| Friday, 27th January 2023, 11:16 am

ഡോ.സണ്ണി ആകാനുള്ള ഒറ്റയാള്‍ പോരാട്ടം, ആനിമേഷന്‍ സിനിമയാകുന്ന മോഹന്‍ലാലിന്റെ 'എലോണ്‍'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാജി കൈലാസ് സംവിധാനം ചെയ്ത് ജനുവരി 26ന് തീയറ്ററുകളിലെത്തിയ സിനിമയാണ് എലോണ്‍. മോഹന്‍ലാല്‍ നായകനായെത്തിയ സിനിമ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ഒരു ഫ്‌ളാറ്റിനുള്ളില്‍ ഒറ്റക്കായി പോകുന്ന കാളിദാസന്‍ എന്ന വ്യക്തിയിലൂടെയാണ് സഞ്ചരിക്കുന്നത്. ‘ലോക്ക് ഡൗണില്‍ ഒരാള്‍ ഫളാറ്റിനുള്ളില്‍ ഒറ്റക്കായി പോകുന്നു’ എന്നതിനപ്പുറത്തേക്ക് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പാകത്തില്‍ സിനിമയില്‍ ഒന്നും തന്നെയില്ല.

സ്‌ക്രീനില്‍ മോഹന്‍ലാലിനെ മാത്രമാണ് നമുക്ക് കാണാന്‍ കഴിയുക. താരത്തിന്റെ ഒറ്റയാള്‍ പോരാട്ടം എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ ആ പോരാട്ടം ഒരു പരിധിവരെ പരാജയപ്പെടുകയും ചെയ്യുന്നു. ഒട്ടും അപ്‌ഡേറ്റഡല്ലാത്ത ഒരു സിനിമാ അനുഭവമാണ് യഥാര്‍ത്ഥത്തില്‍ എലോണ്‍. തിരക്കഥയിലെയും സംവിധാനത്തിലെയും പാളിച്ചകള്‍ മാത്രമല്ല ടെക്‌നിക്കലിയും സിനിമ ചിലയിടത്തൊക്കെ പാളുന്നുണ്ട്.

സിനിമയിലെ നായകനായി എത്തിയ മോഹന്‍ലാലിന്റെ പ്രകടനം അത്യുഗ്രനാണെന്നൊന്നും പറയാന്‍ സാധിക്കില്ല. എന്നാല്‍ ചില സന്ദര്‍ഭങ്ങളിലെ അദ്ദേഹത്തിന്റെ മൈനൂട്ടായിട്ടുള്ള ചില എക്‌സ്പ്രഷനുകള്‍ സ്‌ക്രീനില്‍ കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു.

സ്‌ക്രീനില്‍ മോഹന്‍ലാലിനെ മാത്രം കാണുമ്പോഴും പൃഥ്വിരാജ്, മഞ്ജു വാര്യര്‍, മല്ലിക സുകുമാരന്‍ തുടങ്ങിയവര്‍ ശബ്ദത്തിലൂടെ സിനിമയുടെ ഭാഗമാകുന്നുണ്ട്. വളരെ പ്രഡിക്റ്റബിള്‍ ആയിട്ടുള്ള ഒരു കഥാ സന്ദര്‍ഭമാണ് സിനിമക്കുള്ളത്. അതുകൊണ്ടുതന്നെ ഫോണ്‍കോളിലൂടെ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങള്‍ക്ക് എന്താണ് സിനിമയില്‍ ചെയ്യാനുള്ളതെന്ന് പ്രേക്ഷകന് വളരെ നേരത്തെ തന്നെ മനസ്സിലാകും.

ചില സന്ദര്‍ഭങ്ങളില്‍ ഒരു ആവശ്യവുമില്ലാതെ സിനിമ വലിച്ചു നീട്ടുന്നതായി തന്നെ തോന്നും. പതിനഞ്ചോ ഇരുപതോ മിനിറ്റ് മാത്രം വരുന്ന ഒരു ഷോര്‍ട്ട് ഫിലിമിന്റെ കഥയെ രണ്ടു മണിക്കൂര്‍ സിനിമയായി വലിച്ചു നീട്ടിയതാണോ എന്ന തോന്നലാണ് ബാക്കി നില്‍ക്കുന്നത്.

പഴയ മോഹന്‍ലാലിനെ മലയാളിക്ക് തിരിച്ച് നല്‍കാനുള്ള ശ്രമം ഇവിടെയും തുടരുന്നുണ്ട്. ചില സീനുകളില്‍ മോഹന്‍ലാല്‍ മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയെ ഇമിറ്റേറ്റ് ചെയ്യുന്നതുപോലെ പ്രേക്ഷകര്‍ക്ക് തോന്നും. ഇങ്ങനെയൊക്കെ വരുമ്പോള്‍ നായക കഥാപാത്രത്തിന് ഓവര്‍ ആക്ട് ചെയ്യേണ്ടിവരുന്നു. യഥാര്‍ത്ഥത്തില്‍ ഈ ശ്രമങ്ങള്‍ ഒരു കല്ലുകടിയായി തന്നെ അനുഭവപ്പെട്ടു. സിനിമയില്‍ ശബ്ദം മാത്രം നല്‍കിയിരിക്കുന്ന പൃഥ്വിരാജ് സുകുമാരന്റെ തിരുവനന്തപുരം സ്ലാങ്ങ് വളരെ കണ്‍വീന്‍സിങ്ങായിരുന്നു എന്നത് സിനിമയുടെ ഒരു പോസിറ്റീവ് വശമാണ്.

സിനിമ ഒരു പരിധി കഴിയുമ്പോള്‍ നമ്മള്‍ കാണുന്നത് ഒരു ആനിമേഷന്‍ ചിത്രമാണോ എന്ന സംശയവും വരും. നായകന്റെ പ്രകടനവും ദുരന്തമായ വി.എഫ്.എക്‌സും പൂമ്പാറ്റ പറക്കുന്ന ആനിമേഷനുക്കെ ഈ സംശയം ബലപ്പെടുത്തും. ഒരു പരിധി വരെ സിനിമയില്‍ പ്രേക്ഷകനെ പിടിച്ചുനിര്‍ത്തുന്നത് സ്‌ക്രീനില്‍ നില്‍ക്കുന്ന മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയുടെ പ്രസന്‍സ് ഒന്നുകൊണ്ടുമാത്രമാണ്.

content highlight: mohan lal new character kalidasan imitate dr.sunny

We use cookies to give you the best possible experience. Learn more