| Monday, 11th November 2024, 11:00 am

മോഹന്‍ലാലിന്റെ സഹായിയായി അഭിനയിക്കാന്‍ അന്നത്തെ ആ രണ്ട് നടന്മാരും തയാറായില്ല: മോഹന്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് മോഹന്‍ ജോസ്. ഭരതന്‍ സംവിധാനം ചെയ്ത ചാമരത്തിലൂടെയാണ് മോഹന്‍ ജോസ് സിനിമാജീവതം ആരംഭിച്ചത്. ജോഷി സംവിധാനം ചെയ്ത ലേലത്തിലെ കീരി വാസവന്‍ എന്ന കഥാപാത്രം മോഹന് കൂടുതല്‍ മൈലേജ് നല്‍കി. കരിയറിന്റെ തുടക്കത്തില്‍ മോഹന്‍ ജോസിന് ലഭിച്ച മികച്ച വേഷങ്ങളിലൊന്നായിരുന്നു രാജാവിന്റെ മകനിലെ കഥാപാത്രം.

മോഹന്‍ലാല്‍ അവതരിപ്പിച്ച വിന്‍സന്റ് ഗോമസിന്റെ സഹായിയായാണ് മോഹന്‍ ജോസ് വേഷമിട്ടത്. ചിത്രത്തിലേക്ക് താനെത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ ജോസ്. ആദ്യം ഒരാള്‍ മാത്രമാണ് വിന്‍സന്റ് ഗോമസിന്റെ സഹായിയായി ഉണ്ടായിരുന്നതെന്നും ആ വേഷം ചെയ്യാന്‍ അന്ന് തിളങ്ങി നിന്നിരുന്ന രണ്ട് നടന്മാരെ ഡെന്നീസ് ജോസഫ് സമീപിച്ചിരുന്നെന്നും മോഹന്‍ ജോസ് പറഞ്ഞു.

എന്നാല്‍ മോഹന്‍ലാലിന്റെ സഹായിയായി അഭിനയിക്കാന്‍ ആ രണ്ട് നടന്മാരും തയാറായിരുന്നില്ലെന്നും അതുകൊണ്ട് ആ കഥപാത്രത്തെ ഡെന്നിസ് ജോസഫ് രണ്ടുപേരായി മാറ്റിയെന്നും മോഹന്‍ ജോസ് കൂട്ടിച്ചേര്‍ത്തു. അതിലൊരാളായാണ് തന്നെ വിളിച്ചതെന്നും മറ്റൊരു സഹായിയായി സുരേഷ് ഗോപിയും എത്തിയെന്ന് മോഹന്‍ ജോസ് പറഞ്ഞു.

ആ സിനിമയിലൂടെയാണ് താന്‍ ഡെന്നിസിനെ പരിചയപ്പെട്ടതെന്നും പിന്നീട് വളരെ നല്ലൊരു സൗഹൃദം തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നെന്നും മോഹന്‍ ജോസ് കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു മോഹന്‍ ജോസ്.

‘കരിയറിന്റെ തുടക്കത്തില്‍ എനിക്ക് നല്ലൊരു വേഷം കിട്ടിയത് രാജാവിന്റെ മകനിലാണ്. എന്നെ ആ പടത്തിലേക്ക് എന്നെ വിളിച്ചത് ഡെന്നിസായിരുന്നു. സത്യം പറഞ്ഞാല്‍ ആ പടത്തില്‍ വിന്‍സന്റെ ഗോമസിന്റെ അസിസ്റ്റന്റായി ഒരാള്‍ മാത്രമേ ഉള്ളൂ എന്നാണ് സ്‌ക്രിപ്റ്റില്‍ എഴുതിയിരുന്നത്. ആ വേഷം ചെയ്യാന്‍ അന്ന് മുന്‍നിരയില്‍ ഉണ്ടായിരുന്ന രണ്ട് നടന്മാരെ സമീപിച്ചു. പക്ഷേ നായകന്റെ അസിസ്റ്റന്റായി അഭിനയിക്കാന്‍ താത്പര്യമില്ലെന്നാണ് അവര്‍ പറഞ്ഞത്.

പിന്നീട് എന്തുചെയ്യും എന്ന ചോദ്യം വന്നപ്പോള്‍ ഡെന്നിസാണ് പറഞ്ഞത് ‘നമുക്ക് ഈ ക്യാരക്ടറിനെ രണ്ടാക്കാം. രണ്ട് നടന്മാര്‍ ഈ വേഷം ചെയ്യട്ടെ’ എന്ന്. അങ്ങനെ ആ ക്യരക്ടറിനെ രണ്ടുപേരാക്കി. അതില്‍ ഒരാളായി എന്നെയും മറ്റേ ആളായി സുരേഷ് ഗോപിയെയും വിളിച്ചു. ആ സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞാന്‍ ഡെന്നിസുമായി സൗഹൃദത്തിലാകുന്നത്. പിന്നീടങ്ങോട്ട് 35 വര്‍ഷക്കാലം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി നിന്നു,’ മോഹന്‍ ജോസ് പറഞ്ഞു

Content Highlight: Mohan Jose shares the memories of Rajavinte Makan movie

We use cookies to give you the best possible experience. Learn more