യാദവ് മുഖ്യമന്ത്രിയാകും. ദക്ഷിണ ഉജ്ജയിന്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായ മൂന്നാം തവണയാണ് മോഹന്‍ യാദവ് നിയമസഭയിലെത്തുന്നത്. ആദ്യമായി എം.എല്‍.എ സ്ഥാനത്തേക്ക് എത്തുന്നത് 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ്.

‘ഞാന്‍ പാര്‍ട്ടിയുടെ ഒരു ചെറിയ പ്രവര്‍ത്തകനാണ്. സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും എന്റെ നന്ദി അറിയിക്കുന്നു. നിങ്ങളുടെ സ്നേഹത്തോടും പിന്തുണയോടും കൂടി എന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ഞാന്‍ ശ്രമിക്കും,’ മോഹന്‍ യാദവ് പറഞ്ഞു.

മധ്യപ്രദേശ് നിയമസഭാ ഉപമുഖ്യമന്ത്രിമാരായി ജഗദീഷ് ദേവ്റയെയും രാജേഷ് ശുക്ലയെയും തെരഞ്ഞെടുത്തു. കൂടാതെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാജിവെച്ച കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിനെ പുതിയ നിയമസഭാ സ്പീക്കറായി നിയമിച്ചു.

പരിഗണനാ പട്ടികയില്‍ ഇല്ലാതിരുന്ന മോഹന്‍ യാദവ് അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്നത്. മുഖ്യമന്ത്രി ചര്‍ച്ചകളുടെ ആദ്യഘട്ടം മുതല്‍ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ കാര്യമായ രീതിയില്‍ പരിഗണിച്ചിട്ടില്ല. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് കൂടിയായ ചൗഹാന്‍ നാല് തവണ മുഖ്യമന്ത്രിയായിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ യാദവ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയെ ബി.ജെ.പി കേന്ദ്ര നേതൃത്വം നിയോഗിച്ചിരുന്നു. തെലങ്കാന മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് രേവന്ത റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Content Highlight: Mohan Yadav to be the Chief Minister of Madhya Pradesh