| Monday, 2nd February 2015, 8:19 pm

ലാലിസം: പണം തിരിച്ച് നല്‍കാമെന്ന് മോഹന്‍ ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരുവനന്തപുരം: ലാലിസത്തിനേറ്റ കടുത്ത വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ പരിപാടിക്കായി കൈപറ്റിയ പണം തിരികെ നല്‍കുമെന്ന് മോഹന്‍ലാല്‍. ഇ മെയില്‍ വഴിയാണ് മോഹന്‍ലാല്‍ ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചത്. ദേശീയ ഗെയിംസ് ഉദ്ഘാടന വേളയില്‍ പരിപാടി അവതരിപ്പിക്കുന്നതിനായി 1.6 കോടിയാണ് സര്‍ക്കാര്‍ ബാന്‍ഡിന് നല്‍കിയിരുന്നത്.

അതേ സമയം വിവാദങ്ങളോട് മോഹന്‍ലാല്‍ തന്നെ പ്രതികരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും പരിപാടി ടെക്‌നിക്കല്‍ കമ്മിറ്റിയിലാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിക്കെതിരെ കടുത്ത വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നത്. ലാലിസം മോശമായെന്നും ഗെയിംസ് നടത്തിപ്പില്‍ അഴിമതി നടന്നതായും പി.സി ജോര്‍ജ് ആരോപിച്ചിരുന്നു. ഇത് കൂടാതെ കെ. മുരളീധരന്‍ എം.എല്‍.എ, കോടിയേരി ബാലകൃഷ്ണന്‍, വി. ശിവന്‍ കുട്ടി എം.എല്‍എ തുടങ്ങിയവരെല്ലാം തന്നെ കടുത്ത വിമര്‍ശനമാണ് മോഹന്‍ലാലിനെതിരെ ഉയര്‍ത്തിയിരുന്നത്.

ഗെയിംസ് ഉദ്ഘാടനവേദിയിലെ ലാലിസം ബാന്‍ഡിന്റെ പരിപാടി പാളിയതോടെ സോഷ്യല്‍ മീഡിയകളിലും ലാലിസത്തിനെതിരെ കനത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. നേരത്തെ റെക്കോര്‍ഡ് ചെയ്തവതരിപ്പിച്ച പ്രകടനങ്ങളില്‍ ശബ്ദവും ചുണ്ടനക്കവും വേറിട്ട് നിന്നതും പരിപാടികളില്‍ വലിയ ഇടവേളകള്‍ വന്നതും പുതുമയില്ലാത്ത അവതരണവുമെല്ലാം കാണികളെ ശരിക്കും അലോസരപ്പെടുത്തുകയായിരുന്നു.

We use cookies to give you the best possible experience. Learn more