| Sunday, 23rd June 2024, 3:49 pm

റെക്കോഡും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ദാസ് സാറിന്റെ കോൾ വന്നത്, ഒടുവിൽ എനിക്ക് എം.ജി.യെ മാറ്റേണ്ടി വന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു കാലത്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗാനങ്ങൾ ഒരുക്കിയ സംഗീതസംവിധായകനായിരുന്നു മോഹൻ സിതാര. സംഗീത മേഖലയിൽ ഇപ്പോൾ അധികം സജീവമല്ലെങ്കിലും താൻ ചിട്ടപ്പെടുത്തിയ പഴയ ഗാനങ്ങളെ കുറിച്ച് വാചാലനാവുകയാണ് അദ്ദേഹം. പണ്ട് ഒരു സിനിമക്ക് വേണ്ടി പാട്ട് പാടിപ്പിച്ച ആളെ പിന്നീട് മാറ്റേണ്ടി വന്ന അവസ്ഥയെ കുറിച്ച് പറയുകയാണ് മോഹൻ സിതാര. സൈന സൗത്ത് പ്ലസിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Also Read: ആ രണ്ട് ചിത്രങ്ങളും അടുപ്പിച്ച് റിലീസായിട്ടും സ്വീകരിക്കപ്പെട്ടത് അവന്റെ എഴുത്തിന്റെ ബ്രില്യൻസ് കൊണ്ടാണ്: ബിജു മേനോൻ

ദിനേശ് ബാബുവിന്റെ മഴവില്ല് എന്ന സിനിമക്ക് വേണ്ടി മോഹൻ സിതാര ചിട്ടപ്പെടുത്തിയ ശിവദം ശിവനാമം എന്ന ഗാനം ആദ്യം പാടിപ്പിച്ചത് എം.ജി ശ്രീകുമാറിനെ കൊണ്ടായിരുന്നു. എന്നാൽ പിന്നീട് എം.ജി ശ്രീകുമാറിനെ മാറ്റേണ്ടി വന്ന അവസ്ഥയെ കുറിച്ച് ഓർക്കുകയാണ് അദ്ദേഹം.

‘അതിമനോഹരമായി കൈതപ്രം എഴുതിയ ഒരു ഗാനമായിരുന്നു ‘ശിവദം ശിവ നാമം’ എന്നത്. ഈ ഗാനം പാടാൻ ഞാൻ ആലോചിച്ചത് യേശുദാസിനെ വെച്ചായിരുന്നു. സത്യം പറഞ്ഞാൽ മ്യൂസിക്കിനൊക്കെ അപ്പുറത്ത് കൈതപ്രം എഴുതിയത് കൊണ്ട് തന്നെ അത്ര മനോഹരമായിരുന്നു ആ പാട്ട്.

അത്രക്ക് ആസ്വദിച്ചാണ് ആ വർക്ക് ചെയ്തത്. എന്നാൽ യേശുദാസിനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, മോനെ എനിക്ക് ഭയങ്കര തിരക്കാണ്. ഒരാഴ്ച കഴിഞ്ഞേ ഫ്രീയാകു എന്നാണ്. പക്ഷെ ദിനേശിനാണെങ്കിൽ ഷൂട്ടിന് സമയം ആവുകയും ചെയ്തു. ഷൂട്ടിൽ പാട്ടിന്റെ ലിപ് മൂവ്മെന്റ് ഉണ്ടായിരുന്നത് കൊണ്ട് തന്നെ പാട്ട് എത്രയും വേഗം തന്നെ റെക്കോഡ് ചെയ്യണമായിരുന്നു. അങ്ങനെയാണ് എം.ജിയെ കൊണ്ട് പാടിപ്പിച്ചത്. അങ്ങനെ ശ്രീക്കുട്ടൻ അത് പാടി. ഭയങ്കര രസായിട്ട് തന്നെ ശ്രീക്കുട്ടൻ അത് പാടുകയും ചെയ്തു.

പക്ഷെ വിഷമിച്ചു പോയത് അവിടെയൊന്നുമല്ല, പാട്ടിന്റെ റെക്കോർഡും കഴിഞ്ഞ് പുറത്തുവരുമ്പോഴുണ്ട് ഒരു ഫോൺ കോൾ വരുന്നു. എടാ ഇത് ഞാനാ എന്ന് പറഞ്ഞ് വന്ന ഫോൺ കോൾ ദാസേട്ടന്റെ ആയിരുന്നു. എടാ നീ ഫ്രീയാണോ, നമുക്ക് പാടാം എന്നായിരുന്നു ദാസേട്ടൻ പറഞ്ഞത്. ഞാൻ സത്യത്തിൽ എന്താ ചെയ്യണ്ടേ എന്ന് അറിയാത്ത അവസ്ഥയായി. ഒരു പിടിയും കിട്ടാത്ത അവസ്ഥയായിരുന്നു. പിന്നീട് ശ്രീകുട്ടൻ പാടിയ ആ ട്രാക്ക് മാറ്റി ദാസ് സർ പാടുകയായിരുന്നു. എനിക്കൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു അത്. ശ്രീ കുട്ടനും അതറിയാം,’ മോഹൻ സിതാര പറഞ്ഞു.

Content Highlight: Mohan sithara talk about mazavillu movie song

We use cookies to give you the best possible experience. Learn more