മലയാളികള്‍ക്കിടയില്‍ അണ്ടര്‍റേറ്റഡായിപ്പോയിട്ടുള്ള സംഗീത സംവിധായകരിലൊരാളാണ് മോഹന്‍ സിതാര. ജോണ്‍സണ്‍ മാഷിന്റെ അസിസ്റ്റന്റായി കരിയര്‍ തുടങ്ങിയ ആളാണ് മോഹന്‍ സിതാര. ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയിലൂടെ സംഗീത സംവിധാനം ആരംഭിച്ച മോഹന്‍ സിതാര 50ലധികം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. 2009ല്‍ സൂഫി പറഞ്ഞ കഥ എന്ന ചിത്രത്തിലെ സംഗീതത്തിന് സംസ്ഥാന അവാര്‍ഡും ലഭിച്ചു.
തന്റെ കരിയറിലെ മറക്കാനാവാത്ത റെക്കോര്‍ഡിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മോഹന്‍ സിതാര. അടുപ്പിച്ച് രണ്ട് സിനിമകളുടെ റെക്കോഡിങ് ഒരേ സമയം തന്നെ ചെയ്തുതീര്‍ത്തുവെന്നും വിശ്രമമില്ലാത്ത പണിയായതുകൊണ്ട് സ്റ്റുഡിയോയില്‍ ബോധം കെട്ടുവീണിട്ടുണ്ടെന്നും മോഹന്‍ സിതാര പറഞ്ഞു.
വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും സിനിമയുലെ ആലിലക്കണ്ണാ എന്ന പാട്ട് യേശുദാസിനെക്കൊണ്ട് റെക്കോഡ് ചെയ്യിച്ചപ്പോഴാണ് ഈ അനുഭവം ഉണ്ടായതെന്നും മോഹന്‍ സിതാര പറഞ്ഞു. യേശുദാസ് പാടിക്കൊണ്ടിരുന്നപ്പോള്‍ തന്റെ കണ്ണില്‍ ഇരുട്ട് കയറുകയും ബോധം കെട്ടുവീണത് കണ്ട് യേശുദാസ് പാട്ട് നിര്‍ത്തി ഓടിവന്നെന്നും മോഹന്‍ സിതാര കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ സിതാര ഇക്കാര്യം പറഞ്ഞത്.
‘പണ്ടൊക്കെ രണ്ട് സിനിമയുടെ കമ്പോസിങ് ഒരേസമയം ചെയ്തിട്ടുണ്ടായിരുന്നു. എല്ലാ പാട്ടുകളും അടുപ്പിച്ച് റെക്കോഡ് ചെയ്ത ശേഷം റെസ്‌റ്റെഡുക്കലായിരുന്നു ശീലം. അങ്ങനെയുള്ളപ്പോള്‍ ഉറക്കവും ഭക്ഷണവുമെല്ലാം കണക്കായിരുന്നു. ഒരുതവണ, സ്റ്റുഡിയോയുടെ പുറത്തേക്ക് പോലും പോവാന്‍ പറ്റാതെ 48 മണിക്കൂര്‍ തുടര്‍ച്ചയായി റെക്കോഡിങ് ഉണ്ടായിരുന്നു.
ആ സമയത്ത് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ റെക്കോഡിങ് നടക്കുകയായിരുന്നു. ‘ആലിലക്കണ്ണാ’ എന്ന പാട്ട് പാടാന്‍ വേണ്ടി ദാസേട്ടന്‍ വന്നു. പുള്ളി റെക്കോഡിങ് റൂമില്‍ കേറി പാടാന്‍ തുടങ്ങി. പുറത്തുനിന്ന് ഞാന്‍ ഇന്‍സ്ട്രക്ഷന്‍സ് പറയുന്നതിനിടയില്‍ എന്റെ നാവ് കുഴയുന്നത് പുള്ളി ശ്രദ്ധിച്ചു. ഞാന്‍ ബോധം കെട്ട് വീണതും ദാസേട്ടന്‍ ഓടിവന്ന് എന്നെ ടേബിളില്‍ കിടത്തി, ഡോക്ടറെ വിളിച്ച് ശരിയാക്കി. അതൊക്കെയാണ് മറക്കാന്‍ പറ്റാത്ത ഓര്‍മകള്‍,’ മോഹന്‍ സിതാര പറഞ്ഞു.
Content Highlight: Mohan Sithara shares the recording experience with K J Yesudas