മലയാളികള്‍ക്കിടയില്‍ അണ്ടര്‍റേറ്റഡായിപ്പോയിട്ടുള്ള സംഗീത സംവിധായകരിലൊരാളാണ് മോഹന്‍ സിതാര. ജോണ്‍സണ്‍ മാഷിന്റെ അസിസ്റ്റന്റായി കരിയര്‍ തുടങ്ങിയ ആളാണ് മോഹന്‍ സിതാര. ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയിലൂടെ സംഗീത സംവിധാനം ആരംഭിച്ച മോഹന്‍ സിതാര 50ലധികം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. 2009ല്‍ സൂഫി പറഞ്ഞ കഥ എന്ന ചിത്രത്തിലെ സംഗീതത്തിന് സംസ്ഥാന അവാര്‍ഡും ലഭിച്ചു.
കരിയറില്‍ ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ മോഹന്‍ സിതാരയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് 2000ല്‍ പുറത്തിറങ്ങിയ ജോക്കര്‍. ലോഹിതദാസ് അണിയിച്ചൊരുക്കിയ ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പലരുടെയും പ്ലേ ലിസ്റ്റ് ഭരിക്കുന്നവയാണ്. ചിത്രത്തില്‍ യേശുദാസ് ആലപിച്ച കണ്ണീര്‍ മഴയത്ത് എന്ന ഗാനത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് മോഹന്‍ സിതാര.
സര്‍ക്കസിലെ പ്രകടനങ്ങള്‍ക്കിടയില്‍ കാണിക്കുന്ന പാട്ടായതുകൊണ്ട് സര്‍ക്കസിലെ ഇന്‍സ്ട്രുമെന്റ്‌സ് ഏതൊക്കെയാണെന്ന് അറിയാന്‍ വേണ്ടി താന്‍ ഒരു സര്‍ക്കസ് കാണാന്‍ പോയിരുന്നെന്നും അവര്‍ ഓരോ ഇന്‍സ്ട്രുമെന്റും ഉപയോഗിക്കുന്ന രീതി കണ്ടിട്ടാണ് ആ പാട്ട് കമ്പോസ് ചെയ്തതെന്നും മോഹന്‍ സിതാര കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസ്സിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ സിതാര ഇക്കാര്യം പറഞ്ഞത്.
‘ജോക്കര്‍ എന്ന സിനിമയിലെ പാട്ടുകളെല്ലാം അതുവരെ ചെയ്തതില്‍ നിന്ന് കുറച്ച് വ്യത്യസ്തമായിരുന്നു. സര്‍ക്കസ് കൂടാരത്തിന്റെ കഥ പറയുന്ന സിനിമയിലെ പാട്ടുകള്‍ക്കും ഏറെക്കുറെ അതിന്റെ മൂഡ് വേണമെന്ന് ലോഹി എന്നോട് പറഞ്ഞിരുന്നു. കണ്ണീര്‍ മഴയത്ത് എന്ന പാട്ടിന്റെ കമ്പോസിങ് സമയത്ത് കുന്നംകുളത്ത് ഒരു സര്‍ക്കസ് നടക്കുന്നുണ്ടായിരുന്നു. ഞാന്‍ അത് കാണാന്‍ പോയി.
പോയതിന്റെ പ്രധാന ഉദ്ദേശം എന്തായിരുന്നെന്ന് വെച്ചാല്‍, സര്‍ക്കസില്‍ ഏതൊക്കെ ഇന്‍സ്ട്രുമെന്റാണ് ഉപയോഗിക്കുന്നത് എന്ന് അറിയാനായിരുന്നു. ആ സര്‍ക്കസില്‍ അവര്‍ ഒരുപാട് മ്യൂസിക് ഇന്‍സ്ട്രുമെന്റ് പല സ്ഥലത്തായി ഉപയോഗിക്കുന്നുണ്ടായിരുന്നു. അത് റഫറന്‍സാക്കിയാണ് കണ്ണീര്‍ മഴയത്ത് എന്ന പാട്ടിലെ സാക്‌സോഫോണ്‍ പോര്‍ഷന്‍സ് പാട്ടിലേക്ക് ചേര്‍ത്തത്,’ മോഹന്‍ സിതാര പറഞ്ഞു.
Content Highlight: Mohan Sithara about Kannner Mazhayath song in Joker movie