കൊച്ചി: ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നടിമാര്‍ നല്‍കിയ കത്തില്‍ A.M.M.A എക്‌സിക്യൂട്ടീവിന് നടപടിയെടുക്കാനാവില്ലെന്ന് A.M.M.A പ്രസിഡന്റ് മോഹന്‍ലാല്‍. എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും ജനറല്‍ബോഡി വരെ കാത്തിരിക്കണമെന്നും ലാല്‍ പറഞ്ഞു. ഇക്കാര്യം കത്ത് തന്ന നടിമാരെ രേഖാമൂലം അറിയിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ജറല്‍ബോഡി എടുത്ത ഒരു തീരുമാനത്തില്‍ എക്‌സിക്യൂട്ടീവിന് തീരുമാനമെടുക്കാനാവില്ല. അതുകൊണ്ട് പൊതുയോഗം വരെ കാത്തിരിക്കണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നിലവില്‍ ഉടനടി ജനറല്‍ ബോഡി വിളിക്കുന്നതും അത്ര പ്രായോഗികമല്ല കാരണം മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലെ പെട്ടെന്ന് വിളിച്ചു ചേര്‍ക്കാനാവുകയുള്ളൂ. നടിമാര്‍ നല്‍കിയ കത്തില്‍ ജനറല്‍ബോഡി കൂടുന്നത് വരെ ഒരുവര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന സൂചനയാണ് മോഹന്‍ലാലിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങളായ രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവര്‍ നല്‍കിയ കത്ത് ഇന്നത്തെ എക്സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ദിലീപുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടിമാര്‍ മൂന്നാമതും സംഘടനയ്ക്ക് കത്ത് നല്‍കിയിരുന്നു. തങ്ങള്‍ സംഘടനയില്‍ വച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഉടന്‍ മറുപടി വേണമെന്ന് ആവശ്യപ്പെട്ട് രേവതിയാണ് കഴിഞ്ഞ ദിവസം കത്തു നല്‍കിയത്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം അറിയിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.