മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരുപാട് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് മോഹന്‍ സിതാര. ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയിലൂടെ സംഗീത സംവിധാനം ആരംഭിച്ച മോഹന്‍ സിതാര 50ലധികം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. 2009ല്‍ സൂഫി പറഞ്ഞ കഥ എന്ന ചിത്രത്തിലെ സംഗീതത്തിന് സംസ്ഥാന അവാര്‍ഡും ലഭിച്ചു.
മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തന്മാത്ര. ചിത്രത്തിന് സംഗീതം നല്‍കിയത് മോഹന്‍ സിതാരയായിരുന്നു. സിനിമയില്‍ മോഹന്‍ലാല്‍ പാടിയ ‘ഇതളൂര്‍ന്നു വീണ’ എന്ന ഗാനത്തെക്കുറിച്ചുള്ള ഓര്‍മകള്‍ മോഹന്‍ സിതാര പങ്കുവെച്ചു.
ആ പാട്ട് മോഹന്‍ലാല്‍ ആദ്യമായി പാടിയത് കേട്ടപ്പോള്‍ തനിക്ക് ആവറേജായാണ് തോന്നിയതെന്നും എന്നാല്‍ സിനിമയില്‍ മോഹന്‍ലാല്‍ പാടുന്ന സീന്‍ കണ്ടപ്പോള്‍ തന്റെ ഉള്ളില്‍ അത് വിങ്ങലുണ്ടാക്കിയെന്നും മോഹന്‍ സിതാര പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ സിതാര ഇക്കാര്യം പറഞ്ഞത്.
‘ചില പാട്ടുകള്‍ ആ സിനിമയിലെ ആര്‍ട്ടിസ്റ്റുകള്‍ തന്നെ പാടുമ്പോള്‍ ഒരു പ്രത്യേക ഫീലാണ്. അവരുടെ വോയിസില്‍ കേള്‍ക്കുമ്പോള്‍ കുറച്ചുകൂടെ ഇഫക്ടുണ്ടാകും. ബ്ലെസിയുടെ തന്മാത്രയില്‍ ഒരു പാട്ട് മോഹന്‍ലാല്‍ പാടിയിട്ടുണ്ട്. അതേ പാട്ട് ജയചന്ദ്രന്‍ പാടിയ വേര്‍ഷനുമുണ്ട്. ജയേട്ടന്‍ ആ പാട്ട് അസ്സലായിട്ടാണ് പാടിയിട്ടുള്ളത്.
മോഹന്‍ലാല്‍ പാടിയത് കേട്ടപ്പോള്‍ എനിക്ക് ആവറേജായേ തോന്നിയുള്ളൂ. പക്ഷേ സിനിമയില്‍ പാടുന്ന സീന്‍ കണ്ടപ്പോള്‍ എന്റെയുള്ളില്‍ ഒരു വിങ്ങലുണ്ടായി. ഓര്‍മ നഷ്ടപ്പെട്ട് വിറച്ച ശബ്ദത്തില്‍ പാടുന്നത് കാണുമ്പോള്‍ നമ്മള്‍ അറിയാതെ കരഞ്ഞുപോകും. എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിലൊന്നാണ് അത്,’ മോഹന്‍ സിതാര പറഞ്ഞു.
Content Highlight: Mohan Sithara about Ithaloornu veena Song in Thanmathra movie